കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനിക്ക് ജാമ്യമില്ല. പൾസർ സുനിക്കൊപ്പം കൂട്ടുപ്രതികളായ ഡ്രൈവർ മാർട്ടിന്റെയും പ്രദീപിന്റെയും ജാമ്യാപേക്ഷയും കോടതി തള്ളി. ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പൾസർ സുനിയുടെ പശ്ചാത്തലം കുറ്റകൃത്യം നിറഞ്ഞതാണ്. ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് സുനി. ഇയാൾക്ക് ജാമ്യം നൽകിയാൽ അത് വിചാരണയെ ദോഷകരമായി ബാധിക്കും. വിചാരണയ്ക്ക് സുനി ഹാജരാകുമോ എന്ന സംശയമുണ്ടെന്നും സുനി ഒളിവിൽ പോകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഈ വാദം ശരിവെച്ചു കൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്.

സുപ്രധാന തെളിവുകൾ സുനി നശിപ്പിച്ചുവെന്ന പ്രോസിക്യൂഷൻ വാദവും കോടതി ശരിവെച്ചു. സംഭവത്തിൽ നേരിട്ട് ബന്ധമുള്ള പ്രതികൾക്കെതിരെ ശക്തമായ തെളിവുണ്ട്. നേരിട്ട് ബന്ധമുള്ള പ്രതികൾക്കെതിരെ ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു. ഇതിനിടെ സുനിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ആളൂരിനെയും കോടതി രൂക്ഷമായി വിമർശിച്ചു. പൾസർസുനിക്കൊപ്പം ജാമ്യം നിഷേധിക്കപ്പെട്ട മാർട്ടിൻ മുമ്പും ജാമ്യാപേക്ഷയുമായി എത്തിയിരുന്നു. നടിയെ ആക്രമിക്കുമ്പോൾ ആദ്യം വാഹനം ഓടിച്ചിരുന്നത് ചാലക്കുടി സ്വദേശി മാർട്ടിനായിരുന്നു. പൾസറിന് ജാമ്യം നിഷേധിക്കുന്നത് ദിലീപിനും തിരിച്ചടിയാണ്.

ഈ മാസം 28നാണ് ദിലീപിന്റെ രാമലീലയുടെ റിലീസ്. അതിന് മുമ്പ് ദിലീപിനെ പുറത്തിറക്കാനാണ് സിനിമാക്കാരുടെ ശ്രമം. അതിന് വേണ്ടിയാണ് ദിലീപ് വീണ്ടും ജാമ്യഹർജി ഹൈക്കോടതിയിൽ നൽകിയത്. എന്നാൽ ജസ്റ്റീസ് സുനിൽ തോമസ് എന്തിന് ഇപ്പോൾ ജാമ്യ ഹർജിയുമായി വന്നുവെന്ന പരമാർശത്തോടെ പരിഗണിക്കുന്നത് മാറ്റിവച്ചു. ഇതിൽ ദിലീപ് അനുകൂലികൾ വലിയ പ്രതീക്ഷ വയ്ക്കുന്നില്ല.

ഈ സാഹചര്യത്തിൽ പൾസറിന്റെ ജാമ്യ ഹർജിയെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാണ്ടത്. പൾസറിന്റെ ജാമ്യ ഹർജിയിൽ ഹൈക്കോടതി അനുകൂല തീരുമാനമെടുത്താൽ ദിലീപിനും ഉടൻ ജാമ്യം കിട്ടുമെന്നായിരുന്നു വിലയിരുത്തൽ. പ്രധാന പ്രതി പുറത്തു നിൽക്കുന്നതിനാൽ ദിലീപിന് ജാമ്യം നിഷേധിക്കുന്നത് സ്വാഭാവിക നീതിക്ക് എതിരാകുമെന്ന വാദം ചർച്ചയാക്കാനും സാധ്യത ഉയരുമായിരുന്നു. ഇതാണ് പൊളിയുന്നത്.

