ജോധ്പൂർ: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാന് ജാമ്യം ലഭിച്ചു. അരലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം. ജോധ്പുർ സെഷൻസ് കോടതിയാണ് സൽമാന് ജാമ്യം അനുവദിച്ചത്. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ട സൽമാൻഖാന്റെ ജാമ്യാപേക്ഷയിൽ ജോധ്പുർ സെഷൻസ് കോടതി ഇന്ന് രാവിലെ വാദം കേട്ടിരുന്നു. ശിക്ഷ വിധിച്ച ജഡ്ജിയെ ഇന്നലെ സ്ഥലംമാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ജാമ്യാപേക്ഷയിൽ വാദം നടന്നതും സൽമാന് ജാമ്യം അനുവദിക്കപ്പെട്ടതും. അനുമതിയില്ലാതെ രാജ്യം വിടരുതെന്നും ജാ്യമ്യം അനുവദിച്ചുകൊണ്ട് കോടതി ഉത്തരവിട്ടിട്ടുണ്ട്.

സാക്ഷിമൊഴികൾ അവിശ്വസനീയമാണെന്നും ശിക്ഷ കടുത്തതാണെന്നും സൽമാന്റെ അഭിഭാഷകർ ഇന്ന് വാദിച്ചു. ദൃക്‌സാക്ഷികളുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്നും കെട്ടിച്ചമച്ച തെളിവുകളാണു പൊലീസ് ഹാജരാക്കിയതെന്നും ആയിരുന്നു വാദം. ഇത് അനുവദിച്ചുകൊണ്ടാണ് ജാമ്യം ലഭിക്കുന്നത്. പ്രതിഭാഗത്തിന്റെ വാദം. ഇതോടൊപ്പം സേവനപ്രവർത്തനങ്ങൾ ചെയ്യുന്ന നടനാണ് സൽമാൻ എന്നും മാനുഷികപരിഗണന നൽകി ജാമ്യം അനുവദിക്കണമെന്നും വാദമുയർന്നു. ജാമ്യം നൽകരുതെന്നു പ്രോസിക്യൂഷൻ വാദിച്ചു. വംശനാശ ഭീഷണി നേരിടുന്ന കൃഷ്ണമൃഗങ്ങളെ വേട്ടയാടിയതിനു വ്യാഴാഴ്ചയാണു ജോധ്പുരിലെ സിജെഎം കോടതി സൽമാന് അഞ്ചുവർഷം തടവും 10,000 രൂപ പിഴയും വിധിച്ചത്. ജാമ്യം ലഭിച്ചതോടെ അപ്പീൽ അപേക്ഷ നൽകി കേസ് നീട്ടാനും അവസരമൊരുങ്ങി. നടൻ ഇന്നുതന്നെ പുറത്തിറങ്ങുമെന്നാണ് സൂചനകൾ. നടന് ജാമ്യം ലഭിച്ചതോടെ ബോളിവുഡും വലിയ സന്തോഷത്തിലായി.

ബോളിവുഡിൽ വൻ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് സൽമാൻ. ഇപ്പോൾ തന്നെ സൽമാൻ ചെയ്യുന്ന മൂന്ന് പ്രൊജക്റ്റുകൾ മുടങ്ങിയൽ സിനിമാ മേഖലയ്ക്ക് ശതകോടികളുടെ നഷ്ടമുണ്ടാകുമെന്ന തരത്തിൽ പ്രതികരണങ്ങളും വന്നു. കഴിഞ്ഞദിവസം സൽമാൻ ശിക്ഷിക്കപ്പെട്ട് ജയിലിൽ ആയതോടെ ഇത്തരത്തിൽ ആയിരുന്നു പ്രതികരണങ്ങൾ. പ്രമുഖ താരങ്ങൾ ഉൾപ്പെടെ സൽമാൻ തെറ്റുകാരനല്ലെന്ന മട്ടിൽ പ്രതികരിച്ച് രംഗത്തെത്തി. എന്നാൽ ഇത്തരം പ്രചരണങ്ങളെല്ലാം വിധിയെ സ്വാധീനിക്കാനോ ജുഡീഷ്യറിയെ തെറ്റിദ്ധരിപ്പിക്കാനോ ആണെന്ന എതിർ പ്രചരണങ്ങളും സോഷ്യൽ മീഡിയയിൽ സജീവമായി.

മുമ്പ് പല കേസുകളിലും ശിക്ഷകളിൽ നിന്ന് രക്ഷപ്പെട്ട സൽമാൻഖാനുവേണ്ടി വലിയ വിലപേശൽ നടക്കുന്നുവെന്ന നിലയിലാണ് ചർച്ചകൾ നടന്നത്. ഇതിനെല്ലാം പിന്നാലെയാണ് സൽമാന് എതിരെ വിധി പ്രഖ്യാപിച്ച ജഡ്ജിയെ ഉൾപ്പെടെ സ്ഥലം മാറ്റി ഹൈക്കോടതി ഉത്തരവിറങ്ങിയത്. കേസ് പരിഗണിച്ച് ശിക്ഷ വിധിച്ച ജഡ്ജിക്കു മുന്നിൽ തന്നെ ജാമ്യാപേക്ഷ എത്തിയാൽ അത് നടന് പ്രതികൂലമാകുമെന്നും ജാമ്യം ലഭിക്കില്ലെന്നും കണ്ടാണ് ജഡ്ജിയുടെ മാറ്റം ഉണ്ടായതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.

