കൊച്ചി: അതിസാഹസികമായി പൊലീസ് പിടികൂടിയ കൊള്ളപ്പലിശക്കാരൻ മഹാരാജ മഹാദേവന് അപ്രതീക്ഷിത ജാമ്യം. ഒരു ദിവസം പോലും കസ്റ്റഡിയിൽ വെക്കാൻ കഴിയാത്തത് പൊലീസിന്റെ താൽപര്യക്കുറവും വീഴ്ചയുമാണെന്ന് ഇതിനോടകം ആരോപണവും ഉയർന്നിട്ടുണ്ട്. ഇത്ര കഷ്ടപ്പെട്ട ചെന്നൈയിൽ പോയി പിടികൂടിയത് തിരിച്ച് ജാമ്യത്തിൽ അയക്കാൻ വേണ്ടിയാണോ എന്നതിലാണ് അമർഷം ഉയരുന്നത്.അന്വേഷണം നടന്നുകൊണ്ടിരിക്കെ ഇയാൾക്ക് ജാമ്യം ലഭിച്ചത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ കോടതിയിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചത്.

പള്ളുരുത്തിയിലെ കൊള്ളപ്പലിശ കേസിൽ ചെന്നൈയിൽനിന്ന് അതി സാഹസികമായാണ് മഹാരാജനെ പൊലീസ് പിടികൂടിയത്. പള്ളുരുത്തി സ്വദേശിയായ ഫിലിപ്പ് എന്ന വ്യക്തി നല്ഡ#കിയ പരാതിയിലാണ് മഹാരാജയെ അറസ്റ്റ് ചെയ്തത്. മുൻപ് മൂന്ന് മാസം മുൻപ് ഇയാളെ പിടികൂടി കേരളത്തിലേക്ക് കൊണ്ട വരും വഴി ഗുണകൾ പൊലീസിനെ അക്രമിച്ച് ഇയാളെയും കൊണ്ട് പോവുകയായിരുന്നു.

വിമാനമാർഗം കൊച്ചിയിലെത്തിച്ചാണ് ഇയാളെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയത്. മഹാരാജനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാനും ചെന്നൈയിൽ അടക്കം കൊണ്ടുപോയി തെളിവെടുക്കാനുമായിരുന്നു പൊലീസിന്റെ നീക്കം. മഹാരാജന് ജാമ്യം ലഭിച്ചത് പൊലീസിന് വലിയ തിരിച്ചടിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയായിരുന്നു മഹാരാജനെതിരെ കേസെടുത്തിരുന്നത്. എന്നാൽ, ഇയാളെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ സർക്കാർ അഭിഭാഷകൻ ഇല്ലാതിരുന്നതിനാൽ കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരുന്നില്ല.

മഹാരാജൻ ജാമ്യത്തിൽ പുറത്തിറങ്ങിയതോടെ കേസന്വേഷണം പ്രതിസന്ധിയിലായി. മഹാരാജനെ അറസ്റ്റ് ചെയ്യുന്നതിനും പിന്നീട് അറസ്റ്റ് ഒഴിവാക്കുന്നതിനും പൊലീസിനു മേൽ വലിയ സമ്മർദ്ദമുണ്ടായിരുന്നെന്നാണ് സൂചന. ശനിയാഴ്ചയാണ് മഹാരാജനെ ചെന്നൈയിൽനിന്ന് സിഐ അനീഷിന്റെ നേതൃത്വത്തിലുള്ള കേരള പൊലീസ് സംഘം പിടികൂടിയത്. ചെന്നൈ വിരുഗമ്പാക്കത്തുള്ള വീട് വളഞ്ഞ പൊലീസ് ആകാശത്തേക്ക് വെടിവെച്ച് അനുയായികളെ വിരട്ടിയതിന് ശേഷമാണ് ഇയാളെ പിടികൂടിയത്.

