മുംബൈ: ഒരു പാൻ ഇന്ത്യൻ സിനിമയെന്ന പരിവേഷം ലഭിച്ച ആദ്യ ചിത്രമാണ് ബാഹുബലി എന്ന് പറയാം. ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രം സൃഷ്ടിച്ച ഈ ചിത്രത്തിന്റെ ഭാഗമാകാൻ അവസരം വന്നിട്ടും കൈവിട്ടവർ ഏറെയാണ്. ബോളിവുഡിലെ വമ്പൻ തോക്കുകളും ഈ ചിത്രത്തോട് പിന്തിരിഞ്ഞു നിന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. ഋത്വിക്ക് റോഷനും ജോൺ എബ്രഹാമും വരെ ഇക്കൂട്ടത്തിൽ വരും.

ബാഹുബലിയിൽ നായികയായി അനുഷ്‌ക ഷെട്ടിക്കു പകരം സംവിധായകൻ രാജമൗലി ആദ്യം സമീപിച്ചത് നയൻതാരയെ ആയിരുന്നു. എന്നാൽ തമിഴിൽ ആ സമയത്തു നിരവധി അവസരങ്ങളുണ്ടായിരുന്നതിനാൽ നയൻതാര ഒഴിഞ്ഞു മാറി. മാത്രമല്ല തെലുങ്കിൽ കൂടുതൽ സിനിമ ചെയ്യേണ്ട എന്നും നയൻതാര തീരുമാനിച്ചിരുന്നു. ഇതോടെ രാജമൗലി അനുഷ്‌കയെ സമീപിക്കുകയായിരുന്നു.

ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ പ്രഭാസിനെ മാറ്റി ഋത്വിക് റോഷനേയോ ജോൺ ഏബ്രഹാമിനേയോ പരീക്ഷിക്കാനും സംവിധായകനു നീക്കമുണ്ടായിരുന്നു. വില്ലനേയും മാറ്റാൻ ശ്രമം നടന്നു. എന്നാൽ പിന്നീട് രാജമൗലി ഈ പരീക്ഷണം വേണ്ടെന്നു വയ്ക്കുകയായിരുന്നു.

നടി ശ്രീദേവിക്കും ബാഹുബലിയിൽ അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെട്ടിരുന്നു. രമ്യ കൃഷ്ണയ്ക്കു പകരം ശ്രീദേവിയെ ആണ് ആദ്യം സംവിധായകൻ സമീപിച്ചത്. എന്നാൽ വിജയ് നായകനായ പുലി എന്ന ചിത്രത്തിനു വേണ്ടി നേരത്തെ തന്നെ കരാർ ഒപ്പിട്ടതിനാൽ ശ്രീദേവിക്കു അവസരം നഷ്ടപ്പെട്ടു.