ണ്ണൂരിൽ സിപിഎം പാർട്ടികോൺഗ്രസ് നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കമ്യൂണിസ്റ്റ് മൂവ്മെന്റിന് കരുത്തേകിയ മലയാളികളെയെല്ലാം അവിടെ അനുസ്മരിക്കുന്നുണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും ക്രൂരനായ മലയാളി കമ്യൂണിസ്റ്റ് കഴിഞ്ഞ ദിവസം 81ാം മത്തെ വയസ്സിൽ ബ്രിട്ടനിലെ ജയിലിൽവെച്ച് ഈ ലോകം വിട്ടുപോയി. അതായയിരുന്നു സ്വന്തം മകളെയടക്കം ആറു സ്ത്രീകളെ മൂന്ന് പതിറ്റാണ്ടോളം ഗാർഹിക തടവറയിൽവെച്ച് പീഡിപ്പിച്ച കോമ്രഡ് ബാല എന്ന് അറിയപ്പെടുന്ന സഖാവ് അരവിന്ദ് ബാലകൃഷ്ണ. മലയാളം നന്നായി സംസാരിക്കാനും എഴുതാനും അറിയാവുന്ന ഇയാളുടെ ഭൂതകാലം കേരളത്തിൽ ആയിരുന്നു എന്നല്ലാതെ എത് ജില്ലക്കാരനാണ് എവിടെയാണ് എന്ന് ഒന്നും ഇനിയും അറിയില്ല.

മാവോയിസം തലക്ക് പിടിച്ച് ഭ്രാന്തായിപ്പോയ മുനുഷ്യൻ എന്നാണ് ഇദ്ദേഹത്തെകുറിച്ച് ബിബിസി അടക്കമുള്ള ലോക മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. ഡേവിഡ് കോറാഷ് തൊട്ട് നമ്മുടെ നാട്ടിലെ കൽക്കി ഭഗവാൻ വരെയുള്ള ആത്മീയ കൾട്ടുകളെക്കുറിച്ച് നമുക്ക് നന്നായി അറിയാം. എന്നാൽ കമ്മ്യൂണിസം തലക്കുപിടിച്ച് പിന്നീട് സ്വയം ആത്മീയ അവതാരമായി മാറുകയായിരുന്നു സഖാവ് ബാല.

സ്വന്തം മകളെയടക്കം പീഡിപ്പിച്ചതിന്റെ കുറ്റം തെളിഞ്ഞതിനെ തുടർന്ന് 2016ൽ ബ്രിട്ടിഷ് കോടതി ഇയാളെ 23 വർഷം തടവുശിക്ഷയ്ക്കു വിധിക്കായിയിരുന്നു. തുടർന്ന് ഡാർട്ട്മുർ ജയിലിലായിരുന്നു ഇയാൾ. എന്നാൽ കഴിഞ്ഞ ദിവസം ജയിലിൽവെച്ച് വാർധക്യസഹജമായ രോഗങ്ങളാൽ കോമ്രേഡ് ബാല മരിച്ചുവെന്നാണ് ജയിൽ അധികൃതർ അറിയിച്ചത്. സഖാവ് മൂന്ന് പതിറ്റാണ്ട് തടവിലാക്കിയതിന്റെ അനുഭവം മകൾ കാത്തി മോർഗൻ ഡെവീസ് പറഞ്ഞത് ഞെട്ടലോടെയാണ് ലോകം കേട്ടത്. ബി.ബി.സിയും സി.എൻ.എനും, ഗാർഡിയനുമെല്ലാം ഈ യുവതിയുടെ ചരിത്രം വളരെ പ്രധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ സൈക്കോ കമ്യൂണിസ്റ്റിന്റെ കഥ മലയാളത്തിൽ അധികം ചർച്ചയായിട്ടില്ല.

