- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാഭവൻ സോബി പറഞ്ഞതെല്ലാം പച്ചക്കള്ളം; കാറോടിച്ചത് ബാലാഭാസ്കറാണെന്ന ഡ്രൈവർ അർജുന്റെ മൊഴിയും തെറ്റ്; സ്റ്റീഫൻ ദേവസി അപകടമുണ്ടാകുമ്പോൾ ഉണ്ടായിരുന്നത് വിദേശത്ത് എന്നതും സംശയിക്കുന്നവരുടെ മൊഴികളിൽ വൈരുദ്ധ്യം ഇല്ലാത്തതും നിർണ്ണായകമെന്ന് സിബിഐ; നുണ പരിശോധനയിൽ പള്ളിപ്പുറത്തെ ബാലഭാസ്കറിന്റേയും മകളുടേതും അപകട മരണം?
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകട മരണമെന്ന നിഗമനത്തിലേക്ക് സിബിഐ. നുണപരിശോധനാ റിപ്പോർട്ടുകൾ വിലയിരുത്തിയാണ് ഈ നിഗമനത്തിൽ എത്തുന്നത്. ബാലഭാസ്‌കറിനെ കൊല്ലുന്നത് നേരിട്ടു കണ്ടെന്ന കലാഭവൻ സോബിയുടെ മൊഴി കള്ളമാണെന്ന് തെളിഞ്ഞെന്നാണ് സൂചന. എന്നാൽ വാഹനം ഓടിച്ചിരുന്ന ബാലഭാസ്‌കറാണെന്ന ഡ്രൈവർ അർജുന്റെ മൊഴിയും കള്ളമായിരുന്നു. ഇതിന് അപ്പുറത്തേക്ക് ദുരൂഹതയൊന്നും കണ്ടെത്തിയില്ല. ഈ സാഹചര്യത്തിൽ അർജുനെ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. അതിന് ശേഷം ബാലഭാസ്‌കറിന്റെ മരണത്തിൽ അന്തിമ നിലപാടിലേക്ക് സിബിഐ എത്തും.
അപകട മരണമാണ് പള്ളിപുറത്തുണ്ടായതെന്ന നിഗമനത്തിലാണ് സിബിഐ ഇപ്പോൾ. കലാഭവൻ സോബി പല ഘട്ടത്തിലും നുണ പരിശോധനയുമായി സഹകരിച്ചില്ല. പറഞ്ഞതൊന്നും ശരിയാണെന്ന് തെളിയിക്കാനും കഴിഞ്ഞില്ല. സംശയിക്കുന്നവരുടെ നുണ പരിശോധനയിലും അസ്വാഭാവികമായതൊന്നും കിട്ടിയില്ല. ഈ സാഹചര്യത്തിലാണ് അപകടമരണമെന്ന പ്രാഥമിക നിഗമനത്തിലേക്ക് എത്തുന്നത്. അപ്പോഴും വണ്ടി ഓടിച്ചത് ബാലഭാസ്‌കറാണെന്ന കള്ളം ഡ്രൈവർ എന്തിന് പറഞ്ഞുവെന്ന സംശയം ബാക്കിയാണ്. ഈ സാഹചര്യത്തിലാണ് അർജുന്റെ മൊഴിയിലെ വൈരുദ്ധ്യം പരിശോധിക്കുന്നത്. ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹത നിറയാൻ ഏക കാരണം ഡ്രൈവറുടെ കള്ളം പറച്ചിലെന്ന നിഗമനത്തിലാണ് സിബിഐ ഇപ്പോൾ. മാതൃഭൂമി ന്യൂസ് ചാനലാണ് ഈ നുണപരിശോധനയിലെ വിവരങ്ങൾ പുറത്തുവിട്ടത്.
സ്റ്റീഫൻ ദേവസ്യയ്ക്കും ക്ലീൻ ചിറ്റ് നൽകുകയാണ് സിബിഐ. അപകടം നടക്കുമ്പോൾ സ്റ്റീഫൻ സ്ഥലത്തുണ്ടായിരുന്നുവെന്ന അഭ്യൂഹം കളവാണ്. അന്ന് സ്റ്റീഫൻ വിദേശത്തായിരുന്നു. സ്വർണ്ണ കടത്തുമായി ഈ അപകടത്തെ ലിങ്ക് ചെയ്യാനുള്ള തെളിവുകളും സിബിഐയ്ക്ക് കിട്ടിയിട്ടില്ല. പ്രകാശ് തമ്പിയും മറ്റും പറയുന്നതിൽ അസ്വാഭാവികതയും നുണ പരിശോധനയിൽ കണ്ടെത്തിയില്ല. ബാലഭാസ്‌ക്കറും മകളും കൊല്ലപ്പെട്ട വാഹനാപകടത്തിന്റെ ദൃക്സാക്ഷി എന്നവകാശപ്പെടുന്നയാളാണ് കലാഭവൻ സോബി. അപകടം നടക്കും മുമ്പ് തന്നെ ബാലഭാസ്‌കറിന്റെ വാഹനത്തോട് സാമ്യമുള്ള വാഹനത്തിനു നേരെ ഒരു സംഘം ആളുകൾ അക്രമം നടത്തിയെന്നും വാഹനത്തിന്റെ മുൻ സീറ്റിൽ അവശ നിലയിൽ ഒരാളെ കണ്ടിരുന്നു എന്നുമാണ് സോബിയുടെ മൊഴി. അപകടം നടന്ന സ്ഥലത്തു നിന്ന് രണ്ടു കിലോ മീറ്റർ അകലെയുള്ള പെട്രോൾ പമ്പിനു മുന്നിലായിരുന്നു ആക്രമണമെന്നും മൊഴിയുണ്ട്. ഈ മൊഴിയിലെ വസ്തുതാ പരിശോധനയാണ് സിബിഐ നടത്തിയത്.
