കോഴിക്കോട്: ചുംബനത്തെരുവ് സമരം റിപ്പോർട്ട് ചെയ്യുന്നതിനിടെ അറസ്റ്റിലായ മാദ്ധ്യമപ്രവർത്തകന് ജാമ്യം. കോഴിക്കോട് സിജെഎം കോടതിയാണ് തേജസ് പത്രത്തിലെ റിപ്പോർട്ടർ ആയ പി അനീബിനു ജാമ്യം അനുവദിച്ചത്.

ചുംബനത്തെരുവ് സമരം റിപ്പോർട്ട് ചെയ്യാൻ എത്തിയതായ അനീബ് വികലാംഗനും ആയ അജിത്ത് പച്ചാടനെ ഹനുമാൻ സേനാ പ്രവർത്തകർ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചിരുന്നു. ഇതിനിടെ മഫ്തിയിലുള്ള പൊലീസുകാരുമായി സംഘർഷം ഉണ്ടായി. ഇതിനു പിന്നാലെ പൊലീസിനെ മർദ്ദിച്ചു എന്ന കുറ്റം ചുമത്തിയാണ് അനീബിനെ അറസ്റ്റ് ചെയ്തത്.

കേസ് പരിഗണിച്ച കോടതി ഉപാധികളോടെ അനീബിനു ജാമ്യം അനുവദിക്കുകയായിരുന്നു. രണ്ടു മാസം വരെ എല്ലാ ഞായറാഴ്ചയും ടൗൺസ്‌റ്റേഷനിൽ വന്ന് ഒപ്പിടണം എന്ന ഉപാധിയിലാണ് ജാമ്യം.

ഇന്നലെ കേസ് പരിഗണിച്ച ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി (ആറ്) വാദം കേട്ടശേഷം വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ഐപിസി 332, 341 വകുപ്പുകൾ പ്രകാരവും അടിപിടിയിൽ ഉൾപ്പെട്ടതിന് ഐപിസി 160 എ പ്രകാരവുമാണ് അനീബിനെതിരേ കേസ് ചുമത്തിയിട്ടുള്ളത്.

ചുംബനത്തെരുവ് പരിപാടിയിൽ പങ്കെടുക്കണമെന്ന ഉദ്ദേശ്യത്തോടെ സ്ഥലത്തെത്തിയ അനീബ് പൊലീസിനെ ആക്രമിച്ചു എന്ന പൊലീസിന്റെ വിശദീകരണം അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ആവർത്തിച്ചിരുന്നു. അതേസമയം, അനീബ് മാദ്ധ്യമപ്രവർത്തകനാണെന്നും ജോലിയുടെ ഭാഗമായി റിപ്പോർട്ടിങ്ങിനെത്തിയതാണെന്നും അടിപിടിക്കിടയിൽപ്പെട്ടതാണെന്നും അനീബിനു വേണ്ടി ഹാജരായ സുപ്രിംകോടതി അഭിഭാഷകൻ കെ രാജഗോപാൽ വാദിച്ചു.

പൊലീസ് ചുമത്തിയ വകുപ്പുകൾ നിലനിൽക്കുന്നതല്ലെന്നും അദ്ദേഹം കോടതിയെ ധരിപ്പിച്ചു. തിങ്കളാഴ്ച ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും കമ്മീഷണർ റിപോർട്ട് സമർപ്പിക്കാത്തതിനാൽ ചൊവ്വാഴ്ചത്തേക്ക് മാറ്റിയ കേസിലാണ് ഇന്ന് വിധി പറഞ്ഞത്.

ചുംബനത്തെരുവ് പ്രതിഷേധ പരിപാടിക്കിടെ അറസ്റ്റിലായ തേജസ് ലേഖകൻ പി. അനീബിനെ വിട്ടയക്കണമെന്ന് സാംസ്‌കാരിക, മാദ്ധ്യമപ്രവർത്തകർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മഫ്തിയിലെത്തിയ പൊലീസ് സ്ത്രീകളെ ആക്രമിക്കുന്നതു കണ്ടാണ് അനീബ് പ്രശ്‌നത്തിൽ ഇടപെട്ടതെന്നു സംസ്‌കാരിക പ്രവർത്തർ പറഞ്ഞിരുന്നു. തങ്ങൾക്ക് താൽപര്യമില്ലാത്തവരെ ഒതുക്കാനും നിശബ്ദരാക്കാനുമുള്ള പൊലീസിന്റെ നീക്കത്തിന്റെ ഭാഗമാണിതെന്നാണ് ആരോപണമുയർന്നത്.

അറസ്റ്റിലായ തന്നെ പൊലീസ് മർദ്ദിച്ചെന്ന് അനീബ് വെളിപ്പെടുത്തിയിരുന്നു. തന്നെയും കുടുംബത്തേയും ശരിയാക്കുമെന്ന് എസിപി ഭീഷണിപ്പെടുത്തിയതായും അനീബ് ആരോപിച്ചു. പരിപാടി റിപോർട്ട് ചെയ്യാൻ അനീബ് സമര വേദിയിൽ എത്തുമ്പോൾ ഹനുമാൻ സേന പ്രവർത്തകർ ഭിന്നശേഷിക്കാരനും കവിയുമായ അജിത് എം പച്ചനാടിനെ മർദ്ദിക്കുകയായിരുന്നു. ഇതു തടയാനെത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ള ഞാറ്റുവേല പ്രവർത്തകരെ ഹനുമാൻ സേനക്കാരും മഫ്ടി പൊലീസും കൈയേറ്റം ചെയ്യുന്നത് ചോദ്യം ചെയ്തതിനാണ് തന്നെ അറസ്റ്റുചെയ്തതെന്നാണ് അനീബ് പറഞ്ഞത്.

ഹനുമാൻ സേന പ്രവർത്തകർക്കൊപ്പം സ്റ്റേഷനിലെത്തിച്ച തന്നെ പൊലീസുകാർ കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നു. തന്നേയും നവ മാദ്ധ്യമ പ്രവർത്തകരായ വിജിത്ത്, ശരത് എന്നിവരേയും സ്റ്റേഷനിൽ വച്ച് മർദ്ദിക്കുമ്പോൾ ഹനുമാൻ സേന പ്രവർത്തകർ കേരള പൊലീസ് സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ച് മർദ്ദിക്കുന്നവരെ പ്രോൽസാഹിപ്പിച്ചതായും അനീബ് മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു.