'ഗ്രാവിറ്റി' എന്ന ഹോളിവുഡ്ഡ് സിനിമയുടെ ബജറ്റിന്റെ അത്രയേവരൂ നമ്മുടെ ചാന്ദ്രയാൻ ദൗത്യത്തിനെന്ന് മുൻ ഐഎസ്ആർഒ ചെയർമാൻ പറഞ്ഞതാണ് എസ് എസ് രാജമൗലി ഒരുക്കിയ, 250 കോടിയിലേറെ ചെലവുള്ള ബ്രഹ്മാണ്ഡ ചിത്രം 'ബാഹുബലി' കണ്ടപ്പോൾ ഓർമ്മ വന്നത്. വിദേശരാജ്യങ്ങളിൽ വരുന്നതിന്റെ എത്രയോ ചെലവുകുറച്ച്, ഹോളിവുഡ്ഡിനോട് കിടപിടിക്കുന്ന രംഗങ്ങളുമായി സാങ്കേതിക വിസ്മയം ഒരുക്കിയ രാജമൗലി ഇന്ത്യയുടെ അഭിമാനമാവുകയാണ്.

യുദ്ധരംഗങ്ങൾ അടക്കമുള്ള പല ഭാഗങ്ങളിലും ഹോളിവുഡ്ഡിനെ വെല്ലുവിളിക്കാൻ ഒരു ഇന്ത്യൻ ചിത്രത്തിന് കഴിയുന്നുവെന്നതുതന്നെ നമ്മുടെ ചലച്ചിത്ര വിപണിയുടെ പുരോഗതിയുടെ ലക്ഷണമാണ്. മലയാളിയായ കലാസംവിധായകൻ സാബു സിറിളിനും, ക്യാമറാൻ സെന്തിൽകുമാറിനുമൊക്കെ അഭിമാനിക്കാം. ബെൻഹറും ഗ്‌ളാഡിയേറ്ററും മമ്മി റിട്ടേൺസും ലോർഡ് ഓഫ് ദ റിങ്ങ്‌സുമൊക്കെ കാണുന്ന അനുഭൂതിയുടെ ഒരു ഭാഗം, ഒരു ഇന്ത്യൻ ചിത്രത്തിൽനിന്ന് കിട്ടുമെന്ന് ഈ ലേഖകനൊന്നും സ്വപ്നം കണ്ടതല്ല. ആയിരംകോടിക്കുമേൽ ബജറ്റുള്ളവയാണ് ഒരു ശരാശരി ഹോളിവുഡ്ഡ്  ചിത്രമെന്നതും ഓർക്കണം.

പക്ഷേ അടിസ്ഥാനപരമായി ഒരു ഇന്ത്യൻ ചിത്രത്തിന്റെ പരിമിതികളിൽനിന്ന് ബാഹുബലിയും മുക്തമല്ല. പാട്ടും നൃത്തവും പ്രണയവുമൊക്കെയായി കലാപരമായി, വിമർശനബുദ്ധിയോടെ വിലയിരുത്തുമ്പോൾ ശരാശരിമാത്രം വരുന്ന സിനിമയാണിത്. സാങ്കേതിക മികവിനുള്ള ഡിസ്റ്റിങ്ങ്ഷൻ, കഥക്ക് മാർക്കിടുമ്പോൾ എത്തുമ്പോൾ സാദാ പാസുമാത്രം എന്നിടത്താണ് ബാഹുബലിയുടെ തട്ടുകേട്. പക്ഷേ ഒരുകാര്യം ഉറപ്പിച്ചു പറയാം. വിനോദം എന്ന ഒറ്റലക്ഷ്യംവച്ച് തീയേറ്റിൽപോവുന്ന ഒരു ആസ്വാദകന് കൊടുത്ത കാശ് നിർബന്ധമായും വസൂലാവുന്ന ചിത്രമാണിത്. ബാഹുബലി ഒന്നാമൻ നയിക്കുന്ന ഒറ്റയുദ്ധം തന്നെ കണ്ടാൽ മതി. എഴുതി കുളമാക്കുന്നില്ല. കാണാത്തവർ പോയി കാണുക.