ഇതോടൊപ്പം ജാമ്യാപേക്ഷ എത്താൻ സാധ്യതയുള്ള കോടതിയിലെ ജഡ്ജിക്കും സ്ഥാനചലനമുണ്ടായി. സൽമാന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്ന ജഡ്ജി ഉൾപ്പെടെ 87 പേരെ സ്ഥലംമാറ്റിയാണ് ഉത്തരവിറങ്ങിയത്. സൽമാൻ ഖാനു ശിക്ഷ വിധിച്ച ജഡ്ജി ദേവ്കുമാർ ഖാത്രി, വാദം കേൾക്കുന്ന ജോധ്പുർ സെഷൻസ് കോടതി ജഡ്ജി രവീന്ദ്ര കുമാർ ജോഷിയുമടക്കം 87 ജഡ്ജിമാരുടെ സ്ഥലംമാറ്റ പട്ടിക രാജസ്ഥാൻ ഹൈക്കോടതി പുറത്തിറക്കി. രാജസ്ഥാനിൽ സാധാരന ഏപ്രിൽ 15 നുശേഷമാണു ജഡ്ജിമാരുടെ സ്ഥലമാറ്റമെങ്കിലും ഇത്തവണ നേരത്തെയാണെന്ന് റിപ്പോർ്ട്ടുകൾ പുറത്തുവന്നതോടെയാണ് ഇക്കാര്യം ചർച്ചയായത്.

ദൃക്സാക്ഷികളുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്നും കെട്ടിച്ചമച്ച തെളിവുകളാണ് പൊലീസ് ഹാജരാക്കിയതെന്നും ആയിരുന്നു പ്രതിഭാഗത്തിന്റെ വാധം. വേട്ടയുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലും കുറ്റവിമുക്തനായെന്നും അതിനാൽ ഈ കേസിൽ ജാമ്യം അനുവദിക്കണമെന്നും വാദമുയർന്നു. അതേസമയം, സൽമാൻ ഖാൻ സ്ഥിരം കുറ്റവാളിയാണെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. സൽമാൻ ഖാന് വേണ്ടി ഹാജരാകരുതെന്നാവശ്യപ്പെട്ട് ഭീഷണി സന്ദേശം ലഭിച്ചതായി നടന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അപ്പീൽ അംഗീകരിച്ച് കേസിൽ ജാമ്യം നൽകാനായിരുന്നു സാധ്യത.

വന്യജീവിസംരക്ഷണനിയമപ്രകാരം അഞ്ചുവർഷത്തെ ജയിൽ ശിക്ഷ നേരിടുന്ന സൽമാൻ ഖാനെ ജോധ്പൂർ സെൻട്രൽ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. ജാമ്യം കിട്ടാൻ വൈകുമെന്ന സ്ഥിതി വന്നതോടെ ബോളിവുഡ് ആശങ്കയിലാണ്. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിലാണ് സൽമാൻ ഖാന് അഞ്ചുവർഷം തടവും പതിനായിരം രൂപ പിഴയും ജോധ്പൂർ വിചാരണക്കോടതി ശിക്ഷ വിധിച്ചത്. കേസെടുത്ത് 20 വർഷത്തിനുശേഷം വന്ന വിധി നടുക്കിയത് ബോളിവുഡിനെ തന്നെയാണ്. 800 കോടിയുടെ പ്രതിസന്ധിയാണ് സിനിമയ്ക്കുണ്ടാകുന്നത്.

കേസിൽ മേൽക്കോടതി സൽമാന്റെ ശിക്ഷ റദ്ദ് ചെയ്തില്ലെങ്കിൽ ബോളിവുഡിന് നഷ്ടമാകുക 800 കോടിയോളം രൂപയാണ് എന്ന റിപ്പോർട്ടുകളും കഴിഞ്ഞദിവസം പുറത്തുവന്നു. സൽമാൻ ഖാന്റെ അഞ്ചോളം ബിഗ്ബജറ്റ് ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. റേസ് 3യുടെ ഷൂട്ടിങ് ഇതോടെ മുടങ്ങും. ദുബായിയിൽ സെറ്റിട്ട് ചിത്രീകരിക്കുന്ന സിനിമയ്ക്ക് ഇതുമൂലം വലിയ നഷ്ടമാണ് ഉണ്ടാകുക. അനിൽ കപൂർ, ബോബി ഡിയോൾ, ജാക്വിലിൻ ഫെർണാണ്ടസ്, ഡെയ്‌സി ഷാ, സഖീബ് സലീം എന്നിവരടങ്ങുന്ന സിനിമയാണ് അണിയറയിൽ ഒരുങ്ങുന്നത്.

സൽമാൻ അകത്താകുന്നതോടെ ഡേറ്റ് പ്രശ്നവും പുലിവാലാകുമെന്ന മട്ടിലും പ്രതികരണങ്ങൾ ഉണ്ടായി. 150 കോടി രൂപയുടെ ബജറ്റിലാണ് ചിത്രം നിർമ്മിക്കുന്നത്. അതിനൊപ്പം കിക്ക് 2, സാജിദ് നദിയാ വാലയുടെ മറ്റൊരു ബിഗ് ബജറ്റ് ചിത്രം, ദബാംഗ് 3, ൈടഗർ സിന്ദാ ഹേ, സുൽത്താൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അലി അബ്ബാസ് സഫറും സൽമാനും ഒന്നിക്കുന്ന 200 കോടി മുടക്കുമുതലുള്ള ചിത്രം. ഇത്തരത്തിൽ വമ്പൻ പ്രോജക്ടുകളാണ് വിധിയോടെ ആശങ്കയിലായത്.