കൊച്ചി: സൂപ്പർ ഹിറ്റായ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ കേരളത്തിലെ വിതരണാവകാശം വിറ്റു പോയതു 11.45 കോടി രൂപയ്ക്ക്. ഗ്ലോബൽ യുണൈറ്റഡ് മീഡിയയാണു ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയത്.

പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള ഓഗസ്റ്റ് സിനിമാസും, ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസുമായിരുന്നു ചിത്രത്തിന്റെ കേരളാ വിതരണാവകാശം നേടാൻ മത്സരരംഗത്തുണ്ടായിരുന്നത്. എന്നാൽ ഇവരെ പിന്തള്ളിയാണ് ഗ്ലോബൽ യുണൈറ്റഡ് മീഡിയ വിതരണം സ്വന്തമാക്കിയത്.

കേരളത്തിൽ നിലവിലുള്ളതിൽ ഏറ്റവും ഉയർന്ന വിതരണാവകാശതുകയാണിത്. ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ വിതരണവും ഗ്ലോബൽ യുണൈറ്റഡ് മീഡിയ തന്നെയായിരുന്നു. ഇത് 4.5 കോടി രൂപയ്ക്കായിരുന്നു. എന്നാൽ, മലയാളം, തമിഴ്, തെലുങ്ക് പതിപ്പുകളുടെ ടെലിവിഷൻ സംപ്രേഷണാവകാശം സ്വന്തമാക്കിയതു സ്റ്റാർ ഇന്ത്യയാണ്. ഹിന്ദിയിൽ 51 കോടിക്ക് സോണിയും സംപ്രേഷണാവകാശം സ്വന്തമാക്കി.

ബാഹുബലി ദ കൺക്ലൂഷൻ എന്ന പേരിലാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. 2017 ഏപ്രിലിൽ ആണ് റിലീസ്. ചിത്രത്തിന്റെ ട്രെയിലർ ജനുവരിയിൽ പുറത്തിറങ്ങും. സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചതായി രാജമൗലി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. രണ്ട് ഗാനങ്ങളും ആക്ഷൻ സീക്വൻസുകളുമാണ് ഇനി ചിത്രീകരിക്കാനുള്ളതെന്നും അദേഹം അറിയിച്ചു.

നേരത്തെ, കുഞ്ചാക്കോ ബോബൻ നായകനായ ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി, വിനായകൻ-ദുൽഖർ സൽമാൻ ടീമിന്റെ കമ്മട്ടിപ്പാടം എന്നീ സിനിമകൾ ഗ്ലോബൽ യുണൈറ്റഡ് മീഡിയ നിർമ്മിച്ചിരുന്നു.