നഷ്ടപ്പെട്ടുപോയ ഇന്ത്യൻ ഗ്‌ളാഡിയേറ്റർ

ഒരു ഈച്ചയുടെ പ്രതികാരത്തിന്റെ കഥപറഞ്ഞ് പ്രേക്ഷകനെ ഞെട്ടിച്ചയാളാണ് രാജമൗലി. ഈ വൺലൈൻ കേട്ടാൽ, ഇയാളുടെ തലക്ക് വല്ല കുഴപ്പവും ഉണ്ടോയെന്നായിരുന്നു ആദ്യം ചിന്തിച്ചുപോവുക. പക്ഷേ എത്ര വിശ്വസനീയമായ രീതിയിൽ മൗലിക്ക് അത് എടുക്കാൻ കഴിഞ്ഞു. പക്ഷേ അതുപോലൊരു പ്രമേയ വിസ്‌ഫോടനം നിങ്ങൾ ബാഹുബലിയിൽ പ്രതീക്ഷിച്ചാൽ നിരാശയാവും ഫലം. മഗധീരയിലും ഈച്ചയിലും കണ്ടതുപോലെ രണ്ടു ജന്മങ്ങളുടെ കഥയാണ് ബാഹുബലിയിയും. പിതാവും പുത്രനുമായി യുവ നടൻ പ്രഭാസ് ഈ വേഷത്തിൽ കസറുന്നുണ്ട്. നഷ്ടപ്പെട്ട രാജ്യവും, സഹോദരന്മാരുടെ ചതിയും, ജന്മഭൂമി തിരിച്ചുപടിക്കാനുള്ള യുദ്ധവുമൊക്കെയായി ഒരു ശരാശരി അമർ ചിത്രകഥയുടെ നിലവാരം മാത്രമേ ഈ ബ്രഹ്മാണ്ഡ സിനിമയുടെ കഥക്കുമുള്ളൂ. (അല്ലെങ്കിൽ യുദ്ധവും പ്രതികാരവുമില്ലെങ്കിൽ പിന്നെന്തായിരുന്നു രാജവംശങ്ങളുടെ കഥ. മക്കൾ ഒരുക്കിയ തടവറയിൽ കിടന്ന് മരിക്കാനായിരുന്നല്ലോ, പ്രമുഖരായ മുഗൾ രാജാക്കന്മാരുടെവരെ വിധി!)

പക്ഷേ ഇവിടെയും ചില വ്യത്യസ്തതകൾ മൗലി തന്നത് കാണാതെ പോകരുത്. രാജവാഴ്ചയെ പർവതീകരിക്കയും, എല്ലാ ജനകീയ ഭരണങ്ങൾക്കും അപ്പുറം മനുഷ്യത്വമുള്ളതുമായിരുന്നെന്ന് നമ്മുടെ ചില മുഖ്യധാര സംവിധായകർ പാടിപ്പുകഴ്‌ത്താൻ ശ്രമിക്കുന്നതിനെ ഈ ചിത്രം നിരാകരിക്കുന്നു. ആ രീതിയിൽ നോക്കുമ്പോൾ റിവൈവലിസത്തിന് എതിരായ ഒരു ട്രാക്ക് ബാഹുബലിയിൽ ശക്തമാണ്.അക്രമവും, കൊലയും, അടിമ വ്യവസ്ഥിതിയും കൃത്യമായി വരച്ചുകാട്ടുന്നതിലൂടെ ഇടക്കൊക്കെ അറിഞ്ഞോ അറിയാതെയോ  ആ ഫ്യൂഡൽ ഗൃഹാതുരത്വത്തിനു നേരെ  മൗലി കൊഞ്ഞനം കുത്തുന്നു.

