തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും മകളും മരിച്ച കാറപകടത്തെക്കുറിച്ചു ഭാര്യ ലക്ഷ്മിയുടെ മൊഴിയിൽ ആശയക്കുഴപ്പം. അപകടം നടക്കുമ്പോൾ കാർ ഓടിച്ചതു ബാലഭാസ്‌കർ അല്ലായിരുന്നെന്നും ഡ്രൈവറായിരുന്നെന്നുമാണു ലക്ഷ്മി മൊഴി നൽകിയത്. ഇതോടെ, ബാലഭാസ്‌കറാണ് കാറോടിച്ചിരുന്നതെന്ന ഡ്രൈവർ അർജുന്റെ മൊഴി സംശയത്തിലാകുന്നു. ഈ സാഹചര്യത്തിൽ സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടേയും മൊഴി പൊലീസ് വീണ്ടും എടുക്കും. ഭാര്യയുടേയും ഡ്രൈവറുടേയും മൊഴികളിലെ വൈരുദ്ധ്യം പൊലീസ് വിശദമായി അന്വേഷിക്കും. ഇതിനായി അപകടസ്ഥലത്തു രക്ഷാപ്രവർത്തനം നടത്തിയവരുടെയും നാട്ടുകാരുടെയും വിശദമായ മൊഴിയെടുക്കാൻ തീരുമാനമായി.

ആറ്റിങ്ങൽ ഡിവൈ.എസ്‌പിക്കു നൽകിയ മൊഴിയിൽ അപകടം നടക്കുമ്പോൾ ബാലഭാസ്‌കർ പിൻസീറ്റിൽ വിശ്രമത്തിലായിരുന്നുവെന്നാണ് ലക്ഷ്മി പറഞ്ഞത്. വാഹനമോടിച്ചിരുന്നത് ഡ്രൈവർ അർജുൻ ആണ്. ലക്ഷ്മി മകൾ, തേജസ്വിനിക്കൊപ്പം മുൻസീറ്റിലായിരുന്നു. ദീർഘദൂര യാത്രയിൽ സാധാരണ ബാലഭാസ്‌കർ വാഹനമോടിക്കാറില്ലെന്നും ലക്ഷ്മി മൊഴി നൽകി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ലക്ഷ്മി തിങ്കളാഴ്ചയായിരുന്നു ആശുപത്രി വിട്ടത്. അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന അർജുൻ തൃശൂരിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണു മൊഴി നൽകിയത്. അതനുസരിച്ച്, തൃശൂരിൽനിന്നുള്ള മടക്കയാത്രയിൽ കൊല്ലം വരെ മാത്രമേ താൻ വാഹനം ഓടിച്ചിരുന്നുള്ളൂവെന്നും പിന്നീട് ബാലഭാസ്‌കറാണ് ഓടിച്ചതെന്നുമാണ് അർജുൻ വെളിപ്പെടുത്തിയത്. ഇതോടെയാണ് വിവാദങ്ങൾ തുടങ്ങുന്നത്. നേരത്തെ തന്നെ ബാലഭാസ്‌കറിന്റെ മരണത്തിലെ ദൂരൂഹതയെ കുറിച്ച് മറുനാടൻ വിശദമായ വാർത്ത നൽകിയിരുന്നു. ബാലഭാസ്‌കറിന്റെ സ്വത്തുക്കൾ തട്ടിയെടുത്തവരെ കുറിച്ചുള്ള സൂചനകളും ഈ വാർത്തിയിലുണ്ടായിരുന്നു. മറുനാടന്റെ നീരീക്ഷണങ്ങൾ ശരിവയ്ക്കും വിധമാണ് മൊഴിയിലെ വൈരുദ്ധ്യങ്ങൾ ചർച്ചയാകുന്നതും.

ലക്ഷക്കണക്കിന് സംഗീതപ്രേമികളെ ഫ്യൂഷൻ ലഹരിയിലും കർണ്ണാടക സംഗീതത്തിലും ഒരു പോലെ ആറാടിച്ച അതുല്യപ്രതിഭയായിരുന്നു വയലിനിസ്റ്റ് ബാലഭാസ്‌ക്കർ. ആ അവിസ്മരണീയ സംഗീതയാത്രയിൽ സുഹൃത്തുക്കളായിരുന്നു ബാലുവിന് എല്ലാമെല്ലാം. ബാലലീല എന്ന പേരിൽ ലൈവ് ഷോയുമായി ലോകംചുറ്റിയ അപൂർവ്വ പ്രതിഭയ്ക്ക് സംഗീത ലോകത്ത് ശത്രുക്കളുണ്ടായിരുന്നു. ഇത് ബാലു തന്നെ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ക്ഷേത്ര ദർശനത്തിന് തൃശൂരിൽ പോയതാണ് ബാലുവും കുടുംബവും. രാത്രിയിൽ തങ്ങാൻ തൃശൂരിൽ മുറിയും ബുക്ക് ചെയ്തതായി ബന്ധുക്കൾക്ക് അറിയാം. രാത്രി വരില്ലെന്നായിരുന്നു ബന്ധുക്കൾക്ക് കിട്ടിയ അറിവും. രാത്രി തൃശൂരിൽ ഉറങ്ങിയ ശേഷം രാവിലെ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ച ബാലു പെട്ടെന്ന് നിലപാട് മാറ്റി. തൃശൂരിൽ നിന്ന് 11 മണിയോടെ തിരുവനന്തപുരത്തേക്ക് തിരിച്ചു. അതിരാവിലെ പള്ളിപ്പുറത്തിനടുത്ത് അപകടവും. രാത്രിയാത്രയ്ക്ക് പിന്നിലെ തീരുമാനമാണ് ബന്ധുക്കളുടെ സംശയത്തിന് ഇട നൽകുന്നത്. ഇതു സംബന്ധിച്ച് ബന്ധുക്കൾ പ്രാഥമിക അന്വേഷണം തുടങ്ങി കഴിഞ്ഞു. ഇതിനിടെയാണ് ലക്ഷ്മിയുടെ മൊഴി പുറത്തുവന്നത്. ഇതോടെ ചർച്ചകൾക്ക് പുതിയ രൂപം വരികയാണ്. ലക്ഷ്മിയുടെ ആശുപത്രി ചെലവിന് പോലും ബാലഭാസ്‌കറിന്റെ പണം കൈകാര്യം ചെയ്തവർ പണം നൽകാൻ മടി കാട്ടിയെന്നും റിപ്പോർട്ടുകളുണ്ട്.

ലക്ഷ്മിയും മകൾ തേജസ്വിനിയും മുൻസീറ്റിലാണിരുന്നതെന്നും താൻ പിന്നിലെ സീറ്റിൽ വിശ്രമിക്കുകയായിരുന്നുവെന്നും അർജുൻ മൊഴി നൽകി. ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ്. ക്യാംപ് ജംക്ഷനു സമീപം സെപ്റ്റംബർ 25നു പുലർച്ചെ നാലോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. രണ്ടു വയസുകാരിയായ മകൾ തേജസ്വിനി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്‌കറിനെ രണ്ടു ശസ്ത്രക്രിയകൾക്കു വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്ഷേത്ര ദർശനത്തിന് ശേഷം തൃശൂരിൽ ഒരു പരിപാടിയുണ്ടായിരുന്നു. ബാലുവിന്റെ സമ്പത്തെല്ലാം ഒരു അടുത്ത സുഹൃത്താണ് നടത്തിയിരുന്നത്. നിരവധി ബിസിനസ്സുകളും ഉണ്ടായിരുന്നു. ഇതെല്ലാം ബാലുവിന്റെ സമ്പത്ത് ഉപയോഗിച്ചാണ് നടത്തിയതെന്നാണ് സൂചന. മരണത്തിൽ എന്തൊക്കെയോ അസ്വാഭാവികത തോന്നിക്കുന്നുണ്ട്-ഇങ്ങനെയാണ് ബാലഭാസ്‌കറിന്റെ ബന്ധു മറുനാടനോട് ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്.

