ഹൈദരാബാദ്: ഇറങ്ങുംമുമ്പേ പ്രവചിക്കപ്പെട്ടിരുന്നതാണ് ബാഹുബലി രണ്ടാം ഭാഗത്തിനു മുന്നിൽ ഇന്ത്യൻ സിനിമയിലെ റിക്കാർഡുകളെല്ലാം വഴിമാറുമെന്ന്. ചിത്രം റിലീസ് ചെയ്ത് ഏഴു ദിവസം കൊണ്ടുതന്നെ ഇന്ത്യയിലെ ഏറ്റവും വലിയ പണംവാരിപ്പടമായി ബാഹുബലി2 മാറിയിരിക്കുന്നു. അമീർഖാൻ നായകനായ പികെ എന്ന ചിത്രത്തിനായിരുന്നു ഇതുവരെ ഏറ്റവും വലിയ പണംവാരിപ്പടമെന്ന റിക്കാർഡ്.

 

ബാഹുബലി രണ്ടാം ഭാഗം ആറു ദിവസം കൊണ്ട് നേടിയത് 792 കോടി രൂപയാണ്. പികെയുടെ ഇതുവരെയുള്ള ബോക്‌സ്ഓഫീസ് കലക്ഷൻ 742 കോടിയായിരുന്നു. നേരത്തെ ദംഗൽ നേടിയ 718 കോടി കലക്ഷൻ റെക്കോർഡും ബാഹുബലി 2 തകർത്തിരുന്നു.

ഓരോ ദിവസവും നൂറു കോടിക്കു മുകളിലാണ് ബാഹുബലിയുടെ കളക്ഷൻ. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിൽ നിന്നായി ചിത്രത്തിന് കിട്ടിയആഗോള കലക്ഷനാണ് 792 കോടി. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം വാരിയത് 624 കോടി.

ഈ റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ സിനിമയാണ് ബാഹുബലി 2. നേരത്തെ ബാഹുബലി (2015, ദംഗൽ എന്നീ സിനിമകൾ അഞ്ഞൂറുകോടി ക്ലബിൽ ഇടം നേടിയിരുന്നു. (ഇന്ത്യൻ കലക്ഷൻ മാത്രം). ഓവർസീസിലും ബാഹുബലി 2വിന് റെക്കോർഡ് ഉണ്ട്്. 168 കോടിയാണ് കലക്ഷൻ.

പികെ, ദംഗൽ എന്നീ സിനിമകൾ ഇത്രയധികം ഭാഷകളിൽ ഡബ്ബ് ചെയ്ത് പുറത്തുവന്നിട്ടില്ല. ബാഹുബലി 2വിന്റെ ഹിന്ദി പതിപ്പിന്റെ ആഗോള കലക്ഷൻ 375 കോടിയാണ്. പത്തുദിവസം കൊണ്ട് ചിത്രം ആയിരം കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.

ഏറ്റവും കൂടുതൽ പണം വാരിയ ഇന്ത്യൻ ചിത്രങ്ങൾ:

പി കെ - 743 കോടി

ദംഗൽ - 718 കോടി

ബാഹുബലി ദ് ബിഗിനിങ് - 650 കോടി

ബജ്റംഗി ഭായിജാൻ - 605 കോടി

ധൂം ത്രീ - 585 കോടി

സുൽത്താൻ - 584 കോടി

പ്രേം രതൻ ധൻ പായൊ - 432 കോടി

ചെന്നൈ എക്‌സ്പസ് - 423 കോടി

3 ഇഡിയറ്റ്സ് - 395 കോടി

ദിൽവാലേ - 394 കോടി

ബജിറാവോ മസ്താനി - 358 കോടി

കിക്ക് - 352 കോടി

കബാലി (തമിഴ്) - 350 കോടി

ഹാപ്പി ന്യൂഇയർ - 346 കോടി

യന്തിരൻ (തമിഴ്) - 289 കോടി