പരന്നവായനയിലൂടെ മാവോയിസത്തിലേക്ക്

കേരളത്തിലായിരുന്നു സഖാവ് ബാല എന്ന് പിൽക്കാലത്ത് അറിയപ്പെട്ട അരവിന്ദൻ ബാലകൃഷ്ണന്റെ ജനനം. എന്നാൽ കേരളത്തിൽ എവിടെയാണെന്ന് വ്യക്തമായിട്ടില്ല. ദ ഗാർഡിയനും ബി.ബി.സിയും അടക്കമുള്ള മാധ്യമങ്ങൾ മലയാളി എന്നല്ലാതെ കേരളത്തിൽ എവിടെ എന്ന് പറയുന്നില്ല. അധികം വൈകാതെ ഇയാൾ സിംഗപ്പൂരിലെത്തി. ഇയാളുടെ പിതാവ് അവിടെ ഒരു സൈനികനായിരുന്നു. റൈഫിൾസ് ഇൻസ്റ്റിറ്റിറ്റിയൂഷനിലും പിന്നീട് യൂണീവേഴ്സിറ്റി ഓഫ് സിംഗപ്പൂരിലുമായി പഠനം പൂർത്തിയാക്കിയ ഇയാൾ വിദ്യാഭ്യാസകാലത്ത് പൊതുവെ ശാന്തനായ ഒരു വിദ്യാർത്ഥിയായിട്ടായിരുന്നു അറിയപെട്ടിരുന്നത്.

എന്നാൽ, പരന്ന വായനയിലൂടെ നേടിയെടുത്ത ഇടതുപക്ഷാഭിമുഖ്യം ഇയാളെ ഒരു അതിതീവ്ര കമ്മ്യുണിസ്റ്റാക്കി മാറ്റുകയായിരുന്നു. ഒരു കമ്മ്യുണിസ്റ്റ് ആണെന്ന് മനസ്സിലായാൽ സിംഗപ്പൂർ ശിക്ഷിച്ചേക്കുമെന്ന ഭയത്താൽ ഇയാൾ ലണ്ടനിലേക്ക് കുടിയേറുകയായിരുന്നു. കുടിയേറ്റ നിയമങ്ങൾ അത്ര കർക്കശമല്ലാതിരുന്ന 1960 കാലഘട്ടങ്ങളിൽ ആർക്കും അഭയമരുളുന്ന ലണ്ടൻ നഗരം ഇയാളെയും സ്വീകരിച്ചു. വർക്കേഴ്സ് ഇൻസ്റ്റിറ്റിയുട്ട് ഓഫ് മാർക്സിസം-ലെനിനിസം- മാവോ സേതുങ്ങ് തോട്ട് എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിൽ എത്തിയതോടെ 1977-ൽ ഇയാളുടെ സിംഗപ്പൂർ പൗരത്വം റദ്ദാക്കപ്പെട്ടു.

രാഷ്ട്ര സുരക്ഷയ്ക്ക് തന്നെ ഭീഷണിയായേക്കാവുന്ന തരത്തിൽ, മുൻവിധികളോടുകൂടിയ തീവ്ര ആശയങ്ങളുമായി നടക്കുന്നു എന്നായിരുന്നു പൗരത്വം റദ്ദാക്കാൻ കാണിച്ച കാരണം. മാത്രമല്ല, അരവിന്ദൻ ബാലകൃഷ്ണൻ അന്നത്തെ യൂറോപ്പിലുള്ള കമ്മ്യുണിസ്റ്റ് നേതാക്കളുമായി ചേർന്ന് സിംഗപ്പൂർ ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നതായും ആരോപണമുയർന്നിരുന്നു.

മാവോയിസ്റ്റിൽ നിന്ന് അത്മീയതയിലേക്ക്

ഇതിനിടയിൽ 1971ൽ ഇയാൾ ലണ്ടനിൽ സ്ഥിരതാമസമാക്കിയ ചന്ദയെ വിവാഹവും കഴിച്ചിരുന്നു.അക്കാലത്ത് ലണ്ടനിലെ പ്രതിഷേധ പ്രകടനങ്ങളിലെല്ലാം മാവോ സേതുങ്ങിന്റെ ചിത്രവുമായി എത്തുന്ന ഇയാൾ ഒരു സ്ഥിരം സാന്നിദ്ധ്യമായിരുന്നു.