നടി ആക്രമിക്കപ്പെട്ട് ദിവസങ്ങൾക്കൊപ്പം പൾസർ പൊലീസിന്റെ കസ്റ്റഡിയിലായി. 90 ദിവസവും കഴിഞ്ഞ് തടവ് നീണ്ടു. ഇത് സ്വാഭാവിക നീതിയുടെ ലംഘനമായി ചൂണ്ടിക്കാട്ടിയാണ് പൾസർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഈ വാദമൊന്നും വ്ിലപോയില്ല. ദിലീപ് ഇതിനോടകം മൂന്ന് ജാമ്യ ഹർജികൾ ഹൈക്കോടതിയിൽ നൽകി. നാദിർഷായുടെ ജാമ്യ ഹർജിക്കിടെ പൾസർ സുനിയെ എല്ലാ മാസവും ചോദ്യം ചെയ്യേണ്ടതുണ്ടോ എന്ന പരിഹാസ രൂപേണയുള്ള വിമർശനം ജസ്റ്റീസ് ഉബൈദ് നടത്തിയിരുന്നു. ഈ പോയിന്റിൽ പിടിച്ചാകും സുനിക്കായി ആളൂർ ജാമ്യാ ഹർജി വാദിക്കുക.

മനുഷ്യാവകാശ ലംഘനമാണ് സുനിക്കെതിരെ നടക്കുന്നത്. ജാമ്യം കിട്ടാതിരിക്കാൻ മാത്രം കുറ്റപത്രം നൽകി. അതിന് ശേഷവും അന്വേഷണം തുടർന്നു. ഇനി അനുബന്ധം കുറ്റപത്രം നൽകും. അതിന് ശേഷവും അന്വേഷണം തുടരാനാണ് നീക്കം. അതായത് ഈ അടുത്ത കാലത്തൊന്നും വിചാരണ തുടങ്ങില്ല. പൊലീസ് എല്ലാ മാസവും പൾസറിനെ ചോദ്യം ചെയ്യൽ പീഡനം തുടരും. ഇത് മനുഷ്യാവകാശ ലംഘനമായി ഹൈക്കോടതിയിൽ അവതരിപ്പിക്കാനായിരുന്നു അഡ്വക്കേറ്റ് ആളൂരിന്റെ നീക്കം. ഇതാണ് പൊളിഞ്ഞത്.

പൾസറിന് ജാമ്യം കിട്ടിയിരുന്നുവെങ്കിൽ ദിലീപിനും പുറത്തിറങ്ങാൻ അവസരമൊരുങ്ങുമായിരുന്നു. കേസിൽ വഴിത്തിരവുണ്ടായാൽ ജാമ്യ ഹർജിയിൽ അനുകൂല തീരുമാനം ജസ്റ്റീസ് സുനിൽ തോമസും എടുക്കുമെന്നായിരുന്നു വിലയിരുത്തൽ. കുറ്റപത്രം ഒക്ടോബർ ഏഴിനകം കൊടുക്കും. ഈ സാഹചര്യത്തിൽ അങ്കമാലി കോടതിയിൽ പോലും പൾസറിന് ജാമ്യം കിട്ടിയാൽ അതുയർത്തി ദിലീപിന്റെ ജാമ്യ ഹർജിയിൽ അനുകൂല തീരുമാനം എടുപ്പിക്കാൻ കഴിയുമായിരുന്നു.

ഈ പ്രതീക്ഷകളാണ് പൊലിയുന്നത്. കാവ്യാ മാധവനും നാദിർഷായും കേസിൽ പ്രതികളല്ല. അതുകൊണ്ട് തന്നെ ഇവരുടെ മുൻകൂർ ജാമ്യ ഹർജിയിൽ ജസ്റ്റീസ് ഉബൈദെടുക്കുന്ന തീരുമാനം ദിലീപിന്റെ ജാമ്യ ഹർജിയെ സ്വാധീനിക്കില്ല.