'ബാഹുബലി' എന്ന ചിത്രത്തിന് ഇന്ത്യയിൽ ഏറ്റവും വലിയ കളക്ഷൻ നേടികൊടുത്തത് തിരുവനന്തപുരത്തെ ഏരീസ് പ്ലസ് തിയേറ്ററിലാണെന്ന് പത്രത്തിൽ വായിച്ചപ്പോഴാണ് വീണ്ടും ഒരിക്കൽകൂടി ഈ ചിത്രം കാണാനുറപ്പിച്ചത്. റിലീസ് ചെയ്ത അന്നുതന്നെ വളരെ കഷ്ടപ്പെട്ട് ടിക്കറ്റെടുത്തു കണ്ട ഈ ചിത്രം മാസങ്ങൾക്കുശേഷം രണ്ടാമത് കാണാൻ പോയപ്പോഴും ടിക്കറ്റ് കിട്ടാൻ നന്നെ ബുദ്ധിമുട്ടേണ്ടിവന്നു എന്നത് സത്യം. മഗധീരയ്ക്കും ഈഗ (ഈച്ച)യ്ക്കും ശേഷം ഐതിഹ്യവും ചരിത്രവും കൂട്ടികലർത്തി രാജമൗലി അണിയിച്ചൊരുക്കിയ ഈ സിനിമ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത് എന്നതിന്റെ തെളിവാണിത്.

ഹോളിവുഡ് ചിത്രങ്ങളോടു കിടപിടിക്കുന്ന സാങ്കേതികമേ•യും ഇന്ത്യൻ സിനിമയിൽ മുമ്പെങ്ങും കാണാത്ത മാനവവിഭവശേഷിയുടെ ഉപയോഗവും ഒന്നരവർഷ കാലത്തെ ചിത്രീകരണം കൊണ്ടുമെല്ലാം റിലീസാകുന്നതിനു മുമ്പുതന്നെ ഏറെ ചർച്ചചെയ്യപ്പെട്ട ഈ ചിത്രത്തെപ്പറ്റി കേട്ടപ്പോൾ തന്നെ മനസ്സിൽ അത്ഭുതം നിറഞ്ഞിരുന്നു. ആ അത്ഭുതകാഴ്ചകൾ നേരിൽകാണാനാണ് 'ബാഹുബലി'ക്ക് പോയത്.

മഹിഷ്മതി രാജ്യത്തുനിന്നും ജീവരക്ഷാർത്ഥം ഒരു പിഞ്ചുകുഞ്ഞിനെ കൈയിലെടുത്ത് വെള്ളത്തിലൂടെ നീന്തി പായുന്ന ശിവകാമി റാണിയുടെ (രമ്യാകൃഷ്ണൻ) ദൃശ്യത്തിലാണ് ചിത്രം ആരംഭിക്കുന്നത്. ശിവകാമി മരിച്ചുവെങ്കിലും അവർ നീന്തിയെത്തിയ വെള്ളച്ചാട്ടത്തിനടുത്തുള്ള ഗ്രാമത്തിലുള്ള മക്കളില്ലാത്ത സംഗ (രോഹിണി) അവന് ശിവുന്ദു (പ്രഭാസ്) എന്ന പേരു നൽകി മകനായി വളർത്തുന്നു. ചെറുപ്പം മുതലേ വെള്ളച്ചാട്ടത്തിനപ്പുറത്തുള്ള ലോകത്തിലേക്ക് പോകാനുള്ള ത്വര ശിവുവിൽ പ്രകടമായിരുന്നു. എന്നാൽ വളർത്തമ്മയുടെ വിഷമംകണ്ട് പലപ്പോഴും അവനാശ്രമം ഉപേക്ഷിക്കുന്നു.

ഇതിനിടയിൽ എവിടെനിന്നോ താഴേക്കുവീണ ഒരു മുഖംമൂടി അവന് ലഭിക്കുന്നു. പൂമ്പാറ്റയെപോലെ പാറിനടക്കുന്ന ആ മുഖംമൂടിയുടെ ഉടമയുടെ തേടിയുള്ള അന്വേഷണം മലകളും വെള്ളച്ചാട്ടങ്ങളും കടന്ന് അവനെ മറ്റൊരു നാട്ടിലെത്തിക്കുന്നു. ആ മുഖംമൂടിയുടെ ഉടമ അവന്തിയാകട്ടെ (തമന്ന) പൽവാൽ രാജാവിന്റെ തടവിലുള്ള ദേവസേന രാജ്ഞിയുടെ (അനുഷ്‌കാ ഷെട്ടി) മോചനത്തിനായി പ്രവർത്തിക്കുന്ന സംഘത്തിൽപ്പെട്ടവളും. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും തന്റെ കാമുകിക്കുവേണ്ടി രാജ്ഞിയെ രക്ഷിക്കാനുള്ള ചുമതല ശിവു ഏറ്റെടുക്കുകയും ചെയ്യുന്നു. രാജ്ഞിയെ മോചിപ്പിച്ചു കഴിയുമ്പോഴാണ് താൻ ബാഹുബലിയുടെയും ദേവസേന രാജ്ഞിയുടെയും മകനാണെന്ന സത്യം ശിവുവിന് മനസ്സിലാകുന്നത്.

ഈ ഘട്ടത്തിലാണ് രാജ്യത്തെ സേനാനായകനായ കട്ടപ്പയിലൂടെ (സത്യരാജ്) ബാഹുബലിയുടെ ജീവിതം ഫ്‌ളാഷ് ബാക്കായി ആവിഷ്‌ക്കരിക്കപ്പെടുന്നത്. മഹിഷ്മതി രാജ്യത്തെ അവകാശികളായിരുന്ന പൽവാൽ, ബാഹുബലി രാജാക്കന്മാരിൽ അടുത്ത അവകാശി ആരണെന്ന് നിശ്ചയിക്കപ്പെടേണ്ട ഘട്ടത്തിലാണ് ഗോത്രവർഗ്ഗത്തിന്റെ നേതൃത്വത്തിലുള്ള യുദ്ധം രാജ്യത്തിലെത്തുന്നത്. ശത്രുക്കളെ കൊല്ലാൻ ജനങ്ങളെയും ഇരയാക്കിയ പൽവാലിനെ മാറ്റിനിർത്തി ജനങ്ങളെ സംരക്ഷിച്ച് ശത്രുക്കളെ തുരത്തിയ ബാഹുബലിയെ രാജാവാക്കാൻ ശിവകാമി റാണി തീരുമാനിക്കുന്നു. പിന്നീട് ഏതോ സാഹചര്യത്തിൽ രാജ്യം പൽവാലിന്റെ കൈയിലായി. ബാഹുബലി കൊല്ലപ്പെട്ടു എന്ന് സിനിമയിൽ നിന്നും മനസ്സിലാകുന്നുണ്ടെങ്കിലും അത് ഏത് സാഹചര്യത്തിലണെന്നും, രാജ്യം എങ്ങനെ പൽവാലിന്റെ കൈയിലായിയെന്നും ഒക്കെയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾ ചിത്രത്തിന്റെ അടുത്തവർഷം ഇറങ്ങുന്ന രണ്ടാം ഭാഗത്തിലൂടെ മാത്രമേ കാണുവാൻ സാധിക്കുകയുള്ളു.

രണ്ട് കുഞ്ഞുങ്ങളെ കരങ്ങളിലേന്തി സിംഹാസനത്തിലിരിക്കുന്ന ശിവാകാമി റാണി ശക്തമായ സ്ത്രീ കഥാപാത്രം തന്നെ. എന്നാൽ മറുഭാഗത്ത് അവന്തികയിലൂടെ (തമന്ന) സ്ത്രീ കേവലം ശരീരമാണെന്ന വരച്ചുകാട്ടാനുള്ള ശ്രമമാണെന്ന് തോന്നി. അതോടൊപ്പം ഗോത്രസമൂഹങ്ങളെ വൈകൃതമായി ചിത്രീകരിച്ചിരിക്കുന്നതിനോടും ഒട്ടും യോജിക്കാൻ കഴിയുന്നില്ല. ഗോത്രസമൂഹങ്ങളെ പുച്ഛത്തോടെ ബാഹുബലി വിശേഷിപ്പിക്കുന്നതും, അവരെ കറുത്ത വിരൂപരായി കാണിക്കുന്നതും വർണ്ണചിന്തകൾക്കിടവരുന്നു.

ചെറുപ്പകാലത്തെ എപ്പോഴൊക്കേയോ വായനയിലൂടെ മനസ്സിൽ പതിഞ്ഞ കൊട്ടാരങ്ങളും അവിടത്തെ ത്രസിപ്പിക്കുന്ന ജീവിതങ്ങളും തിന്മയ്‌ക്കെതിരെ പൊരുതുന്ന രാജാക്കന്മാരുമൊക്കെ കൺമുന്നിൽ കാണാൻ കഴിഞ്ഞതിന്റെ തൃപ്തിയിലാണ് സിനിമ കണ്ടിറങ്ങിയത്. മനസ്സിൽ പതിഞ്ഞ ഇത്തരം ബിംബങ്ങളെ നമ്മുടെ മുന്നിൽ ആവിഷ്‌ക്കരിച്ചു തൃപ്തിപ്പെടുത്താൻ നല്ലൊരളവിൽ 'ബാഹുബലി'ക്ക് കഴിഞ്ഞിട്ടുണ്ട്. മുകളിൽ പറഞ്ഞ വിമർശനങ്ങൾ നിലനിൽക്കെ തന്നെ ഈ ചിത്രത്തിലെ ഓരോ നിമിഷവും ഓരോ മായക്കാഴ്ച തന്നെയായിരുന്നു എന്ന് നിസ്സംശയം പറയാം. 'ബാഹുബലി' എന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം ബാക്കിവെയ്ക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം കാണാൻ ഇതിന്റെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.