- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോക്സോ കേസിൽ അറസ്റ്റിലായ കെ.വി.ശശികുമാറിന് ജാമ്യം; മലപ്പുറം നഗരസഭാ മുൻ കൗൺസിലറും അദ്ധ്യാപകനുമായ ശശികുമാറിന് ജാമ്യം കിട്ടിയത് രണ്ട് കേസുകളിൽ; സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് കേസ്
മലപ്പുറം: വിദ്യാർത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്തതിന് അറസ്റ്റിലായ മലപ്പുറം നഗരസഭാ മുൻ കൗൺസിലറും അദ്ധ്യാപകനുമായ കെ.വി. ശശികുമാറിന് ജാമ്യം. രണ്ട് കേസുകളിലാണ് മഞ്ചേരി പോക്സോ കോടതി ജാമ്യം അനുവദിച്ചത്. അദ്ധ്യാപകനായിരിക്കെ പീഡിപ്പിച്ചെന്ന രണ്ട് പൂർവ വിദ്യാർത്ഥിനികളുടെ പരാതിയിലാണ് കേസ്.
മുൻ സിപിഐഎം നേതാവും മലപ്പുറം സെന്റ് ജമ്മാസ് സ്കൂളിലെ മുൻ അദ്ധ്യാപകനുമാണ് കെവി ശശികുമാർ. കഴിഞ്ഞ മെയിലാണ് ശശികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട് ബത്തേരിക്ക് സമീപത്തെ ഹോം സ്റ്റേയിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
അൻപതിലധികം പീഡനപരാതികളാണ് ഇയാൾക്കെതിരെ ഉയർന്നത്. ഇതിനെ തുടർന്ന് ശശികുമാർ ഒളിവിൽ പോവുകയായിരുന്നു.
സോഷ്യൽ മീഡിയയിലൂടെയാണ് അദ്ധ്യാപകനായിരുന്ന ശശികുമാറിനെതിരെ പെൺകുട്ടികൾ മീടു ആരോപണം ഉന്നയിച്ചത്. അദ്ധ്യാപനത്തിൽ നിന്ന് വിരമിക്കുന്ന വേളയിൽ ശശികുമാർ ഫേസ്ബുക്കിൽ അനുഭവക്കുറിപ്പ് പങ്കുവച്ചതിന് താഴെ കമന്റായാണ് പെൺകുട്ടികൾ മീടു ആരോപണം ഉന്നയിച്ചിരുന്നത്. അദ്ധ്യാപകനായിരുന്ന 30 വർഷത്തിനിടെ ശശികുമാർ സ്കൂളിലെ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം.
നിരവധി കുട്ടികളുടെ പരാതി ലഭിച്ചിട്ടും സ്കൂൾ മാനേജ്മെന്റ് അദ്ധ്യാപകനെതിരെ നടപടി സ്വീകരിച്ചില്ലെന്ന് പൂർവ വിദ്യാർത്ഥി കൂട്ടായ്മ ആരോപിച്ചിരുന്നു.അറുപതോളം വിദ്യാർത്ഥിനികൾ പീഡിപ്പിക്കപ്പെട്ടെന്നാണ് സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മ പറഞ്ഞിരുന്നത്. 2019ൽ സ്കൂൾ അധികൃതരോട് ചില വിദ്യാർത്ഥിനികൾ പരാതിപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് പൂർവ വിദ്യാർത്ഥി കൂട്ടായ്മ പറയുന്നു.
മലപ്പുറം നഗരസഭാംഗമായിരുന്നു ശശികുമാർ. പരാതി ഉയർന്നതിനെ തുടർന്ന് നഗരസഭാംഗത്വം ശശികുമാർ രാജിവെച്ചിരുന്നു. സിപിഐഎമ്മിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. മലപ്പുറം വെളുത്തേടത്തുമണ്ണ ബ്രാഞ്ച് അംഗമായിരുന്നു കെ.വി. ശശികുമാർ.
മറുനാടന് മലയാളി ബ്യൂറോ