ലഖ്‌നൗ: ബൂലന്ദ്ഷഹർ കലാപത്തിൽ പൊലീസുകാരൻ കൊല്ലപ്പെട്ടതിന് പിന്നിൽ ബംജ്റംഗ് ദളിന്റെ ഗൂഢാലോചനയോ. എൻഡിടിവിയടക്കമുള്ള ദേശീയമാധ്യമങ്ങൾ ഉത്തർ പ്രദേശിയെ ബുലന്ദ്ഷഹറിൽ നടത്തിയ അന്വേഷണത്തിൽ സംഭവത്തിൽ ആസൂത്രിത നീക്കം നടന്നിട്ടുണ്ടെന്നാണ് പറയുന്നയത്. പവിന്റെ ജഡം കണ്ടെത്തിയതിന് തുടർന്നുണ്ടായ കലാപത്തിൽ 400 പേരോളം വരുന്ന ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പോയതായിരുന്നു പൊലീസ് ഇൻസ്‌പെക്ടറായ സുബോധ് കുമാർ സിങ്.ആൾക്കൂട്ടത്തെ നേരിടുന്നതിനിടെ കല്ലറുണ്ടാകുകയും അതിനിടയിൽ വെടിയേറ്റാണ് സുബോധ് സിങ് കൊല്ലപ്പെടുന്നത്. 20കാരനായ പ്രദേശവാസിയും കലാപത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

കലാപം കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം ദേശീയതലത്തിൽ ഉയർത്തിയതാടെ മോദി സർക്കാറിന് വീണ്ടും തിരിച്ചടിയായിട്ടുണ്ട്. ഒരു സത്യസദ്ധനായ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിട്ടും യാതൊരു പ്രതികരണവും നടത്താത്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ദാദ്രിയിലെ അഖ് ലാഖ് വധം അന്വേഷിച്ച ഇൻസ്‌പെക്ടർ സുബോധിനെ ലക്ഷ്യമിട്ടാണ് ഈ കലാപം ഉണ്ടായതെന്ന സംശയവും ബലപ്പെടുകയാണ്. എന്തുകൊണ്ട് മോദി ഭരണത്തിൻ കീഴിൽ സത്യസന്ധരായ ഉദ്യോഗസ്ഥർ കൊല്ലപ്പെടുന്നുവെന്നും കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നു.

അതേസമയം, അക്രമം ആസൂത്രിതമായിരുന്നെന്ന് വ്യക്തമാക്കുന്നതാണ് തിങ്കളാഴ്ച നടന്ന സംഭവവികാസങ്ങളെന്ന് ദേശയ മാധ്യമങ്ങൾ റിപ്പോർ ട്ട് ചെയ്തു. ബുലന്ദ്ഷഹറിന് 40 കിലോമീറ്റർ ദൂരത്തുള്ള സ്യാന താലൂക്കിലെ മഹാവ് ഗ്രാമത്തിലെ കരിമ്പുപാടത്താണ് കന്നുകാലി അവശിഷ്ടം കണ്ടെത്തിയത്. വയലുടമ ഉടൻ പൊലീസിനെ അറിയിക്കുകയും അവർ എത്തുകയും ചെയ്തു. എന്നാൽ, വൈകാതെതന്നെ ഗ്രാമത്തിനു പുറത്തുനിന്നും ബജ്‌റംഗ്ദൾ പ്രവർത്തകർ എത്തുകയായിരുന്നു. വയലുടമ അറിയിച്ചാണ് എത്തിയതെന്നാണ് പ്രതിഷേധക്കാർ പറഞ്ഞതെങ്കിലും താൻ ആരെയും വിളിച്ചുവരുത്തിയിട്ടില്ലെന്നാണ് അയാളുടെ വിശദീകരണം.പശുവിനെ അറുത്തെന്നു പറഞ്ഞാണ് ബജ്‌റംഗ് ദളുകാർ പ്രശ്‌നമുണ്ടാക്കിയത്. എന്നാൽ, അറവുകാർ ഉപേക്ഷിക്കുന്നപോലുള്ള അവശിഷ്ടമല്ല വയലിൽ കണ്ടെത്തിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആ ഗ്രാമത്തിന്റെ സമീപപ്രദേശങ്ങളിലൊന്നും അറവുശാലകളില്ലെന്ന് ഗ്രാമീണർ പറയുന്നു.

മഹാവിൽനിന്നും ചിങ് രാവതി പൊലീസ് പോസ്റ്റിനു സമീപത്തെത്തിയ ബജ്‌റംഗ്ദളുകാർ കേസെടുക്കാൻ ആവശ്യപ്പെട്ടു പ്രതിഷേധം തുടങ്ങി. പിന്നീട് പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമായി. ഇരുഭാഗത്തുനിന്നും വെടിവെപ്പുണ്ടായി. ഇൻസ്‌പെക്ടർ സുബോധ് കുമാറിനെ ലക്ഷ്യമിട്ട അക്രമികൾ അയാളെ പിടിക്കൂ, വെടിവയ്ക്കൂവെന്ന് ആക്രോശിക്കുന്ന ദൃശ്യങ്ങളും പ്രാദേശിക ചാനലുകൾക്ക് ലഭിച്ചിട്ടുണ്ട്. പൊലീസ് ഇക്കാര്യവും ഗൗരവാമയി അന്വേഷിക്കുന്നത്.

