തിരുവനന്തപുരം: സിബിഐ അന്വേഷിക്കുന്ന രാജ്യാന്തര കള്ളക്കടത്ത് കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകിയതോടെ പ്രതിക്ക് കോടതി ജാമ്യം അനുവദി്ച്ചു. കുറ്റപത്രം വൈകിയതിന് സിബിഐക്കെതിരെ രൂക്ഷ വിമർശനവും കോടതി ഉന്നയിച്ചു. രാജ്യാന്തര കള്ളക്കടത്ത് കേസിലെ പ്രതി മുഹമ്മദ് ഇമാമുൽ ഹഖ് എന്ന ബിഷു ഷെയ്ക്കിനാണ് ജാമ്യം ലഭിച്ചത്. കർശന ഉപാധികളോടെയാണ് സിബിഐ കോടതി ജാമ്യം അനുവദിച്ചത്. കേസിൽ കുറ്റപ്പത്രം നൽകാനോ പ്രതികൾക്കെതിരെ ശക്തമായ തെളിവു ഹാജരാക്കാനോ സിബിഐക്കു കഴിഞ്ഞില്ല.

തിരുവനന്തപുരം ജില്ല വിട്ടുപോകാൻ പാടില്ലെന്നും രണ്ടു ദിവസത്തിനകം പാസ്‌പോർട്ട് കോടതിയിൽ നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ബിഎസ്എഫ് ജീവനക്കാരുമായി ബന്ധപ്പെടാൻ ശ്രമിക്കരുതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ കൊച്ചിയിലെ സിബിഐ ഓഫിസിൽ ഹാജരാകണമെന്നും ജാമ്യം നിൽക്കുന്നവർ കേരളത്തിൽ നിന്നുള്ളവർ ആകണമെന്നും വ്യവസ്ഥകൾ നിർദേശിച്ചു.

ഈ കേസിലെ രണ്ടാം പ്രതിയായ ബിഷു ഷെയ്ക്കിനു വേണ്ടി മുൻ സോളിസിസ്റ്റർ ജനറൽ ഫാറൂഖ് എം. റസാക്കാണ് കോടതിയിൽ ഹാജരായത്. നേരത്തെ കേസിലെ ഒന്നാം പ്രതി ജിബു ഡി. മാത്യുവിനും സമാന സാഹചര്യത്തിൽ ജാമ്യം ലഭിച്ചിരുന്നു. പല കുറ്റവും സിബിഐ ആരോപിച്ച പ്രതിക്കാണ് ഇപ്പോൾ ജാമ്യം ലഭിച്ചത്. എന്നാൽ ശക്തമായ തെളിവുകൾ ഹാജരാക്കുന്നതിലും യഥാസമയം കുറ്റപത്രം നൽകുന്നതിലും വീഴ്ച പറ്റി. നിയമപരമായി പ്രതകൾക്കു ജാമ്യം അനുവദിക്കാനുള്ള സമയം ആയതിനാലാണു ജാമ്യം നൽകുന്നതെന്നും ഉത്തരവിൽ പറഞ്ഞു. ജാമ്യ ഹർജിയിൽ വാദം പരിഗണിച്ചപ്പോൾ തന്നെ പ്രതികൾക്കു ജാമ്യം അനുവദിക്കാനുള്ള സമയം കാത്തിരിക്കുകയാണോയെന്നു സിബിഐയോടു കോടതി ചോദിച്ചിരുന്നു.

ബിഷു ഷെയ്ക്ക് കഴിഞ്ഞ രണ്ടു മാസമായി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മാർച്ച് നാലിനാണു ബിഎസ്എഫ് കമൻഡാന്റ് ജിബു ഡി.മാത്യവിനു കൈക്കൂലി നൽകിയ ബിഷു ഷെയക്കിനെ സിബിഐ കൊൽക്കത്തയിൽനിന്നു പിടികൂടിയത്. ഇന്ത്യ - ബംഗ്ലാദേശ് അതിർത്തിയിൽ എത്തുന്ന കള്ളക്കടത്തുകാർക്കു ജിബു വഴിവിട്ട സഹായങ്ങൾ ചെയ്തിരുന്നതു ബിഷു ഷെയ്ക്കിന്റെ നിർദ്ദേശ പ്രകാരമാണെന്നാണു സിബിഐ ആരോപിക്കുന്നത്. അമ്പതുലക്ഷം രൂപയുമായി യാത്ര ചെയ്യവെ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വച്ചാണു ജിബുവിനെ സിബിഐ പിടികൂടുന്നത്.