- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോക്കിയോയിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ; ഒളിമ്പിക്സ് ഗുസ്തിയിൽ ബജ്റംഗ് പുനിയക്ക് വെങ്കലം; 65 കിലോ ഫ്രീസ്റ്റൈലിൽ മൂന്ന് തവണ ഏഷ്യൻ ചാംപ്യഷിപ്പ് നേടിയ കസാഖ്സ്താൻ താരത്തെ വീഴ്‌ത്തിയത് 8-0 എന്ന സ്കോറിന്; ലണ്ടൻ ഒളിമ്പിക്സിന് ശേഷം ഗോദയിൽ ഇന്ത്യയുടെ രണ്ടാം മെഡൽ നേട്ടം
ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ. ഒളിമ്പിക് ഗുസ്തിയിൽ പുരുഷന്മാരുടെ 65 കിലോ ഫ്രീസ്റ്റൈലിൽ ഇന്ത്യയുടെ ബജ്റംഗ് പുനിയ വെങ്കലം നേടി. ഒളിംപിക് ഗോദയിലെ സുവർണ സ്വപ്നങ്ങൾ തകർന്നതിന്റെ വിഷമം വെങ്കല മെഡൽ പോരാട്ടത്തിലെ തകർപ്പൻ പ്രകടനത്തിലൂടെ ബജ്രംഗ് പൂനിയ തീർത്തു.
വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ മൂന്ന് തവണ ഏഷ്യൻ ചാംപ്യൻഷിപ്പ് നേടിയിട്ടുള്ള കസാഖ്സ്ഥാന്റെ ദൗളത് നിയാസ്ബെകോവിനെയാണ് ബജ്റംഗ് വീഴ്‌ത്തിയത്. 8-0 എന്ന സ്‌കോറിൽ ആധികാരികമായിരുന്നു പുനിയയുടെ വിജയം. ആദ്യ റൗണ്ടിൽ രണ്ട് പോയന്റ് നേടിയ പുനിയ രണ്ടാം റൗണ്ടിൽ ആറ് പോയന്റുകൾ കൂടി സ്വന്തമാക്കിയാണ് വെങ്കല മെഡൽ ഉറപ്പിച്ചത്.
ഒളിമ്പിക് ചരിത്രത്തിൽ ഗുസ്തിയിൽ ഇന്ത്യയുടെ ഏഴാം മെഡലാണിത്. രവികുമാർ ദഹിയക്ക് ശേഷം ടോക്യോ ഒളിമ്പിക്സിൽ ഗുസ്തിയിൽ ഇന്ത്യയുടെ രണ്ടാമത്തെ മെഡലും.
News Flash:
- India_AllSports (@India_AllSports) August 7, 2021
Bajrang Punia wins Bronze medal.
Bajrang BEAT reigning World Silver medalist Daulet Niyazbekov 8-0.
Its 6th medal for India at Tokyo ???? #Tokyo2020 #Tokyo2020withIndia_AllSports pic.twitter.com/XFf5NAB2Ha
ഇതോടെ, ആറാം മെഡലുമായി ഇന്ത്യ ഒളിംപിക്‌സ് ചരിത്രത്തിൽ തങ്ങളുടെ തന്നെ ഏറ്റവുമുയർന്ന മെഡൽ നേട്ടത്തിന് ഒപ്പമെത്തി. 2012ൽ ലണ്ടനിലാണ് ഇന്ത്യ ഇതിനു മുൻപ് ആറു മെഡലുകൾ നേടിയത്. ടോക്കിയോയിൽ വനിതകളുടെ ഭാരോദ്വഹനത്തിൽ മീരാബായ് ചാനു, ഗുസ്തിയിൽ രവികുമാർ ദാഹിയ എന്നിവരാണ് ഇന്ത്യയ്ക്കായി വെള്ളി നേടിയത്. ബാഡ്മിന്റൻ സിംഗിൾസിൽ പി.വി. സിന്ധു, ബോക്‌സിങ്ങിൽ ലവ്ലിന ബോർഗോഹെയ്ൻ, ഇന്ത്യൻ പുരുഷ ഹോക്കി ടീം എന്നിവർ വെങ്കലവും നേടി.
നേരത്തെ, സുവർണ പ്രതീക്ഷയുമായി സെമിയിലെത്തിയ ബജ്രംഗ് പൂനിയയെ മൂന്നു തവണ ലോക ചാംപ്യനായിട്ടുള്ള അസർബെയ്ജാൻ താരം ഹാജി അലിയേവാണ് തോൽപ്പിച്ചത്. ഇതോടെയാണ് റെപ്പഷാ് റൗണ്ട് ജയിച്ചെത്തിയ നിയാസ്‌ബെക്കോവുമായുള്ള വെങ്കല മെഡൽ പോരാട്ടത്തിന് അരങ്ങൊരുങ്ങിയത്.
സെമിയിൽ 12 - 5എന്ന സ്‌കോറിലാണ് ഹാജി അലിയേവ് വീഴ്‌ത്തിയത്. ബജ്രംഗിന്റെ സ്ഥിരം ദൗർബല്യമായ കാലുകൾ കൊണ്ടുള്ള പ്രതിരോധം മുതലെടുത്ത അലിയേവ് ആദ്യ പീരിയഡിൽ തന്നെ 4 - 1നു മുന്നിലെത്തി. 2ാം പീരിയഡിൽ അസർബെയ്ജാൻ താരം 8 - 1 നു മുന്നിലെത്തിയ ശേഷം ബജ്രംഗ് തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും സമയമുണ്ടായില്ല. നേരത്തേ കിർഗിസ്ഥാന്റെ എർനാസർ അക്മതാലിയേവ്, ഇറാന്റെ മുർത്തസ ചേക്ക ഗിയാസി എന്നിവരെ തോൽപിച്ചാണു ബജ്രംഗ് സെമിയിലെത്തിയത്.
നേരത്തെ, 86 കിലോ വിഭാഗത്തിൽ ദീപക് പൂനിയക്ക് നാലാം സ്ഥാനമാണ് ലഭിച്ചിരുന്നത്. വെങ്കലത്തിനായുള്ള മത്സരത്തിൽ സാൻ മറിനോയുടെ മൈൽസ് അമൈനോട് പരാജയപ്പെടുകയായിരുന്നു. അതേസമയം വനിതകളുടെ 50 ഫ്രീസ്‌റ്റൈലിൽ സീമ ബിസ്ല ടുണീഷ്യൻ താരം സാറ ഹംദിയോട് പരാജയപ്പെട്ടിരുന്നു.
സ്പോർട്സ് ഡെസ്ക്