കേരളം കേന്ദ്രീകരിച്ച് 500 കോടി രൂപയുടെ കൊള്ളപ്പലിശ ഇടപാട് നടത്തിയ സംഘത്തിന്റെ തലവനാണ് മഹാരാജൻ. ജൂലായിൽ അറസ്റ്റുചെയ്ത് കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ കോയമ്പത്തൂരിൽ വെച്ച് അനുയായികൾ പൊലീസ് വാഹനം ആക്രമിച്ച് മഹാരാജനെ രക്ഷപ്പെടുത്തിയിരുന്നു. പള്ളുരുത്തി സ്വദേശി ഫിലിപ്പിന്റെ പരാതിയെത്തുടർന്നാണ് കോടിക്കണക്കിന് രൂപ പലിശയ്ക്ക് വായ്പ നൽകുന്ന തമിഴ്‌നാട് സ്വദേശി മഹാരാജൻ രണ്ടുമാസം മുമ്പ് പിടിയിലായത്. ഓപ്പറേഷൻ കുബേരയുടെ ഭാഗമായി മഹാരാജന്റെ അനുയായികളെ നേരത്തേ അറസ്റ്റുചെയ്തിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു തമിഴ്‌നാട്ടിലെ വിരുതംപാക്കം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇയാളുടെ വീടിന് തൊട്ടടുത്ത ജംങ്ങ്ഷനിൽവെച്ച് മഹാരാജനെ പിടികൂടിയത്. കഴിഞ്ഞ നാല് ദിവസമായി മഹാരാജ താമസിക്കുന്ന വിഐപി കോളനിയിൽ എത്തി ഇയാളെ നിരീക്ഷിച്ച് വരുകയായിരുന്നു പള്ളുരുത്തി സിഐ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം. എന്നാൽ പ്രതിയെ തനിച്ച് കിട്ടാനായി സിഐയും സംഘവും ക്ഷമയോടെ കാത്തിരുന്നു. ഉച്ചയോടെ വീട്ടിൽ നിന്ന് തൊട്ടടുത്ത ജംങ്ങ്ഷനിലേക്ക് ഇറങ്ങുകയായിരുന്ന മഹാരാജനെ സ്വകാര്യവാഹനം കുറുകെയിട്ട് എട്ടംഗ സംഘം വളയുകയായിരുന്നു. പിന്നാലെ ഇയാളുടെ ഭാര്യയും മക്കളും അണികളുമടക്കം വൻ സംഘം പൊലീസിനെ വളഞ്ഞു.

ഇതോടെ സിഐ അനീഷ് ആകാശത്തേക്ക് ഒരു റൗണ്ട് വെടിയുതിർത്തു. ലോക്കൽ പൊലീസിനെ വിവരമറിയച്ചതിനെതുടർന്ന് വിരുതാംപാക്കം പൊലീസ് സ്റ്റേഷനിൽ നിന്ന് പൊലീസ് സംഘമെത്തി പ്രതിയെ അങ്ങോട്ട് മാറ്റി. വലിയ റെസിഡെനൻഷ്യൽ കോളനിയിലെ ആഡംബര വീട്ടിലായിരുന്നു മഹാരാജ താമസിച്ച് വന്നിരുന്നത്. ഇയാൾക്കൊപ്പം സദാസമയവും ഗുണ്ടാ സംഘങ്ങൾ ഉള്ളതിനാൽ വീട്ടിലേക്ക് കയറി പിടികൂടുക ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഇതിനാലാണ് പ്രതി വീടിന് പുറത്തേക്ക് ഇറങ്ങുന്നതിനായി കാത്തിരുന്നതെന്ന് സിഐ മറുനാടൻ മലയാളിയോട് പറഞ്ഞു. ചെന്നൈയിൽ നിന്ന് ഇന്ന് രാവിലെ ആറ് മണിയോടെ പ്രതിയേയും കൊണ്ട് വിമാനമാർഗ്ഗം കരിപ്പൂർ വിമാനത്താവളത്തിലെത്തിയ സംഘം കൊച്ചിയിലെത്തിയത്.