ദിവസങ്ങൾക്കുമുമ്പ് ചാവേറാക്രമണത്തിൽ 22 പേർ മരിക്കുകയും 116 പേർക്ക് പരിക്കേൽക്കുകയും ചെയ്ത മാഞ്ചസ്റ്റർ അരീനയിൽനിന്ന് ഏറെയകലെയല്ലാതെ ബക്താഷ് നൂറി നിന്നു. കൈകൾ ഇരുവശത്തേയ്ക്കും വിരിച്ച്, കണ്ണുകൾ മൂടിക്കെട്ടി അവൻ നിന്നു. സമീപത്ത് ഒരു ബോർഡും. ഞാനൊരു മുസ്ലീമാണ്. എനിക്ക് നിങ്ങളെ വിശ്വാസമാണ്. എന്നെ കെട്ടിപ്പിടിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ?

മാഞ്ചസ്റ്റർ തെരുവിൽ ബക്താഷിന്റെ നിൽപ് ആദ്യമൊന്നും ആരും ശ്രദ്ധിച്ചില്ല. പിന്നീട് ഒരാൾ വന്നു അതുകണ്ട് വേറൊരാൾ. പിന്നീട് കടന്നുപോയവരൊക്കെ ബക്താഷിനെ കെട്ടിപ്പുണർന്നു. എല്ലാവരോടും നന്ദിപറഞ്ഞ് ബക്താഷ് തെരുവിൽ നിന്നു. സോഷ്യൽ ബ്ലോഗറായ ബക്താഷ് ഈ ദൃശ്യങ്ങളൊക്കെ ചിത്രീകരിച്ച് തന്റെ യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തു. ഒരു സ്‌ഫോടനവും സാധാരണക്കാരായ മുസ്ലീങ്ങൾക്കുനേരെ വിദ്വേഷമുയർത്തുന്നില്ലെന്ന് തെളിയിക്കുകയാണ് ഈ വീഡിയോയിലൂടെ ബക്താഷ് ലക്ഷ്യമിട്ടത്.

നിങ്ങൾ ഒറ്റയ്ക്കല്ല, സമൂഹത്തിന് പുറത്താണെന്ന് കരുതുകയും വേണ്ട എന്നുപറഞ്ഞുകൊണ്ടാണ് ആദ്യത്തെയാൾ ബക്താഷിനെ ആലിംഗനം ചെയ്തത്. പിന്നീടെത്തിയവരെല്ലാം ഞങ്ങൾക്ക് നിങ്ങളെ വിശ്വാസമാണെന്ന് പറഞ്ഞുകൊണ്ട് ആലിംഗനം ചെയ്തു. രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ബക്താഷ് ഈ പരീക്ഷണം നടത്തിയത്. ഏതാനും ദിവസം തെരുവിലൂടെ അലഞ്ഞ് ആളുകളുടെ പരിചയം നേടിയശേഷമായിരുന്നു ഈ പരീക്ഷണത്തിന് ഇറങ്ങിയത്.

ആരും തിരിഞ്ഞുനോക്കാതെ ഏതാനും സമയം നിൽക്കേണ്ടിവന്നത് കടുത്ത സങ്കടത്തിന് വഴിവെച്ചുവെന്ന് നൂറി പറയുന്നു. പിന്നീട് നിലയ്ക്കാത്ത ആലിംഗനങ്ങൾ. ഓരോ ആലിംഗനവും സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ലോകം ഊട്ടിയുറപ്പിക്കുന്നതായിരുന്നുവെന്നും ബക്താഷ് അഭിപ്രായപ്പെട്ടു.