നിരവധി ചെറു യോഗങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും തന്റെതായ ഒരു അനുയായി വൃന്ദത്തെ ഉണ്ടാക്കിയെടുക്കാൻ അരവിന്ദൻ ബാലകൃഷ്ണനായി. എന്നാൽ, വിഘടനവാദവും മറ്റും ആരോപിച്ച് ഇയാളെയും അനുയായി വൃന്ദത്തേയും 1974-ൽ കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് ഇംഗ്ലണ്ടിൽ നിന്നും പുറത്താക്കുകയായിരുന്നു. പാർട്ടിക്കും തൊഴിലാളി പ്രസ്ഥാനങ്ങൾക്കുമെതിരെ ആരോപണങ്ങളുന്നയിച്ച് പാർട്ടിയേക്കാൾ വലിയ വിപ്ലവകാരികളായി മാറുവാനായിരുന്നു പിന്നീട് ഇയാളുടെയും അനുയായി വൃന്ദത്തിന്റെയും ശ്രമം. ഇതിന്റെ ഭാഗമായിട്ടായിരുന്നു വർക്കേഴ്സ് ഇൻസ്റ്റിറ്റിയുട്ട് സ്ഥാപിച്ചത്.

1974-76 കാലഘട്ടത്തിൽ ഇയാൾ സൗത്ത് ലണ്ടനിലെ തൊഴിലാളികൾക്കിടയിൽ സജീവമായിരുന്നു. തൊഴിലാളി യൂണിയനുകൾ സാമ്രാജ്യത്വ മുതലാളിത്തത്തിന്റെ ഏജന്റുമാരാണെന്നും അവയിൽ ചേരരുതെന്നുമായിരുന്നു ഇയാൾ തൊഴിലാളികളെ ഉപദേശിച്ചുകൊണ്ടിരുന്നത്. ഏതായാലും കാലക്രമേണ ഇയാളുടെ അതിതീവ്ര നിലപാടുകളോട് യോജിക്കാനാകാതെ അനുയായികൾ ഓരോരുത്തരായി പിരിഞ്ഞുപോകാൻ തുടങ്ങി. അവസാനം 10 വനിതാ അംഗങ്ങളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് ഇയാൾ ഒരു കൾട്ടിന് രൂപം കൊടുക്കുകയായിരുന്നു.

പിന്നീട് ബ്രിക്സ്റ്റണീലേക്ക് താമസം മാറ്റിയ ഇയാളും സംഘവും 1976-ൽ മാവോയുടെ മരണശേഷം അവിടെ ഒരു മാവോ മെമോറിയൽ കേന്ദ്രം ആരംഭിച്ചു. പിന്നീട് ഇവിടെയായി സഖാവ് ബാലയുടെ നേതൃത്വത്തിലുള്ള കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ കേന്ദ്രം. 13 അംഗങ്ങളായിരുന്നു അതിൽ ഉണ്ടായിരുന്നത്. അതിൽ പകുതിപേർ പാർട്ട് ടൈം ജോലികളിൽ ഏർപ്പെട്ട് മുഴുവൻ പേർക്കും ചെലവിന് ആവശ്യമായ പണം കണ്ടെത്തിയിരുന്നപ്പോൾ ബാക്കിയുള്ളവർ വിപ്ലവം നടത്താനുള്ള മുഴുവൻ സമയ പ്രവർത്തനത്തിലായിരുന്നു.

ഈ കേന്ദ്രത്തിനകത്ത് കർശന നിയമങ്ങളായിരുന്നു ഉണ്ടായിരുന്നത്. ആർക്കും ഒറ്റക്ക് പുറത്തുപോകാൻ അനുവാദം ഉണ്ടായിരുന്നില്ല. എന്നാൽ, 1978ൽ ഇവിടം പൊലീസ് റെയ്ഡ് ചെയ്തതോടെ ഈ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം താറുമാറായി. പതിമൂന്നു പേരിൽ പകുതിയോളം പേർ പലവഴിക്ക് പിരിഞ്ഞപ്പോൾ സഖാവ് ബാലയും ആറു സ്ത്രീകളും വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസം തുടർന്നു. ഈ കാലഘട്ടത്തിലാണ് സഖാവിന്റെ കമ്മ്യുണിസത്തിൽ ആത്മീയത കലരുന്നത്.

