തിരുവനന്തപുരം: 4 ലക്ഷം രൂപയുടെ പണാപഹരണം നടത്തിയ കേസിൽ പോസ്റ്റ് മിസ്ട്രസിന് മുൻകൂർ ജാമ്യമില്ല. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വർക്കല വെട്ടൂർ പോസ്റ്റ് മിസ്ട്രസിന്റെ മുൻകൂർ ജാമ്യ ഹർജി തള്ളിയത്. വർക്കല പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മിസ്ട്രസ് ഗീതാഭായി (52) സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയാണ് കോടതി നിരസിച്ചത്.

കേസ് ഡയറിയും പൊലീസ് റിപ്പോർട്ടും പരിശോധിച്ചതിൽ ആരോപണം ഗൗരമേറിയതാണെന്നും കൃത്യത്തിൽ പ്രതിയുടെ പങ്കും പങ്കാളിത്തവും പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നതായും പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത് അപഹരിക്കപ്പെട്ട തുക വീണ്ടെടുക്കേണ്ടതുണ്ടെന്നും നിരീക്ഷിച്ചാണ് ജഡ്ജി മിനി. എസ്. ദാസ് മുൻകൂർ ജാമ്യം നിഷേധിച്ചത്.

3 നിക്ഷേപകർ നിക്ഷേപിച്ച സ്ഥിര നിക്ഷേപ തുകയായ 4 ലക്ഷം രൂപ പോസ്റ്റ് ഓഫീസ് അക്കൗണ്ടിൽ ചേർക്കാതെ നിക്ഷേപകർക്ക് വ്യാജ രസീത് നൽകി കൈവശപ്പെടുത്തി സ്വന്തം ആവശ്യങ്ങൾക്ക് ദുർവിനിയോഗം ചെയ്തുവെന്നാണ് കേസ്. 2020 ഫെബ്രുവരി 1 ന് ശാന്ത എന്ന സ്ത്രീ സ്ഥിര നിക്ഷേപമായി അടച്ച ഒരു ലക്ഷം രൂപ , 2019 സെപ്റ്റംബർ രണ്ട് , മൂന്ന് തീയതികളിലായി മറ്റൊരു യുവതിയായ ഐഷാബീവി നിക്ഷേപിച്ച 3 ലക്ഷം രൂപയും ഉൾപ്പെടെ 4 ലക്ഷം രൂപ അപഹരിച്ച് നിക്ഷേപകരെ വഞ്ചിച്ച് സ്വന്തം ആവശ്യങ്ങൾക്കുപയോഗിച്ചു.

നിക്ഷേപ രസീത് ചോദിച്ച സ്ത്രീകൾക്ക് വ്യാജമായി ബാങ്ക് അക്കൗണ്ട് നമ്പരുകൾ നൽകുകയായിരുന്നു. ബാങ്കിൽ ചെന്ന യുവതികൾക്ക് ലഭിച്ചത് ഹിന്ദിക്കാരായ അപരന്മാരുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളായിരുന്നു. തുടർന്ന് യുവതികളുടെ പരാതിയിൽ വർക്കല പൊലീസ് ജാമ്യമില്ലാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.