കൊച്ചി: സംവിധായകൻ ബൈജു കൊട്ടാരക്കരയ്‌ക്കെതിരെ സംവിധായകൻ അരുൺ ഗോപിയുടെ വക്കീൽ നോട്ടീസ്. അഞ്ച് കോടിയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നത്. ദിലീപുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ചർച്ചയിൽ ബൈജു കൊട്ടാരക്കര ഉയർത്തിയ വാദങ്ങലാണ് വക്കീൽ നോട്ടീസിന് ആധാരം. ഇതേ ആരോപണങ്ങൾ റിപ്പോർട്ടർ ടിവിയിൽ ബാലചന്ദ്രകുമാറും ഉയർത്തിയിട്ടുണ്ട്. ബാലചന്ദ്രകുമാറിനെതിരേയും നിയമ നടപടി തുടങ്ങുമെന്നാണ് സൂചന.

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടപടികൾ പുരോഗമിക്കെ നടൻ ദിലീപിന് എതിരെ പുതിയ വെളിപ്പെടുത്തൽ വന്നിരുന്നു. ദിലീപിന് എതിരെ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാർ തന്നെയാണ് പുതിയ ആരോപണത്തിലേക്കും കാര്യങ്ങളെത്തിച്ചത്. ഇത് പിന്നീട് ബൈജു കൊട്ടാരക്കര ഏറ്റെടുത്തു. അരുൺ ഗോപിയുടെ പേരു പറയാതെയായിരുന്നു ബാലചന്ദ്രകുമാറിന്റെ ആദ്യ വെളിപ്പെടുത്തൽ. ഏഷ്യാനെറ്റ് ന്യൂസിന്റെ ചർച്ചയിൽ ബൈജു കൊട്ടാരക്കര പേരു പറഞ്ഞു. ഇതാണ് വക്കീൽ നോട്ടീസ് അയയ്ക്കാൻ കാരണം. ഇതിന് പിന്നാലെ ബാലചന്ദ്രകുമാറും കൂടുതൽ കടന്നാക്രമണം നടത്തിയിട്ടുണ്ട്.

തനിക്ക് ജീവഭയമുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു എറണാകുളം മേനകയിൽ ഐഫോൺ സർവീസ് സെന്റർ നടത്തിയിരുന്ന സനീഷ് എന്നയാളുടെ മരണത്തെ കുറിച്ച് ബാലചന്ദ്രകുമാർ ദുരൂഹത ഉന്നയിക്കുന്നത്. റിപ്പോർട്ടർ ടിവിയുടെ എഡിറ്റേഴ്സ് അവറിലാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ എത്തിയത്. ദിലീപ് നായകനായ രാമലീല സംവിധാനം ചെയ്തത് അരുൺ ഗോപിയാണ്. പിന്നീട് ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്. ദിലീപുമായി ഏറെ അടുപ്പമുള്ള സംവിധായകനാണ് അരുൺ ഗോപി.

ദിലീപ് ജയിലിൽ കിടന്ന സമയത്ത് സംവിധായകൻ അരുൺ ഗോപിക്ക് രാഷ്ട്രീയത്തിലെ ഒരു പ്രമുഖ നേതാവിന്റെ മകന്റെ ഫോൺ വന്നിരുന്നു. ഈ ഫോൺ കോൾ അരുൺ ഗോപി റെക്കോർഡ് ചെയ്തു. ജയിലിൽ നിന്നും ഇറങ്ങിയപ്പോൾ സംവിധായകൻ ഈ കോളിന്റെ കാര്യം ദിലീപിനെ അറിയിച്ചു. പിന്നാലെ ഈ ഫോൺ പെന്റാ മേനകയിലെ സെല്ലുലാർ സെയിൽ എന്ന മൊബൈൽ സർവീസ് സ്ഥാപനത്തിന്റെ ഉടമ സനീഷ് എന്ന ആളുടെ പക്കൽ റിട്രീവ് ചെയ്യാൻ ഏൽപ്പിച്ചു.

ഇയാളെ ദിലീപിന് പരിചയപ്പെടുത്തിയത് താനാണ് എന്നും ബാലചന്ദ്ര കുമാർ പറയുന്നു. അരുൺ ഗോപിയുടെ ഈ ഐഫോൺ ഐഫോണിൽ നിന്നും ഫോൺ കോൾ റിട്രീവ് ചെയ്യാൻ ശ്രമിച്ചു. തുടർന്ന് അയാൾ ഡോക്ടർ ഫോൺ എന്ന സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് റിട്രീവ് ചെയ്യാൻ ശ്രമിച്ചു. ഇതിനുള്ള പണം നൽകിയത് ദിലീപിന്റെ സഹോദരൻ അനൂപിന്റെ ക്രെഡിറ്റ് കാർഡിൽ നിന്നാണ്. എന്നിട്ടും ഫോൺകോൾ തിരിച്ചെടുത്താൻ ശ്രമിച്ചില്ല. തുടർന്ന് ദിലീപിന്റെ ഒരു സുഹൃത്തിന്റെ മുഖാന്തരം ഫോൺ അമേരിക്കയിൽ കൊടുത്തയച്ചു-ഇതാണ് അരുൺ ഗോപിയുടെ കേസിന് ആധാരമായ വെളിപ്പെടുത്തൽ.

തന്റെ നല്ല പേരിന് കളങ്കമുണ്ടാക്കുന്നതാണ് ആരോപണമെന്നാണ് വക്കീൽ നോട്ടീസിൽ ആരോപിക്കുന്നത്. ഹൈക്കോടതി അഭിഭാഷകൻ വിജൻ കാർത്തിക്കാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. പരാമർശത്തിൽ ഖേദ പ്രകടനം നടത്തണമെന്നും ഏഷ്യാനെറ്റ് ന്യൂസ് ചാനലിലൂടെ തന്നെ മാപ്പു പറയണമെന്നും അരുൺ ഗോപി വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു. ഈ മാസം 24നാണ് ഏഷ്യാനെറ്റ് ന്യൂസിലൂടെ അരുൺ ഗോപിയുടെ ഫോണിൽ ആരോപണങ്ങൾ ബൈജു കൊട്ടാരക്കര ഉന്നയിച്ചത്.

നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ അരുൺ ഗോപിയേയും ഉപയോഗിച്ചുവെന്ന തരത്തിലാണ് ബൈജു കൊട്ടാരക്കരയുടെ പ്രതികരണം ഏഷ്യാനെറ്റ് ന്യൂസിൽ എത്തിയത്.