- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിൽ ദുരൂഹതകൾ ഉണ്ടോ എന്ന് അന്വേഷിക്കും; ആദ്യം കണ്ടത്തേണ്ടത് കാറോടിച്ചത് ആരെന്ന ചോദ്യത്തിനുള്ള ഉത്തരം; ശാസ്ത്രീയ തെളിവുകൾ നിരത്തി സാഹചര്യങ്ങൾ വിലയിരുത്തും; സ്വത്തുക്കൾ കൈകാര്യം ചെയ്തുന്ന ബാലഭാസ്‌കറിന്റെ മുൻ അടുപ്പക്കാരനേയും ചോദ്യം ചെയ്യും; വയലിനിസ്റ്റിന്റെ മരണത്തിലെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഉറച്ച് പൊലീസ്
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകൾ തേജസ്വിനി ബാലയുടെയും മരണത്തിനിടയാക്കിയ അപകടത്തെക്കുറിച്ച് പൊലീസിനും സംശയം. അപകടസമയത്ത് കാറോടിച്ചിരുന്നത് ബാലഭാസ്‌കറാണെന്നാണ് ഒപ്പമുണ്ടായിരുന്ന ഡ്രൈവർ അർജ്ജുൻ മൊഴിനല്കിയത്. എന്നാൽ, കഴിഞ്ഞദിവസം ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മൊഴിനൽകിയത് അർജ്ജുനാണ് കാറോടിച്ചിരുന്നതെന്നാണ്. ഇതോടെയാണ് അപകടത്തെ ഗൗരവത്തോടെ പൊലീസ് കാണാൻ തുടങ്ങിയത്. ഈ സാഹചര്യത്തിൽ പൊലീസ് ശാസ്ത്രീയവിശകലനം നടത്താനൊരുങ്ങുകയാണ്. അപകടസമയത്ത് കാറോടിച്ചിരുന്നതാരെന്നു കണ്ടെത്തുന്നതിനായാണിത്. ഡ്രൈവറുടെ പശ്ചാത്തലവും പരിശോധിക്കും. അപകടത്തിൽനിന്നു രക്ഷപ്പെട്ട ബാലഭാസ്‌കറിന്റെ ഭാര്യയുടേയും ഡ്രൈവറുടേയും മൊഴികളിലെ വൈരുദ്ധ്യമാണ് പൊലീസിനെ കുഴക്കുന്നത്. ഇതേത്തുടർന്നാണ് ശാസ്ത്രീയവഴികൾ തേടാൻ പൊലീസ് തയ്യാറെടുക്കുന്നത്. കാറോടിച്ചിരുന്നതാരെന്നു കണ്ടെത്താനായി ഫൊറൻസിക് വിദഗ്ദ്ധരുടെയും മോട്ടോർവാഹന വകുപ്പിന്റെയും സഹായം തേടിയിട്ടുണ്ട്. ബാലഭാസ്‌കറിന്റെയും കുഞ്ഞിന്റെയും മൃതദേഹപരിശോധന നടത്തിയ ഡോക്ടറിൽനിന്നു കൂടു
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകൾ തേജസ്വിനി ബാലയുടെയും മരണത്തിനിടയാക്കിയ അപകടത്തെക്കുറിച്ച് പൊലീസിനും സംശയം. അപകടസമയത്ത് കാറോടിച്ചിരുന്നത് ബാലഭാസ്‌കറാണെന്നാണ് ഒപ്പമുണ്ടായിരുന്ന ഡ്രൈവർ അർജ്ജുൻ മൊഴിനല്കിയത്. എന്നാൽ, കഴിഞ്ഞദിവസം ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മൊഴിനൽകിയത് അർജ്ജുനാണ് കാറോടിച്ചിരുന്നതെന്നാണ്. ഇതോടെയാണ് അപകടത്തെ ഗൗരവത്തോടെ പൊലീസ് കാണാൻ തുടങ്ങിയത്. ഈ സാഹചര്യത്തിൽ പൊലീസ് ശാസ്ത്രീയവിശകലനം നടത്താനൊരുങ്ങുകയാണ്. അപകടസമയത്ത് കാറോടിച്ചിരുന്നതാരെന്നു കണ്ടെത്തുന്നതിനായാണിത്. ഡ്രൈവറുടെ പശ്ചാത്തലവും പരിശോധിക്കും.
