തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ സുഹൃത്ത് കലാഭവൻ സോബി പറയുന്നത് കള്ളമെന്ന് നുണ പരിശോധന റിപ്പോർട്ട് വ്യക്തമാക്കുമ്പോഴും അന്വേഷണം തുടരാൻ സിബിഐ അപകട സമയത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടുവെന്ന് പറഞ്ഞ സോബിയുടെ മൊഴിയാണ് കളവാണെന്നാണ് നുണ പരിശോധന റിപ്പോർട്ടിൽ പറയുന്നത്. സോബി പറഞ്ഞ റൂബിൻ തോമസിനെ സിബിഐ കണ്ടെത്തി. ബാലഭാസ്‌ക്കർ മരിക്കുമ്പോൾ റൂബിൻ ബംഗളൂരിലായിരുന്നു. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും കള്ളക്കടത്ത് സംഘത്തിന് അപകടവുമായി ബന്ധമുണ്ടോയെന്ന പരിശോധന തുടരുന്നുവെന്നും സിബിഐ അറിയിച്ചു. ഇതു കഴിഞ്ഞാൽ കേസ് എഴുതി തള്ളും. അപകട മരണമെന്ന നിഗമനത്തിലേക്ക് അങ്ങനെ ക്രൈംബ്രാഞ്ചിനെ പോലെ സിബിഐയും എത്തുകയാണ്.

റൂബിൻ തോമസ് സ്വർണ്ണ കടത്ത് കേസിലെ പ്രതിയായിരുന്നു. ഈ കേസിലെ വിഷ്ണു സോമസുന്ദരമെന്ന ബാലഭാക്‌സറിന്റെ അടുത്ത സുഹൃത്തായിരുന്നു പ്രധാന പ്രതി. ഇതാണ് ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹത എത്തിച്ചത്. വിഷ്ണു സോമസുന്ദരത്തിന്റെ ജീവനക്കാരനായിരുന്നു റൂബിൻ തോമസ്. സ്വർണ്ണ കടത്ത് കേസിൽ റൂബിനെ പിടികൂടിയിരുന്നില്ല. ഒളിവിലുള്ള ഇയാളെ അപകട സ്ഥലത്തു കണ്ടെന്ന മൊഴിയാണ് സിബിഐ പരിശോധിച്ചത്. എന്നാൽ റൂബിൻ സ്ഥലത്തില്ലായിരുന്നുവെന്ന് സിബിഐ അന്വേഷണത്തിൽ വ്യക്തമാകുകയായിരുന്നു. കലാഭവൻ സോബി സംശയ നിഴലിൽ നിർത്തിയ സ്റ്റീഫൻ ദേവസ്യയും അപകടം നടക്കുമ്പോൾ വിദേശത്തായിരുന്നു. അപകട സ്ഥലത്ത് സരിത്തുണ്ടായിരുന്നുവെന്ന മൊഴിയിലും വ്യക്തതയില്ല. സ്വപ്‌നാ സുരേഷ് പ്രതിയായ സ്വർണ്ണ കടത്ത് കേസിന് ശേഷമാണ് സരിത്തിനെ കുറിച്ച് കലാഭവൻ സോബി മൊഴി കൊടുത്തത്.

അന്വേഷണവുമായി ബന്ധപ്പെട്ട് നുണ പരിശോധനയിൽ ലഭിച്ചത് നിർണ്ണായക തെളിവുകളാണെന്നാണ് റിപ്പോർട്ടുമുണ്ട്. റിപ്പോർട്ട് കേന്ദ്ര ഫോറൻസിക് സംഘം സിബിഐക്ക് കൈമാറി. കേസിലെ ദുരൂഹതയകറ്റാനാണ് നുണ പരിശോധന റിപ്പോർട്ട് സിബിഐ പരിശോധിക്കാനൊരുങ്ങുന്നത്. നിലവിലെ സാഹചര്യത്തിൽ ബാലഭാസ്‌കറിന്റെ മണത്തിന്റെ ദുരൂഹത വർദ്ധിക്കുകയാണ്. വിഷ്ണു സോമസുന്ദരത്തിന്റെ സ്വർണക്കടത്തു ഇടപാടുകളെ കുറിച്ച് ബാലഭാസ്‌കറിന് അറിവുണ്ടോ എന്നും സിബിഐ പരിശോധിക്കും. ബാലഭാസ്‌കർ മരിക്കുന്നതിനുമുമ്പ് തന്നെ വിഷ്ണു സ്വർണക്കടത്തു തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ബാലഭാസ്‌ക്കറിന്റെ മരണത്തിൽ സ്വർണക്കടത്ത് സംഘത്തിന്റെ പങ്ക് പരിശോധിക്കുകയാണ് സിബിഐ.

