ഭോപ്പാൽ: ക്ഷേത്രത്തിന് മുന്നിൽ നൃത്തം ചെയ്ത യുവതിക്കെതിരെ പൊലീസ് കേസ്. മധ്യപ്രദേശിലാണ് സംഭവം. ക്ഷേത്രത്തിന് പുറത്ത് ബോളിവുഡ് ഗാനത്തിനാണ് യുവതി നൃത്തം ചെയ്തത്. യുവതിയുടെ നൃത്തം സോഷ്യൽ മീഡയയിൽ വൈറൽ ആയിരുന്നു. ഇതിന് പിന്നാലെ യുവതിക്കെതിരെ ബജ്റംഗ് ദൾ പ്രവർത്തകർ പരാതിയും നൽകിയിരുന്നു.

ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതിനായി രാമ-സീത ക്ഷേത്രമായ ജന്റായ് തോരിയ മന്ദിരത്തിന് പുറത്ത് യുവതി അശ്ലീലമായി നൃത്തം ചെയ്തുവെന്നാരോപിച്ചാണ് ബജ്‌റംഗ് ദൾ നേതാവ് പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് പൊലീസ് യുവതിക്കെതിരെ കേസെടുത്തത്.

2.5 മില്യൺ ഫോളോവേഴ്സ് ഉള്ള തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് യുവതി വീഡിയോ പോസ്റ്റ് ചെയ്തത്. തന്റെ വീഡിയോ മത വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കിൽ താൻ ഖേദിക്കുന്നുവെന്നും അവരോട് ക്ഷമ ചോദിക്കുന്നുവെന്നും ഇൻസ്റ്റാഗ്രാമിൽ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതാണ് തന്റെ കുടുംബത്തിന്റെ പ്രധാന വരുമാന മാർഗമെന്നും യുവതി പറഞ്ഞു.