ചിത്രത്തിൽ തമിഴ് നടൻ സത്യരാജ് ഉജ്വലമാക്കിയ കിട്ടപ്പയെന്ന കഥാപാത്രം, ഏല്ലാ കഴിവുകളും ഉണ്ടായിട്ടും അടിമയാണ്. തലമുറകൾ സൃഷ്ടിച്ച കെട്ടുപാടിൽ അയാൾ നിസ്സഹായനാണ്. ഒരിക്കൽ കുട്ടിയായ ബാഹുബലി ,തന്റെ അടുത്തുവന്ന് ഭക്ഷണംചോദിക്കുമ്പോൾപോലും അയാൾ അത്ഭുതം കൂറുകയാണ്. അതുപോലെതന്നെ ബാഹുബലി ഒന്നാമൻ മൃഗബലിയെ എതിർക്കുന്ന രംഗവും വേറിട്ടതായി. മിണ്ടാപ്രാണിയുടെ തലവെട്ടി കുരുതികൊടുത്ത് അങ്കത്തിനിറങ്ങാതെ, സ്വന്തം വിരൽ അൽപ്പം പോറി ചോര കാളിയുടെ മുഖത്തേക്ക് അയാൾ ചീറ്റുമ്പോൾ, ബാഹുബലി ഒരു വ്യവസ്ഥിതിക്കെതിരായ കലാപം കൂടിയാവുകയാണ്. എത്രപേരെ കൊന്നു എന്നതിലല്ല, എത്രപേരെ രക്ഷിച്ചു എന്നതിലാണ് ഒരു രാജാവിന്റെ മേന്മയെന്ന് രാജ്ഞി ( രമ്യ കൃഷ്ണൻ) പറയുന്നുണ്ട്. ബാഹുബലി ഒന്നാമന് കിരീടം കിട്ടുന്നതും അയാൾ ജനങ്ങളെ രക്ഷിച്ചുവെന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ്.

സത്യത്തിൽ വിഖ്യാത ഹോളിവുഡ്ഡ് ചിത്രം 'ഗ്‌ളാഡിയേറ്റർ' പോലെ വികസിപ്പിക്കാവുന്ന സ്വാതന്ത്ര്യസമരത്തിന്റെയും അതിജീവനപോരാട്ടത്തിന്റെയും ഒരു വശംകൂടി ബാഹുബലിക്കുണ്ട്. ഒന്നു രണ്ടു ഫ്രെയിമുകളിൽ രാജമൗലി അത് സൂചിപ്പിക്കുന്നുമുണ്ട്. അടിമകളിൽ ഒരാൾ ബാഹുബലി രണ്ടാമന്റെ മുഖം കണ്ട് അത്ഭുതം കൂറിആ പേര് ഏറ്റുപറയുന്നതും, തുടർന്ന് ബാഹുബലിയെന്നപേര് കൈമാറിക്കൈമാറി ജനങ്ങൾക്കിടയിൽ മുഴങ്ങുകയും ചെയ്യുന്ന ഒറ്റ ഷോട്ടിൽ മൗലി തന്റെ പ്രതിഭ തെളിയിക്കുന്നുണ്ട്. ഏകാധിപത്യം നിറഞ്ഞു നിൽക്കുന്ന ആ രാജ്യത്ത് ഉച്ചത്തിൽ മുഴങ്ങുന്ന ഒരു വിമത ശബ്ദം; അതും ആരും ആഹ്വാനം ചെയ്യാതെ! സമകാലീന ഇന്ത്യൻ രാഷ്ട്രീയ അവസ്ഥയെ അറിയാതെ ഓർത്തുപോയി.

തന്റെ അമ്മയെ സഹായിക്കാനായി ശിവലിംഗം മാറ്റി പ്രതിഷ്ഠിക്കുന്ന പ്രായോഗിക ബുദ്ധിയുള്ള വ്യക്തിയാണ് ബാഹുബലി രണ്ടാമൻ.  ആയിരംകുടംവെള്ളം ശിവലിംഗത്തിന്റെ നെറുകയിൽ ഒഴിച്ച് തന്റെ പോറ്റമ്മ തളരുന്നത് അയാൾക്ക് കണ്ടുനിൽക്കാൻ കഴിയുന്നില്ല. അപ്പോൾപിന്നെ ശിവലിംഗം കുത്തിയിളക്കിയെടുത്ത് വെള്ളച്ചാട്ടത്തിന് നടുവിൽ പ്രതിഷ്ടിക്കയാണ് ബാഹുബലി. ഇനി ഭഗവാന്റെ തല എത് നിമിഷവും തണുത്തിരിക്കുമല്ലോ! പിന്തിരപ്പൻ മൂല്യങ്ങളുടെയും വ്യവസ്ഥയടെയും സംരക്ഷകനാവാതെ, പലയിടത്തും ബാഹുബലി വിശാലമായ മാനവികതയുടെ കൊടിയടയാളമാകുന്നുണ്ട്. പക്ഷേ ആ ഒരു വീക്ഷണകോണിലേക്ക് സിനിമയെ മൊത്തമായി കൊണ്ടുവന്ന് ചരിത്രത്തിന്റെ പുനർവായണ നടത്താൻ മൗലിക്ക് കഴിയണമായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ മറ്റൊരു ഇന്ത്യൻ ഗ്‌ളാഡിയേറ്റർ ആയേനെ നമ്മുടെ ബാഹുബലി.

ക്ലൈമാക്സിൽ അർധവിരാമം!

എന്തൊക്കെപ്പറഞ്ഞാലും ചിത്രം തെലുങ്കായതിനാലും കഥ പൗരാണികമായതിനാലും കത്തിയെന്ന് നാം അധിക്ഷേപിക്കുന്ന അതിമാനുഷികതയുടെ അയ്യരുകളി മനസ്സിൽ പ്രതീക്ഷിച്ചുതന്നെയാണ് ചിത്രത്തിന് കയറിയത്.പക്ഷേ ഒരിടത്തും അതിഭീകരമായൊന്നും കത്തി ചേർത്തിട്ടില്ല. പ്രഭാസിന്റെ ( അടുത്ത ചിരംജീവിയാണ് ഈ യുവ നടൻ) അനിതസാധാരണമായ ശരീരഭാഷകൊണ്ട് പല അതിഭാവുകത്വ രംഗങ്ങളും സ്വാഭാവികമാവുന്നു.  ഉദാഹരണമായി ബാഹുബലി രണ്ടാമൻ ഒരു വലിയ ശിവലിംഗം ഒറ്റക്ക് കുത്തിയിളക്കി, മുതുകത്തുവച്ച് ഒരു വെള്ളച്ചാട്ടത്തിൽ കൊണ്ടുപോയിവെക്കുന്ന സീനുണ്ട് . പ്രഭാസിന്റെ ഊർജസ്വലതകൊണ്ടും മൗലിയുടെ ക്യാമറ ടെക്ക്‌നിക്ക്‌കൊണ്ടും ഒരു മലയുടെ കഷ്ണംപോലും ഈ വീരൻ ചുമക്കും എന്ന ധാരണ പ്രേക്ഷകരിലേക്ക് പ്രസരിക്കുന്നു! ബാഹുബലിയുടെ മുഷ്ടിയേറ്റ് വാൾത്തല അറ്റുപോവുന്നതുപോലുള്ള ഒന്നു രണ്ട് രംഗങ്ങൾമാത്രമാണ് അസ്വഭാവികമായി തോന്നിയത്.