എല്ലാദൈവങ്ങളും ചേർത്ത പുതിയ ദൈവം

പൊലീസിന്റെ കണ്ണുവെട്ടിച്ചുള്ള ഒളിവു ജീവിതത്തിനിടയിലാണ് സഖാവിന്റെ കൾട്ടിൽ അതിന്ദ്രീയ ശക്തികൾക്കും ദൈവങ്ങൾക്കുമെല്ലാം സ്ഥാനം ലഭിക്കുന്നത്. സൂര്യനും ചന്ദ്രനും കാറ്റും എല്ലാം തന്റെ വരുതിയിലാണെന്ന് കൂടെയുള്ളവരെ ഇയാൾ വിശ്വസിപ്പിച്ചു. പ്രകൃതിക്ഷോഭങ്ങൾ നിയന്ത്രിക്കുവാനും ഭരണകൂടങ്ങളെ അട്ടിമറിക്കാനും തനിക്ക് കെൽപുണ്ടെന്നും ഇയാൾ അവരെ വിശ്വസിപ്പിച്ചു. ഈ കാലഘട്ടത്തിലാണ് ലോകം കീഴടക്കാൻ 'ജാക്കി' (യഹോവ, അള്ള, ക്രൈസ്റ്റ്, കൃഷ്ണൻ, അനശ്വരനായ ഈശ്വരൻ എന്നിവയുടെ ആദ്യാക്ഷരങ്ങൾ ചേർത്താണ് ജാക്കി എന്ന പദം രൂപീകരിച്ചത് JACKIE was an acronym for Jehovah, Allah, Christ, Krishna and 'Immortal Easwaran'.) എന്ന ആശയത്തിന് രൂപം നൽകുന്നത്. 1980ലാണ് ഇയാൾ കൾട്ട് തുടങ്ങുന്നത്. 1986 മുതൽ ഒറ്റ വീട്ടിൽ മറ്റുള്ളവരെ തടങ്കൽപോലെ ജീവിതമാക്കി. 2013ൽ പൊലീസ് പിടിക്കുമ്പോൾ ആണ് ഇതിന് അറുതിയായത്.

ഇതിനിടെ സഖാവിന്റെ മനസ്സും ശരീരവും ലൈംഗികതയിലേക്ക് ആകൃഷ്ടമായി. കൂടെയുണ്ടായിരുന്ന സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂര മർദ്ദനങ്ങൾക്ക് വിധേയരാക്കുകയും ചെയ്തു. മാത്രമല്ല, ഇയാൾ ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുന്നത് കൂടെയുള്ള മറ്റുള്ളവർ കണ്ടു നിൽക്കണമെന്ന നിർബന്ധവും ഉണ്ടായിരുന്നു. മനുഷ്യനെ മരണത്തിൽ നിന്നും രക്ഷിക്കുന്ന അമൃതാണ് തന്റെ ശുക്ലമെന്നായിരുന്നു അയാളുടെ വാദം. അതുകൊണ്ടുതന്നെ കൂടെയുണ്ടായിരുന്ന സ്ത്രീകളെ അത് കഴിക്കാനും അയാൾ പ്രേരിപ്പിച്ചിരുന്നു. എന്നാൽ, അവസാനം പിടിക്കപ്പെട്ടപ്പോൾ അയാൾ അവകാശപ്പെട്ടത് തന്റെ മേൽ അമിതമോഹം ഉണ്ടായതിനാൽ കൂടെയുള്ള സ്ത്രീകൾ തന്നെ ലൈംഗികമായി ഉത്തേജിപ്പിക്കുകയായിരുന്നു എന്നായിരുന്നു.

കമ്മ്യുണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരായാണ് ഈ സ്ത്രീകൾ ഇയാൾക്കൊപ്പം കൂടിയത്. സർവ്വ സ്വാതന്ത്ര്യങ്ങളും വാഗ്ദാനം നൽകുന്ന ആശയത്തിന്റെ പേരിൽ പക്ഷെ, ഇയാൾ ഇവരെ അടിമകളാക്കുകയായിരുന്നു. കൂച്ചുവിലങ്ങുകളൊ മറ്റൊ ഉപയോഗിച്ചല്ല ഇയാൾ ഇവരെ തടവിലാക്കിയത് എന്നതും ശ്രദ്ധേയമാണ്, മസ്തിഷ്‌ക്ക പ്രക്ഷാളനവും വൈകാരിക പീഡനങ്ങളുമായിരുന്നു ഇതിനായി ഇയാൾ ഉപയോഗിച്ചു വന്നത്. അതുകൊണ്ടുതന്നെ ഇയാളെ അനുസരിക്കാൻ അവർ നിർബന്ധിതരാകുകയായിരുന്നു.

മറ്റ് ആറു സ്ത്രീകൾക്കൊപ്പം സ്വന്തം മകളെയും വീട്ടുതടങ്കലിലാക്കി, അടിമയാക്കി വെച്ചിരിക്കുകയായിരുന്നു ഇയാൾ. ശാരീരികമായും മാനസികമായും തന്റെ അടിമകളെ പീഡിപ്പിക്കുന്നതിൽ അതിയായ ആനന്ദം ഇയാൾ കണ്ടെത്തിയിരുന്നത്രെ. മനുഷ്യനെ മരണത്തിൽ നിന്നും രക്ഷിക്കുന്ന അമൃതാണ് തന്റെ ശുക്ലമെന്നാണ് ഈ ആത്മീയ കമ്യൂണിസ്റ്റ് വിശ്വസിച്ചിരുന്നത്. തന്റെ ശുക്ലം മകൾ അടക്കമുള്ള കൾട്ടിലെ ആറ് സ്ത്രീകളെക്കൊണ്ടും ഇയാൾ നിർബന്ധിച്ച് കഴിപ്പിച്ചിച്ചിരുന്നു. ഭാര്യ അടക്കമുള്ളവരെ നിരന്തരം മർദിച്ചും ഇയാൾ ആനന്ദം കണ്ടെത്തിയിരുന്നു. ജാക്കി എന്ന ഒരു ദൈവമാണ് തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നതെന്നും, 1986ൽ അമേരിക്കൻ സ്പേസ് ഷിപ്പ് ചലഞ്ചർ അപകടത്തിൽപ്പെട്ടത് തൊട്ട് ഭൂമി കുലുക്കം വരെയുള്ളവ ജാക്കിയുടെ കോപം കൊണ്ടാണെന്നാണ് ഇയാൾ വിശ്വസിച്ചിരുന്നത്.

2013-ൽ ഇയാളുടെ മകളും മറ്റൊരു അനുയായിയും ബ്രിക്സ്റ്റണിലെ അപ്പാർട്ട്മെന്റിൽനിന്നും രക്ഷപ്പെടുകയായിരുന്നു. തുടർന്നാണ് ഇവർ പൊലീസിനെ വിവരമറിയിക്കുന്നത്. കോടതി മുറിക്കുള്ളിൽ സ്വന്തം പിതാവിനെതിരെ തെളിവുകൾ നിരത്തിയ മകൾ അങ്ങനെ സഖാവ് ബാലയ്ക്ക് 23 വർഷത്തെ ജയിൽ ശിക്ഷ വാങ്ങിക്കൊടുത്തു.

അടിമ ജീവിതം എല്ലാം തകർത്തു

സഖാവ് ബാല തന്റെ അണികളെ ബോദ്ധ്യപ്പെടുത്തിയത് അയാൾ ഒരു ദൈവമാണ് എന്നായിരുന്നു. ദൈവത്തിന്റെ ഇഷ്ടങ്ങൾക്ക് വിഘാതമാകുന്നവർക്ക് കടുത്ത ശിക്ഷ നൽകുവാൻ അതുകൊണ്ടുതന്നെ അനുയായികൾക്ക് സമ്മതവുമായിരുന്നു. ഈശ്വരനേയല്ലാതെ മറ്റൊരാളെ വാഴ്‌ത്തുവാൻ അവകാശമില്ലാത്ത അവർക്ക് എല്ലാ പീഡനങ്ങളും സഹിക്കുമ്പോഴും അയാളെ വാഴ്‌ത്തിപ്പാടേണ്ടി വന്നത് ഈ മസ്തിഷ്‌ക പ്രക്ഷാളനം കൊണ്ടായിരുന്നു.