അപകടത്തിൽനിന്നു രക്ഷപ്പെട്ട ബാലഭാസ്‌കറിന്റെ ഭാര്യയുടേയും ഡ്രൈവറുടേയും മൊഴികളിലെ വൈരുദ്ധ്യമാണ് പൊലീസിനെ കുഴക്കുന്നത്. ഇതേത്തുടർന്നാണ് ശാസ്ത്രീയവഴികൾ തേടാൻ പൊലീസ് തയ്യാറെടുക്കുന്നത്. കാറോടിച്ചിരുന്നതാരെന്നു കണ്ടെത്താനായി ഫൊറൻസിക് വിദഗ്ദ്ധരുടെയും മോട്ടോർവാഹന വകുപ്പിന്റെയും സഹായം തേടിയിട്ടുണ്ട്. ബാലഭാസ്‌കറിന്റെയും കുഞ്ഞിന്റെയും മൃതദേഹപരിശോധന നടത്തിയ ഡോക്ടറിൽനിന്നു കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. ഇതിലൂടെ അപകടസമയത്ത് ഓരോരുത്തരും കാറിനുള്ളിൽ ഏത് സീറ്റിലായിരുന്നുവെന്നതു സംബന്ധിച്ച് വിവരം ശേഖരിക്കാൻ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്. അടുത്തുള്ള സിസിടിവിയിൽ നിന്ന് ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കഴിയുമോ എന്നും പൊലീസ് പരിശോധിക്കും. അങ്ങനെ വന്നാൽ കാര്യത്തിൽ വ്യക്തത വരുത്തും. അതിനിടെ ബാലഭാസ്‌കറുമായി ശത്രുതയിലുണ്ടായിരുന്ന പഴയ കൂട്ടുകാരനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളേയും പൊലീസ് ചോദ്യം ചെയ്യും.
സംഭവസമയത്ത് ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇവരുടെ മൊഴികളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഡ്രൈവർസീറ്റിലുണ്ടായിരുന്നത് ബാലഭാസ്‌കറായിരുന്നുവെന്ന് മറ്റൊരാളും മൊഴികൊടുത്തിട്ടുണ്ട്. ആറ്റിങ്ങൽ ഡിവൈ.എസ്‌പി. പി.അനിൽകുമാറിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസം ലക്ഷ്മിയുടെ മൊഴിയെടുത്തത്. അപകടസമയം ബാലഭാസ്‌കർ കാറിന്റെ പിൻസീറ്റിൽ ഉറക്കത്തിലായിരുന്നുവെന്നാണ് ലക്ഷ്മി പൊലീസിനോടു പറഞ്ഞത്. അപകടം നടക്കുമ്പോൾ 80 കിലോമീറ്ററിനു മുകളിൽ വേഗം കാറിനുണ്ടായിരുന്നുവെന്നാണ് നിഗമനം. ശാസ്ത്രീയതെളിവുകളുടെ വിശകലന റിപ്പോർട്ടുകൂടി വന്ന ശേഷമേ തുടർനടപടികളിലേക്കു കടക്കാനാകൂവെന്ന് പൊലീസ് പറഞ്ഞു. ഇതിനൊപ്പമാണ് ബാലഭാസ്‌കറിന്റെ സ്വത്തുക്കൾക്ക് എന്ത് പറ്റിയെന്ന് പൊലീസ് അന്വേഷണം തുടങ്ങിയത്. ബാലഭാസ്‌കറിന്റെ സമ്പാദ്യം മുഴുവൻ ഒരു കൂട്ടുകാരൻ തട്ടിയെടുത്തുവെന്ന് ആരോപണം ശക്തമാണ്. ഇയാളെയാണ് ചോദ്യം ചെയ്യുക.