ലോകപ്രശസ്തരായ സംഗീതജ്ഞർക്കൊപ്പം ഫ്യൂഷൻ ഒരു വിരുന്നായി ജനഹൃദയങ്ങളിൽ എത്തിച്ച കലാകാരനായിരുന്നു ബാലഭാസ്‌കർ. ഇലക്ട്രിക് വയലിനിലൂടെ ലോകത്തിന്റെ വിവിധ കോണുകളിലുള്ള യുവതലമുറയെ ഹരം കൊള്ളിച്ചു. ഫ്യൂഷനെ മാത്രമല്ല ബാലു പ്രണയിച്ചിരുന്നത്. ശാസ്ത്രീയസംഗീത കച്ചേരികളിൽ ചിട്ടയായ ശുദ്ധസംഗീതത്തിനൊപ്പവും ബാലയുടെ വയലിൻ ഈണമിട്ടു. ഇങ്ങനെ ആരാധകരെ കൈയിലെടുത്ത് മുന്നേറുമ്പോഴും ചിരിച്ച മുഖവുമായി വേദികളിൽ നിറഞ്ഞ ബാലു തന്റെ മനസ്സിലെ വേദന തുറന്നു പറഞ്ഞിരുന്നു. സംഗീതം തന്നെ ഉപേക്ഷിച്ചുവെന്ന് പോസ്റ്റുമിട്ടു. ഭാര്യ ലക്ഷ്മിയുടെ അറിവോടെയാണ് ഇതെന്നും ബാലു തന്നെ വിശദീകരിക്കുകയും ചെയ്തു. ആരാധകരുടെ സ്നേഹം അറിഞ്ഞ് ബാലു വീണ്ടും സ്റ്റേജിൽ സജീവമായി. ബാലുവിന്റെ പഴയ വെളിപ്പെടുത്തലിന് മരണവുമായി ബന്ധമുണ്ടോ എന്നതാണ് ബന്ധുക്കളെ ആകുലപ്പെടുത്തുന്നത്.

സംഗീതവും കുടുംബവും സുഹൃത്തുക്കളുമായിരുന്നു ബാലുവിന് എല്ലാം. എന്നാൽ ഒരിക്കൽ ഒരു സുഹൃത്തിൽ നിന്ന് നേരിട്ട ചതി അദ്ദേഹത്തിനെ മാനസികമായി തകർത്തു. സംഗീതത്തെ ജീവനേക്കാൾ പ്രണയിച്ച ബാലഭാസ്‌കർ ഒരിക്കൽ കലാജീവിതം അവസാനിപ്പിക്കുകയാണെന്ന സൂചനകൾ നൽകി. ഇത് സംബന്ധിച്ച് ഫേസ്‌ബുക്കിൽ ഒരു കുറിപ്പ് പങ്കുവയ്ച്ചു. അന്ന് ആ വാർത്തയെ ഞെട്ടലോടു കൂടിയാണ് ആരാധകർ സ്വീകരിച്ചത്. എന്നാൽ പിന്നീട് അത് പിൻവലിച്ചു. വളരെ വൈകാരികമായി പ്രതികരിക്കുന്ന ഒരു വ്യക്തിയായതിനാൽ ചില അനുഭവങ്ങൾ തനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നാണ് ബാലഭാസ്‌കർ അതെക്കുറിച്ച് പറഞ്ഞത്. ഈ തുറന്ന് പറച്ചിലുകളിൽ പലതും ഒളിച്ചിരിപ്പുണ്ട്. തന്നെ ചതിച്ചുവെന്ന് ബാലു പറഞ്ഞ വ്യക്തിക്ക് ഈ മരണവുമായി ബന്ധമുണ്ടോ എന്ന പരിശോധനായണ് ബന്ധുക്കൾ നടത്തിയിരുന്നത്. ഇക്കാര്യം ഇനി പൊലീസും പരിശോധിക്കും.