ജനലുകളും വാതിലുകളും അടച്ചിട്ട മുറിക്കുള്ളിൽ നിന്നും പുറത്തുപോകാൻ കാത്തിക്ക് അവകാശമുണ്ടായിരുന്നില്ല. സ്‌കൂളിൽ പോകുവാനോ മറ്റു കുട്ടികളുമായി ഇടപഴകുവാനോ, എന്തിനധികം, കൾട്ടിനു വെളിയിലുള്ളവരുമായി സംസാരിക്കുവാനോ പോലും അനുവാദമുണ്ടായിരുന്നില്ല. അടിമകൾ ആരെങ്കിലും അനുസരണക്കേടു കാണീച്ചാൽ അവരെ നാണം കെടുത്താനും ദ്രോഹിക്കാനും മറ്റ് അടിമകൾ തന്നെ മുൻകൈ എടുക്കും. കാത്തിയുടെ അമ്മക്കായിരുന്നു ഏറ്റവും കൂടുതൽ പീഡനം അനുഭവിക്കേണ്ടി വന്നത്. കാരണം അവർ ബ്രിട്ടീഷ് പൗരയായതിനാൽ സാമ്രാജ്വത്വ വാദിയെന്ന് പറഞ്ഞ് ദൈവം ഇടക്കിടെ തല്ലും. ഒപ്പം മറ്റുള്ളവരും കൂടും.

കൾട്ടിനകത്താണ് കാത്തി ജനിച്ചു വീഴുന്നത്. അന്ന് അവിടെയുള്ള ഏക ബാലിക എന്നനിലയിൽ തന്റെ കർത്തവ്യം സഖാവ് ബാലയെ ലോകത്തിന്റെ അധിപനാകാൻ സഹായിക്കുക എന്നതായിരുന്നു എന്ന് കാത്തി പറയുന്നു. സർവ്വ അധികാരങ്ങളും കേന്ദ്രീകരിക്കപ്പെട്ട ഒരു കമ്മ്യുണിസ്റ്റ് ഭരണാധികാരിയായി ലോകം വാഴുക എന്നതായിരുന്നത്രെ സഖാവ് ബാലയുടെ സ്വപനം. ഷെല്ട്ടെൻഹാം ലേഡീസ് കോളേജിൽ പഠിക്കുന്ന സമയത്താണ് അതിസമർത്ഥയായ വിദ്യാർത്ഥിനിയായ തന്റെ അമ്മ സഖാവ് ബാലയുടെ വാഗ്ധോരണിയിൽ മയങ്ങി അയാളുടെ അനുയായി ആയതെന്നും അവർ പറഞ്ഞു. അന്ന് അമ്മയ്ക്ക് 20 വയസ്സുമാത്രമായിരുന്നു പ്രായം.

ബന്ധനത്തിൽ നിന്നും മോചനം നേടാനുള്ള ശ്രമത്തിനിടയിലാണ് 1996ൽ കാത്തിയുടെ അമ്മ കെട്ടിടത്തിനു മുകളിൽ നിന്നും വീണു മരിക്കുന്നത്. അന്ന് കാത്തിക്ക് പ്രായം 14 വയസ്സ്. പിന്നീട് 2013ൽ സഖാവിന്റെ മറ്റൊരു അനുയായി ആയ ജോസി ഹെർവീലിന്റെ സഹായത്താലായിരുന്നു കാത്തി രക്ഷപ്പെടുന്നത്. ആരോഗ്യസ്ഥിതി വഷളായിട്ടും കാത്തിയെ ഡോക്ടറെ കാണിക്കുവാനോ ആരുടെയെങ്കിലും സഹായം തേടുവാനോ സഖാവ് ബാല സമ്മതിച്ചില്ല. പിന്നീട് എവിടെനിന്നോ മോഷ്ടിച്ചെടുത്ത ഒരു സെൽഫോൺ ഉപയോഗിച്ച് ഹെല്പ്ലൈനിലെക്ക് വിളിച്ച് കാത്തിയുടേ രോഗാവസ്ഥ അറിയിച്ചത് ജോസി ആയിരുന്നു. തുടർന്നാണ് സന്നദ്ധ സേവകർ എത്തുന്നതും സഖാവ് പിടിയിലാകുന്നതും.

ആ വീട്ടിൽ എന്തോ വിചിത്രമായി സംഭവിക്കുന്നു എന്നല്ലാതെ ഇങ്ങനെയാണ് കാര്യങ്ങൾ എന്ന് തങ്ങൾ അറിഞ്ഞിരുന്നില്ലെന്ന് അയൽവാസികൾ ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ആ വീട്ടിൽ അധികം ആരെയും പുറത്തേക്ക് കാണാറില്ലായിരുന്നു. ഒരു കുട്ടി ഇടക്കിടെ ജനാലയ്ക്കൽ നിന്ന് മാടി വിളിക്കുന്നതും, ചെറിയ കുറിപ്പുകൾ എഴുതിയിടുന്നതും ചില അയൽവാസികൾ കണ്ടിരുന്നു. എന്നാൽ ഈ കുറിപ്പുകളിൽ ഒക്കെയും വായിക്കാൻ പറ്റാത്ത അത്ര ചെറിയ അക്ഷരങ്ങൾളായിരുന്നു.