അതിനിടെ ബാലഭാസ്‌കറിന്റെ ഭാര്യയുടെ ചികിൽസയ്ക്ക് പോലും പണം കൈകാര്യം ചെയ്തവർ ഒന്നും കൊടുത്തില്ലെന്ന ആരോപണം ശക്തമാണ്. ലക്ഷ്മിയുടെയും അർജുന്റെയും മൊഴികളിലെ വൈരുദ്ധ്യം പൊലീസ് വിശദമായി അന്വേഷിക്കുന്നതും ഈ സാഹചര്യത്തിലാണ്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ലക്ഷ്മി തിങ്കളാഴ്ചയായിരുന്നു ആശുപത്രി വിട്ടത്. അപകടം നടക്കുമ്പോൾ ബാലഭാസ്‌കർ പിൻസീറ്റിൽ വിശ്രമത്തിലായിരുന്നുവെന്നാണ് ലക്ഷ്മി പറഞ്ഞത്. ലക്ഷ്മിയുടെ മൊഴിപ്രകാരം അപകടസമയത്ത് വാഹനമോടിച്ചിരുന്നത് അർജുൻ ആണ്. ലക്ഷ്മി മകൾ തേജസ്വിനിയുമായി മുൻസീറ്റിൽ ഇരുന്നു. ബാലഭാസ്‌കർ പിന്നിലായിരുന്നു. ദീർഘദൂര യാത്രയിൽ സാധാരണ ബാലഭാസ്‌കർ വാഹനമോടിക്കാറില്ലെന്നും ലക്ഷ്മി മൊഴി നൽകി.
എന്നാൽ അർജുൻ നേരത്തേ നൽകിയ മൊഴി ഇതിൽനിന്നു വ്യത്യസ്തമായിരുന്നു. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന അർജുൻ തൃശൂരിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴായിരുന്നു മൊഴി നൽകിയത്. അതനുസരിച്ച്, തൃശൂരിൽനിന്നുള്ള മടക്കയാത്രയിൽ കൊല്ലം വരെ മാത്രമേ താൻ വാഹനം ഓടിച്ചിരുന്നുള്ളൂ. പിന്നീട് ബാലഭാസ്‌കറാണ് ഓടിച്ചത്. ലക്ഷ്മിയും മകൾ തേജസ്വിനിയും മുൻസീറ്റിലാണിരുന്നത്. പിന്നിലെ സീറ്റിൽ വിശ്രമിക്കുകയായിരുന്നു താനെന്നും അർജുൻ മൊഴി നൽകി. അപകടത്തിൽ അർജുന് ഗുരുതര പരുക്കുണ്ടായിരുന്നില്ല. ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്ഷനു സമീപം സെപ്റ്റംബർ 25ന് പുലർച്ചെ നാലോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. രണ്ടു വയസ്സുകാരിയായ മകൾ തേജസ്വിനി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്‌കറിനെ രണ്ടു ശസ്ത്രക്രിയകൾക്കു വിധേയനാക്കിയെങ്കിലും ദിവസങ്ങൾ കഴിഞ്ഞതോടെ മരണത്തിന് കീഴടങ്ങി.
അപകടത്തിനു ശേഷം ഏതാനും ദിവസത്തിനുള്ളിൽത്തന്നെ പൊലീസിന് അർജുന്റെ മൊഴിയെടുക്കാനായിരുന്നു. ഗുരുതര പരുക്കുകളുമായി ആശുപത്രിയിൽ കഴിഞ്ഞിരുന്ന ലക്ഷ്മിയുടെ മൊഴിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. ബാലുവിന്റെ മരണത്തിന് പിന്നാലെ കുടുംബക്കാരും ചില സംശയങ്ങൾ പറഞ്ഞിരുന്നു. വടക്കുംനാഥനെ സന്ദർശിച്ച രാത്രിയിൽ തങ്ങാൻ തൃശൂരിൽ മുറിയും ബുക്ക് ചെയ്തതായി ബന്ധുക്കൾക്ക് അറിയാം. രാത്രി വരില്ലെന്നായിരുന്നു ബന്ധുക്കൾക്ക് കിട്ടിയ അറിവും. രാത്രി തൃശൂരിൽ ഉറങ്ങിയ ശേഷം രാവിലെ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ച ബാലു പെട്ടെന്ന് നിലപാട് മാറ്റി. തൃശൂരിൽ നിന്ന് 11 മണിയോടെ തിരുവനന്തപുരത്തേക്ക് തിരിച്ചു. അതിരാവിലെ പള്ളിപ്പുറത്തിനടുത്ത് അപകടവും. രാത്രിയാത്രയ്ക്ക് പിന്നിലെ തീരുമാനമാണ് ബന്ധുക്കളുടെ സംശയത്തിന് ഇട വെച്ചത്. ഇതിന് പിന്നാലെയാണ് ഡ്രൈവറുടെ മൊഴി തെറ്റായിരുന്നെന്ന് ലക്ഷ്മി പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്.