നേരത്തെ തന്നെ ചിതിച്ചയാളെ കുറിച്ച് ബാലു നടത്തിയ വെളിപ്പെടുത്തലിൽ ലക്ഷ്മിക്കും എല്ലാം അറിയാമെന്ന് വിശദീകരിച്ചിരുന്നു. മാധ്യമങ്ങളും ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങളാണിതെന്ന സൂചനയാണ് ബന്ധുക്കൾക്കുള്ളത്. ഇക്കാര്യം പൊലീസിനോടും ബന്ധുക്കൾ അറിയിക്കും. പക്ഷേ ഒരു ഘട്ടത്തിൽ എന്റെ അടുത്ത ഒരാളിൽ നിന്ന് വിശ്വാസ വഞ്ചന നേരിട്ടപ്പോൾ തകർന്നുപോയി. വളരെ പെട്ടന്ന് പ്രതികരിക്കുന്ന സ്വഭാവമാണ് എന്റേത്. ഞാൻ ഒരുപാട് കരഞ്ഞു. പിന്നീട് എനിക്ക് സ്റ്റേജിൽ നിൽക്കാൻ തോന്നിയില്ല. സത്യസന്ധമായി സംഗീതം എന്നിൽ നിന്ന് പുറത്ത് വന്നില്ല. ചിരിക്കാൻ പോലും ഞാൻ പ്രയാസപ്പെട്ടു. അത് എന്നോടും ഞാൻ സ്‌നേഹിക്കുന്ന സംഗീതത്തോടും ചെയ്യുന്ന ചതിയാണെന്ന് തോന്നി. ഇതെക്കുറിച്ച് ലക്ഷ്മിയോട് ഞാൻ സംസാരിച്ചു. അങ്ങനെയാണ് സംഗീതത്തിൽ നിന്ന് ഒരു ഇടവേള എടുക്കാൻ തീരുമാനിച്ചത്. അങ്ങനെ ഞാനൊരു ഫേസ്‌ബുക്ക് പോസ്റ്റിട്ടു. അതിനു ശേഷമാണ് ആളുകൾ എന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന കാര്യം തിരിച്ചറിഞ്ഞത്. പിന്നീട് എന്റെ സുഹൃത്തുക്കൾ ഇടപ്പെട്ട് ആ പോസ്റ്റ് പിൻവലിച്ചു.-ഇതായിരുന്നു ബാലുവിന്റെ പഴയ വെളിപ്പെടുത്തൽ.

ബാലുവിനെ കരയിക്കാൻ മാത്രം ചതിച്ച സുഹൃത്ത് ആരെന്നതാണ് ഉയരുന്ന ചോദ്യം. തൃശൂരിലെ യാത്രയ്ക്കിടെ ഇയാൾ ഇടപെടലുകൾ നടത്തിയോ എന്ന സംശയവും കുടുംബത്തിനുണ്ട്. വയലിൻ കളിപ്പാട്ടമാക്കിയ ബാല്യം. പതിനേഴാം വയസ്സിൽ സിനിമയിൽ തന്റെ സാന്നിധ്യമറിയിച്ചു. തുടർന്നിങ്ങോട്ട് സിനിമയും ആൽബവും സ്റ്റേജ് ഷോകളുമായി പേരിനെ അന്വർത്ഥമാക്കും പോലെ ഉദയസൂര്യനായി ശോഭിച്ചു. സംഗീതവാനിലെ ഉദയസൂര്യനായി ബാലു മാറി. എന്നും വീട്ടുകാരിൽ നിന്ന് അകലം പാലിച്ചായിരുന്നു യാത്രകൾ. കോളേജ് കാലത്തെ പ്രണയത്തെ വീട്ടുകാർ എതിർത്തപ്പോൾ കൂടെ നിന്നത് സുഹൃത്തുക്കളായിരുന്നു. ലോകമറിയുന്ന സംഗീതജ്ഞനായി വളർന്നപ്പോൾ സൗഹൃദങ്ങൾ പുതിയ തലത്തിലെത്തിച്ചു. ക്യാമ്പസിലെ പ്രണയത്തിനൊടുവിൽ ഇരുപത്തിരണ്ടാം വയസ്സിലായിരുന്നു ബാലഭാസ്‌ക്കർ ലക്ഷ്മിയെ സ്വന്തമാക്കിയത്. പതിനഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് തേജസ്വനി ജനിച്ചത്.