ബൂലന്ദ്ഷഹറിലുണ്ടായ സംഭവം വലിയ ഗൂഢാലോചനയാണെന്ന്. പൊലീസ് ഡയറക്ടർ ജനറൽ ഒപി സിങ് വ്യക്താമക്കിയിരുന്നു. ഇത് വെറുമൊരു ക്രമസമാധാന പ്രശ്‌നം മാത്രമല്ല. എങ്ങനെയാണ് പശുവിന്റെ ജഡം ഇവിടെ എത്തിയത്. ആര് കൊണ്ടു വന്നു എന്നതെല്ലാം പരിശോധിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ മനപ്പൂർവ്വം സാമുദായിക കലാപം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നോ എന്നും പൊലീസ് പരിശോധിച്ചു വരികയാണ്.സുരക്ഷാ അവലോകന യോഗം രാവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ചു ചേർത്തെങ്കിലും പൊലീസ് ഇൻസ്‌പെക്ടർ കൊല്ലപ്പെട്ടതിൽ പ്രസ്താവന നടത്താൻ അദ്ദേഹം തയ്യാറായില്ല.പശുവിന്റെ ജഢത്തിന്റെ പഴക്കം എത്രയെന്ന ഉടൻ നിർണയിക്കുമെന്ന് യുപി പൊലീസ് മേധാവി അറിയിച്ചു. പ്രതിഷേധത്തിന്റെ സൂത്രധാരനെന്നു കരുതപ്പെടുന്ന ബജ്‌റങ്ദൾ നേതാവായ യോഗേഷ് രാജ്, മഹാവിൽനിന്ന് നാലു കിലോമീറ്റർ അകലെയുള്ള നയാബാസ് ഗ്രാമക്കാരനാണ്. യോഗേഷ് ഉൾപ്പെടെ മഹാവിന് പുറത്തുനിന്നുള്ളവരായിരുന്നു പ്രതിഷേധക്കാരിൽ ഭൂരിപക്ഷവും.

പശുവിന്റെ അവശിഷ്ടം കണ്ടെത്തിയതിന്റെ പേരിലുണ്ടായ സംഘർഷം വൻ വർഗ്ഗീയ കലാപമായി മാറാതിരുന്നത് പൊലീസിന്റെ സമയോചിതമായ ഇടപെടലിനെത്തുടർന്നാണ്. ബജ്‌റംഗ്ദളിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം മറ്റിടങ്ങളിലേക്ക് വ്യാപിക്കാതെ തടഞ്ഞത് പൊലീസിന്റെ ഇടപെടലാണെന്ന് പ്രദേശവാസികൾ പറയുന്നു.ഗോഹത്യയുടെ പേരിലുള്ള പ്രതിഷേധം സംഘർഷത്തിലേക്കു മാറിയത് തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ഓടെയായിരുന്നു. ബൂലന്ദ്ഷഹറിൽ നടന്നുവന്ന 'തബ് ലീഗി ജമായത്ത്' സമ്മേളനം കഴിഞ്ഞ് ആളുകൾ മടങ്ങുന്ന സമയവും അതായിരുന്നു. ഇവരെ ലക്ഷ്യമിട്ട് ബജ്‌റംഗ്ദൾ പ്രവർത്തകർ ദേശീയപാതയിൽ ഗതാഗതം തടഞ്ഞു. എന്നാൽ, പൊലീസുകാരും സാമൂഹിക പ്രവർത്തകരും ചേർന്ന് ഇവരെ വഴിതിരിച്ചുവിട്ടതോടെ വലിയ സംഘർഷം ഒഴിവായി.

മാത്രവുമല്ല, നാട്ടുകാരനായ സുമിത്തും ഇൻസ്‌പെക്ടറും കൊല്ലപ്പെട്ടതോടെ ബജ്‌റംഗ്ദൾ പ്രവർത്തകർ പ്രതിരോധത്തിലായി. അതോടെ, ഗോഹത്യയുടെ പേരിലുള്ള പ്രചാരണവും പ്രതിഷേധവും അവസാനിപ്പിക്കേണ്ടിയും വന്നു.ബൈക്കിൽ കൂട്ടുകാരനെ കൊണ്ടുവിടാൻ വന്നപ്പോഴാണ് ചിങ് രാവതിയിൽനിന്ന് അരക്കിലോമീറ്റർ അകലെ താമസിക്കുന്ന ബിരുദവിദ്യാർത്ഥിയായ സുമിത്തിന് വെടിയേറ്റതെന്നും പ്രദേശവാസികൾ പറയുന്നു. നിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ അർധസൈനികർ ഉൾപ്പെടെ കനത്ത കാവലിലാണ് മുസ്ലിം ജനസംഖ്യ ഏറെയുള്ള ബുലന്ദ്ശഹർ പട്ടണവും പരിസരപ്രദേശങ്ങളും. കൊല്ലപ്പെട്ട സുമിത്തിന്റെ സംസ്‌കാരച്ചടങ്ങുകൾ നടക്കുന്നതിനാൽ സംഘർഷസ്ഥലത്തേക്ക് ചൊവ്വാഴ്ച പുറത്തുനിന്നുള്ള ആരെയും പ്രവേശിപ്പിച്ചില്ല. ഇപ്പോഴും പ്രദേശം കനത്ത പൊലീസ് നിരീക്ഷണത്തിലാണ്.