ബാലഭാസ്‌കർ സഞ്ചരിച്ച നീല ഇന്നോവ വന്നുനിൽക്കുന്നതും ഗ്ലാസ് അടിച്ചു തകർക്കുന്നതും താൻ മഞ്ഞ വെളിച്ചത്തിൽ കണ്ടുവെന്ന് നേരത്തെ മരണമൊഴിയെന്ന തരത്തിൽ സോബി റിക്കോർഡ് ചെയ്ത വീഡിയോയിലും ആരോപിച്ചിരുന്നു. സംഭവസ്ഥലത്തേക്ക് മറ്റൊരു ഇന്നോവ വന്നുനിന്നുവെന്നും അന്ന് സോബി വെളിപ്പെടുത്തിയിരുന്നു. അപകടസ്ഥലത്തുവെച്ച് താൻ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്തിനെ കണ്ടിരുന്നു എന്ന് സോബി വെളിപ്പെടുത്തിയത് വിവാദമായിരുന്നു. സ്വർണ്ണക്കടത്ത് കേസ് ചർച്ചയായപ്പോൾ മാധ്യമങ്ങളിൽ സരിത്തിന്റെ ഫോട്ടോ കണ്ടപ്പോഴാണ് താൻ സരിത്തിനെ ഓർമ്മിച്ചെടുതെന്നും സോബി പറഞ്ഞിരുന്നു. ഇതെല്ലാം സിബിഐയോടും സോബി ആവർത്തിച്ചു. ഇതൊന്നും നുണ പരിശോധനയിൽ തെളിഞ്ഞില്ല.
പെട്രോൾ പമ്പിന് അടുത്ത് വണ്ടി ഒതുക്കി നിർത്തി ഉറങ്ങാൻ കിടന്നു. ഇതിനിടെ സ്‌കോർപിയോ കാർ എത്തി. ഗുണ്ടകൾ ഇറങ്ങി. കുറച്ചു കഴിഞ്ഞ് ബാലുവിന്റെ ഇന്നോവ എത്തി. കാറിന്റെ ചില്ലുകൾ അടിച്ചു തകർത്തു. അതിന് ശേഷം അവർ ബാലുവിനെ കൊന്നു. എല്ലാം നാടകമായിരുന്നു. കാറിന്റെ ചില്ലുകൾ തകർന്നത് എങ്ങനെയെന്ന് പരിശോധിക്കണം. ബാലുവിനെ കൊന്നതാണ് കൊന്നതാണ് കൊന്നതാണ്-ഇതാണ് സോബി ഏറ്റവും ഒടുവിൽ വെളിപ്പെടുത്തിയത്. ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്ത് ചില അസ്വാഭാവിക കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്ന് സോബി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതൊന്നും നുണപരിശോധനയിൽ കണ്ടെത്തിയില്ല.
ബാലഭാസ്‌കറിന്റെ അപകട മരണത്തിന് പിന്നിൽ സ്വർണ കടത്ത് സംഘത്തിന്റെ പങ്കുണ്ടോ എന്നതിനെ കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്. ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ ബന്ധുക്കൾ നേരത്തെ തള്ളിയിരുന്നു. ഡ്രൈവർ അർജ്ജുനെ മറയാക്കി സ്വർണ കള്ളകടത്ത് സംഘം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണ് എന്നാണ് ബന്ധുക്കളുടെ ആരോപണം. വയലിനിസ്റ്റ് ബാലഭാസ്‌കർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്നവരിൽ ചിലർ സ്വർണക്കടത്തുമായി ബന്ധമുള്ളവരാണെന്നു സ്ഥിരീകരിച്ച ഡിആർഐ അന്വേഷണം എങ്ങുമെത്തിയില്ല. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 25 കിലോ സ്വർണം കടത്തിയ സംഘത്തിൽ മുൻ മാനേജർ ഉൾപ്പെട്ടതോടെയാണു ബാലഭാസ്‌കറിന്റെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചത്. ഇതിൽ കാര്യമില്ലെന്നാണ് സിബിഐയും പ്രാഥമികമായി വിലയിരുത്തുന്നത്.
2018 സെപ്റ്റംബർ 25ന് പുലർച്ചെയാണു ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണംവിട്ട് റോഡരികിലുള്ള മരത്തിലിടിച്ചത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്‌കർ ചികിൽസയ്ക്കിടയിലും മരിച്ചു. ഭാര്യയ്ക്കും വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ഡ്രൈവർ അർജുനും പരുക്കേറ്റിരുന്നു.
മറുനാടന് മലയാളി ബ്യൂറോ