പ്രഭാസും തമന്നയും തമ്മിലുള്ള പ്രേമകേളികളിലൊക്കെ അൽപ്പം ലാഗ് വരുന്നുണ്ടെങ്കിലും ഉടൻതന്നെ അത് തിരിച്ചുപിടിക്കുന്നുണ്ട്. രമ്യ കൃഷ്ണനും, നാസറും, സത്യരാജും, രോഹിണിയും ഉൾപ്പെടെയുള്ള താരനിരയിൽ ഭൂരിഭാഗംപേരും കണ്ടറിഞ്ഞ പ്രകടനമാണ് നടത്തിയത്. പശ്ചാത്തല സംഗീതം മികച്ചു നിന്നെങ്കിലും കീരവാണിയുടെ രണ്ട് ഗാനങ്ങളും നന്നായിട്ടില്ല. ഇതുപോലത്തെ ഒരു എപ്പിക്ക് സിനിമയുടെ മൂഡ് ഉണ്ടാക്കിയെടുക്കാൻ ഈ പാട്ടുകൾകൊണ്ട് കഴിഞ്ഞിട്ടില്ല.

പക്ഷേ സിനിമയുടെ കൈ്‌ളമാക്‌സിൽ എത്തുമ്പോൾ കഥ അർധവിരാമത്തിൽ അതീവ സസ്‌പെൻസോടെ നിർത്തി രാജമൗലി വീണ്ടും കൈയടക്കം കാട്ടുന്നു. ഈ ഒന്നാംഭാഗം കണ്ടവർക്ക് ഇനി രണ്ടാംഭാഗം കാണാതെ രക്ഷയില്ല. അത്ര ഉദ്വേഗം ബാക്കിവച്ചാണ് ബാഹുബലിയുടെ ആദ്യഭാഗത്തിന് മൗലി കർട്ടനിടുന്നത്.

വാൽക്കഷ്ണം: ചിത്രത്തിലെ സ്‌പെഷ്യൽ ഇഫക്ടുകളെയും ഗ്രാഫിക്‌സിനെയുമൊക്കെ പുകഴ്‌ത്തുമ്പോൾ തന്നെ ചിലയിടത്ത് അവ പൂർണമായും പാളിപ്പോയത് കാണാതിരിക്കാൻ ആവില്ല. തുടക്കത്തിൽതന്നെ രമ്യാകൃഷ്ണൻ ഒരു കുഞ്ഞിനെ പൊക്കിപ്പിടച്ച് നദിയിൽ ഒഴുകിവരുന്നിടത്തുതന്നെയുണ്ട് കല്ലുകടി. കുഞ്ഞ് ഗ്രാഫിക്കൽ കുഞ്ഞാണെന്ന് പെട്ടന്ന് മനസ്സിലാവുന്നു. പ്രതിനായകനായ രാജാവിനെ പരിചയപ്പെടുത്ത സീനിൽ അയാളുടെ ശക്തികാണിക്കാനായി ഒരുകൂറ്റൻ എരുമായുമായുള്ള മല്ലയുദ്ധമുണ്ട്.ഗ്രാഫിക്‌സിലെ പോരായ്മകൾമൂലം എരുമയും, കാളയും, കുതിരയുമെല്ലാം ചേർന്ന എന്തോഒരു ആനിമേഷൻ ജീവിയായാണ് അതിനെ തോന്നുക. വൈഡ് ആംഗിളിൽ രാജകൊട്ടാരവും മറ്റും കാണിക്കുമ്പോൾ ആനിമേഷന്റെ ഇതേ കൃത്രിമത്വം പ്രേക്ഷകന് പിടികിട്ടുന്നു. കമ്പ്യൂട്ടറിൽ വരച്ച കെട്ടിടങ്ങളും ജീവസുറ്റവയും തമ്മിൽ വലിയ വ്യത്യാസമില്ലേ. ഇത്രയും കോടികൾ ചെലിവട്ടിട്ടും ഈ പാളിച്ചകളൊക്കെ വന്നത് കഷ്ടംതന്നെയാണ്.