എന്നാൽ കലാഭവൻ സോബിയുടെ മൊഴി ശ്വസിക്കാനാകില്ലെന്ന് സിബിഐ തിരിച്ചറിയുന്നുണ്ട്. ഇതിനൊപ്പം ഡ്രൈവർ അർജുനിന്റെ മൊഴിയും കള്ളമായിരുന്നു. ഇതിലും അന്വേഷണം തുടരും. ബാലഭാക്‌സറിന്റെ ഭാര്യയുടെ മൊഴി ശരിവയ്ക്കുന്ന തരത്തിലാണ് നുണ പരിശോധനയിലെ റിപ്പോർട്ടുകളെന്നാണ് സൂചന. പ്രകാശ് തമ്പിയുടെ മൊഴിയിലും അസ്വാഭാവികതയുണ്ട്. എന്തിനാണ് ഡ്രൈവർ കള്ളം പറഞ്ഞതെന്നതാണ് ഇനി നിർണ്ണായകം. അതിൽ കൂടി വ്യക്തത വന്നാൽ ബാലഭാക്‌സറിന്റെ കേസിൽ സിബിഐ അന്തിമ നിഗമനത്തിൽ എത്തും.

അപകടം ഉണ്ടാകുന്നതിന് മുൻപ് അജ്ഞാതർ ബാലഭാസ്‌കർ സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ല് തകർത്തിരുന്നുവെന്നും മരണത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമാണെന്നുമാണ് സോബി സിബിഐയോട് പറഞ്ഞത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം നുണ പരിശോധന നടത്തിയത്. ചെന്നൈയിലെയും ഡൽഹിയിലെയും ഫൊറൻസിക് ലാബുകളിൽ നിന്നുമെത്തിയ വിദഗ്ധരുടെ നേതൃത്വത്തിലാണ് സോബിയുടെ നുണപരിശോധന പരിശോധന നടന്നത്. അപകടസ്ഥലത്ത് സ്വർണക്കടത്തു കേസിലെ പ്രതി റൂബിൻ തോമസ് ഉണ്ടായിരുന്നതായാണ് കേസിൽ സാക്ഷിയായ കലാഭവൻ സോബി അന്വേഷണ സംഘത്തിന് നൽകിയ മൊഴിൽ പറയുന്നത്. ഇതാണ് കള്ളമാണെന്ന് തെളിയുന്നത്.

ബാലഭാസ്‌കറിന്റെ മാനേജറാും അടുത്ത സുഹൃത്തുമായ വിഷ്ണു സ്വർണക്കടത്തുകേസിലെ പ്രതിയാണ്. ബാലഭാസ്‌കറിനെ സ്വർണക്കടത്ത് സംഘം അപായപ്പെടുത്തിയെന്ന് ബന്ധുക്കൾ പരാതി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു വിഷ്ണുവിനെ നുണപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നത്. 2018 സെപ്റ്റംബർ 25 ന് പുലർച്ചെയാണ് കഴക്കൂട്ടം പള്ളിപ്പുറം ദേശീയ പാതയിൽ വച്ചാണ് ബാലഭാസ്‌ക്കറിന്റെ കാർ അപകടത്തിൽ പെടുന്നത്. തൃശ്ശൂരിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് തിരികെ വരവെയായിരുന്നു കാർ മരത്തിൽ ഇടിച്ച് തകർന്നത്. ഡ്രൈവർ അർജുൻ, ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി, മകൾ തേജസ്വിനി ബാല എന്നിവരും കാറിൽ ഉണ്ടായിരുന്നു. മകൾ സംഭവസ്ഥലത്തും ബാലഭാസ്‌കർ പിന്നീട് ആശുപത്രിയിലും വെച്ച് മരിക്കുകയായിരുന്നു.

കഴിഞ്ഞമാസമാണ് ബാലഭാസ്‌കറിന്റെ മരണത്തിൽ ബാലഭാസ്‌കറുമായി ബന്ധമുള്ള നാലുപേരെ നുണപരിശോധനയ്ക്ക് വിധേയരാക്കിയത്. ബാലഭാസ്‌കറിന്റെ മാനേജർ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം, ബാലഭാസ്‌കറിന്റെ ഡ്രൈവർ അർജുൻ ബാലകൃഷ്ണൻ, കേസിൽ നിരവധി ആരോപണങ്ങളുയർത്തിയ കലാഭവൻ സോബി എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കിയത്. കലാഭവൻ സോബിയെ രണ്ടുതവണയും മറ്റുള്ളവരെ ഒരു തവണയുമാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.

ഒരു അപകടമരണത്തിന് അപ്പുറത്തേക്ക് പോകുന്ന തരത്തിൽ വിവരങ്ങൾ ഒന്നും പരിശോധനയിൽ കണ്ടെത്താനായില്ല. താനല്ല വാഹനം ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്നാണ് അർജുൻ അന്വേഷണ ഉദ്യോഗസഥർക്ക് നൽകിയിരുന്ന മൊഴി. എന്നാൽ ഇത് കളവാണെന്ന് നുണപരിശോധനയിൽ കണ്ടെത്തി. അതുകൊണ്ടുതന്നെ അർജുൻ തന്നെയാണ് വാഹനമോടിച്ചതെന്ന നിഗമനത്തിൽ സിബിഐ. എത്തി. രണ്ടുഘട്ടങ്ങളായാണ് നുണ പരിശോധന നടത്തിയത്. ഇതിൽ ഒരു ടെസ്റ്റിൽ സോബി പറയുന്നത് കള്ളമാണെന്നും രണ്ടാമത്തെ ടെസ്റ്റിൽ സഹകരിച്ചില്ലെന്നുമാണ് വിവരം.