ആ വീട്ടുതടങ്കലിൽനിന്ന് പുറത്തുവന്നിട്ടും കാത്തിക്ക് വെറും 8 വയസ്സുള്ള കുട്ടിയുടെ മാനസികവാസ്ഥയായിരുന്നു. അവൾക്ക് പൊതുസമൂഹത്തിൽ എങ്ങനെ ഇടപെടമെന്നത് തൊട്ട് റോഡ് മുറിച്ച് കടക്കാൻവരെ പഠിപ്പിച്ചുകൊടുക്കേണ്ടി വന്നു. ഡോക്ടർമാരുടെയും മാനസിക ആരോഗ്യവിദഗ്ധരുടെയും നിരന്തരമായ കൗൺസിലിങ്ങിനെ തുടർന്നാണ് ഇവർക്ക് ആരോഗ്യം വീണ്ടെടുക്കാൻ ആയത്.

തടവിൽ നിന്നും മോചിതയായ ശേഷം സഖാവിന്റെ മകൾ കാത്തി ലേബർ പാർട്ടിയിൽ അംഗത്വം എടുത്തെങ്കിലും ചില അഭിപ്രായ വ്യത്യാസങ്ങൾ കാരണം പാർട്ടിയിൽ സജീവമായില്ല. സഖാവ് ബാലയെ കൾട്ട് ലീഡർ ആക്കിയ അതേ മനോഭാവം ഇപ്പോൾ സമൂഹമാധ്യമങ്ങളിലും മറ്റും വളർന്നു വരുന്നു എന്നാണ് മകൾ കാത്തി മോർഗൻ ഈയടുത്ത് സൺഡേ ടൈംസിനു നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്. 1984 ഘടകം (ജോർജ്ജ് ഓർവെല്ലിന്റെ 1984 എന്ന നോവലിൽ വർണ്ണിക്കുന്ന സമഗ്രാധിപത്യ ഭരണകൂടം എന്ന സങ്കല്പം) ഇവിടെ വീണ്ടും ശക്തിപ്രാപിക്കുകയാണെന്നും ഇവർ പറയുന്നു. ഒരു നിശ്ചിത രീതിയിൽ മാത്രം നമ്മൾ ചിന്തിക്കണം, ഒരു നിശ്ചിത രീതിയിൽ മാത്രം നമ്മൾ സംസാരിക്കണം എന്നൊക്കെയുള്ള അവസ്ഥയാണ് ഇവിടെ സംജാതമാകുന്നത് എന്നും അവർ പറഞ്ഞു.

കമ്യൂണിസം എന്ന നാലാംമതം

നിലവിലുള്ള എല്ലാമതങ്ങയെും ചേർത്തുകൊണ്ട് അതിൽ കമ്യൂണിസ്റ്റ് ദൈവങ്ങളായ മവോയെയും, സ്റ്റാലിൻ, മാവോ, പോൾപോട്ടിനെയും ചേർത്താണ് ഇയാൾ ജാക്കി എന്ന പുതിയ ദൈവത്തെ സൃഷ്്ടിച്ചത് എന്നാണ് മകൾ പറയുന്നത്. ഒട്ടും മനുഷ്യത്വമില്ലാത്തയാളാണ് അരവിന്ദൻ എന്നും അവൾ പ്രതികിരിക്കുന്നു. 'ഭയാനകമായിരുന്നു ആ നാളുകൾ, വളരെ മനുഷ്യത്വവിരുദ്ധവും മോശപ്പെട്ടതും. ചിറകുകൾ മുറിച്ചു കൂട്ടിലടയ്ക്കപ്പെട്ട പക്ഷിയെപ്പോലെയാണ് എനിക്കു തോന്നിയത്. അയാൾ ആത്മരതിക്കാരനും വിചിത്രങ്ങളായ ചിന്തയും പ്രവൃത്തിയുമുള്ള മനോരോഗിയുമാണ്. വീട്ടിൽ സ്റ്റാലിൻ, മാവോ, പോൾപോട്ട് തുടങ്ങിയവരെ വിമർശിക്കാൻ ആരെയും അനുവദിച്ചില്ല. അവരാണ് അയാളുടെ ദൈവങ്ങളും നായകരും. നഴ്സറിപ്പാട്ടു പാടാനോ സ്‌കൂളിൽ പോകാനോ കൂട്ടുകൂടാനോ സമ്മതിച്ചില്ല. ക്രൂരമായി മർദിക്കുക പതിവായിരുന്നു.' കാത്തിയുടെ വാക്കുകൾ.

