ബംഗളൂരു: കർണാടകയിലെ ശിവമോഗയിൽ ബജ്റംഗ്ദൾ പ്രവർത്തകനെ വെട്ടിക്കൊന്നു. ബജ്റംഗ്ദൾ പ്രവർത്തകൻ ഹർഷ (26)യാണ് കൊല്ലപ്പെട്ടത്.ഞായറാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം.സീഗിഹട്ടിയിൽ തയ്യൽ കട നടത്തിവരികയാണ് അദ്ദേഹം.

കടയടച്ച് വീട്ടിലേക്ക് മടങ്ങവെ പിന്തുടർന്നെത്തിയ അജ്ഞാതർ ഹർഷയെ മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ഹർഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രവർത്തകന്റെ കൊലപാതകത്തെത്തുടർന്ന് ശിവമോഗയിൽ ബജ്റംഗ്ദൾ അക്രമം അഴിച്ചുവിട്ടു. ശിവമോഗ നഗരത്തിലെ സീഗെഹട്ടി മേഖലയിൽ നാല് വാഹനങ്ങൾ അക്രമികൾ അഗ്‌നിക്കിരയാക്കി.ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തീ അണച്ചത്. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ ശിവമോഗയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

അനിഷ്ട സംഭവങ്ങളെത്തുടർന്ന് നഗരത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച രാത്രി തന്നെ കൂടുതൽ പൊലീസ് സേനയെ ശിവമോഗയിൽ വിന്യസിച്ചു. കൂടാതെ സ്‌കൂളുകളും കോളജുകളും ഒരുദിവസം അടച്ചിട്ടു.

സമൂഹമാധ്യമങ്ങളിൽ ഹിന്ദു അനുകൂല പോസ്റ്റുകൾ ഇടാറുള്ള ഹർഷയ്ക്ക് മതമൗലികവാദികളിൽ നിന്നും ഭീഷണി നിലനിന്നിരുന്നതായും പൊലീസ് പറയുന്നുണ്ട്.ധാരാളം ഭീഷണി കോളുകൾ ഹർഷയ്ക്ക് വന്നിരുന്നുവെന്ന് കുടുംബവും മൊഴി നൽകിയിട്ടുണ്ട്.

നിരവധി ബജ്റംഗ്ദൾ പ്രവർത്തകർ ഹർഷയെ പ്രവേശിപ്പിച്ച ശിവമോഗ ജില്ലയിലെ മക്ഗാൻ ആശുപത്രിയിൽ തടിച്ചുകൂടി.കൊലപാതകത്തിൽ ഉൾപ്പെട്ട പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി സംഘപരിവാർ സംഘടനകൾ ശിവമോഗയിലെ മക്ഗാൻ ആശുപത്രി മോർച്ചറിക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. കൊലപാതകം നടത്തിയവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.