മാവോയിസവും കമ്യൂണിസവും ഒരു ഘട്ടം കഴിഞ്ഞാൽ തീർത്തും മതാത്മകമാവുമെന്നതിന്റെ തെളിവ് കൂടിയാണ് കോമ്രഡ് ബാലയുടെ അനുഭവം. നമ്മുടെ നാട്ടിൽ കമ്യൂണിസം വിട്ട് സായീ ഭക്തർ ആയവരെയും അമൃതാനന്ദമയീ ഭക്തർ ആയവരെയുമൊക്കെ കാണാൻ കഴിയും. എന്നാൽ അതിലും ഭീകരമായ ഒരു കൾട്ടിലേക്ക് എത്തിപ്പെടുകയാണ് കോമ്രേഡ് ബാല ചെയ്തത്. ഹൂറികളേയും മദ്യപ്പുഴയേയുമൊക്കെയുള്ള ഒരു പേരലോകം സൃഷ്ടിച്ച് കൊണ്ട് ഇസ്ലാമിക തീവ്രാവാദികൾ മനുഷ്യനെ ആശവെച്ച് വിലപേശുന്നത് പോലെ തന്നെയാണ്, തൊഴിലാളിവർഗ സർവാധിപത്യത്തിനുശേഷം വരാനരിരിക്കുന്ന ഒരു സമത്വസുന്ദരമായ ലോകം ചൂണ്ടിക്കാട്ടിയുള്ള, കമ്യൂണിസ്റ്റ് സിദ്ധാന്തകളും. ഡോ സാം ഹാരീസിനെപ്പോലുള്ള ചിന്തകർചൂണ്ടിക്കാട്ടിയപോലെ, അടിമുടി മതാത്മകമാണ് കമ്യൂണിസ്റ്റ് ആശയങ്ങളും. അത് ആൾദൈവങ്ങളിലേക്കും വ്യക്തികൾട്ടുകളിലേക്കും വീണുപോകാൻ അധികം സമയം വേണ്ട്. കോമ്രഡ് ബാല എന്ന മലയാളി നരാധമന്റെ അനുഭവവും അത് ഓർമ്മിപ്പിക്കുന്നു.

വാൽക്കഷ്ണം: ജനലക്ഷങ്ങളെ കൊന്നൊടുക്കിയ സ്റ്റാലിന്റെ ഫോട്ടോ വെച്ച് വിപ്ലവാഭിവാദ്യം അർപ്പിക്കാൻ യാതൊരും മടിയുമില്ലാത്തവരാണ് കേരളത്തിലെ കമ്യൂണിസ്റ്റുകൾ. ഇപ്പോൾ കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിന്റെ പ്രചാരത്തിൽ പോലും നിറഞ്ഞുനിൽക്കുന്നത് സ്റ്റാലിന്റെ പടമാണ്. വെറും ആറുപേരെ മാത്രം പീഡിപ്പിച്ച സഖാവ് ബാലയൊക്കെ സ്റ്റാലിന്റെ മുന്നിൽ എത്ര നിസ്സാരൻ. എം എം ബേബിയൊക്കെ വിചാരിച്ചാൽ വെറും അഞ്ചുമിനുട്ടുകൊണ്ട് സൈന്ധാന്തിക കസർത്തുകളിലൂടെ, സാമ്രാജ്വത്വത്തെയും മുതലാളിത്തത്തെയും എതിർത്തതുകൊണ്ട് സഖാവ് ബാലയെ തടവിലിട്ടു എന്നൊക്കെ പറഞ്ഞ് ഇയാളെ വിശുദ്ധനാക്കാനും കഴിയും!