ക്ഷേത്ര ദർശനത്തിന് ശേഷം തൃശൂരിൽ ഒരു പരിപാടിയുണ്ടായിരുന്നു. ബാലുവിന്റെ സമ്പത്തെല്ലാം ഒരു അടുത്ത സുഹൃത്താണ് നടത്തിയിരുന്നത്. നിരവധി ബിസിനസ്സുകളും ഉണ്ടായിരുന്നു. ഇതെല്ലാം ബാലുവിന്റെ സമ്പത്ത് ഉപയോഗിച്ചാണ് നടത്തിയതെന്നാണ് സൂചന. മരണത്തിൽ എന്തൊക്കെയോ അസ്വാഭാവികത തോന്നിക്കുന്നുണ്ട്- ബാലഭാസ്‌ക്കറിന്റെ മരണത്തിന് പിന്നാലെ ഇങ്ങനെയാണ് ബാലഭാസ്‌കറിന്റെ ബന്ധു മറുനാടനോട് പ്രതികരിച്ചത്. സംശയിക്കുന്ന വ്യക്തിയുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്നും അതിന് ശേഷം കൂടുതൽ വെളിപ്പെടുത്തൽ നടത്താമെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. സംഗീതവും കുടുംബവും സുഹൃത്തുക്കളുമായിരുന്നു ബാലുവിന് എല്ലാം. എന്നാൽ ഒരിക്കൽ ഒരു സുഹൃത്തിൽ നിന്ന് നേരിട്ട ചതി അദ്ദേഹത്തിനെ മാനസികമായി തകർത്തു. സംഗീതത്തെ ജീവനേക്കാൾ പ്രണയിച്ച ബാലഭാസ്‌കർ ഒരിക്കൽ കലാജീവിതം അവസാനിപ്പിക്കുകയാണെന്ന സൂചനകൾ നൽകി. ഇത് സംബന്ധിച്ച് ഫേസ്‌ബുക്കിൽ ഒരു കുറിപ്പ് പങ്കുവയ്ച്ചു.
അന്ന് ആ വാർത്തയെ ഞെട്ടലോടു കൂടിയാണ് ആരാധകർ സ്വീകരിച്ചത്. എന്നാൽ പിന്നീട് അത് പിൻവലിച്ചു. വളരെ വൈകാരികമായി പ്രതികരിക്കുന്ന ഒരു വ്യക്തിയായതിനാൽ ചില അനുഭവങ്ങൾ തനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നാണ് ബാലഭാസ്‌കർ അതെക്കുറിച്ച് പറഞ്ഞത്. ഈ തുറന്ന് പറച്ചിലുകളിൽ പലതും ഒളിച്ചിരിപ്പുണ്ട്. തന്നെ ചതിച്ചുവെന്ന് ബാലു പറഞ്ഞ വ്യക്തിക്ക് ഈ മരണവുമായി ബന്ധമുണ്ടോ എന്ന പരിശോധനായണ് ബന്ധുക്കൾ നടത്തുന്നത്. ഇത് പൊലീസും അന്വേഷിക്കും. നേരത്തെ തന്നെ ചിതിച്ചയാളെ കുറിച്ച് ബാലു നടത്തിയ വെളിപ്പെടുത്തലിൽ ലക്ഷ്മിക്കും എല്ലാം അറിയാമെന്ന് വിശദീകരിച്ചിരുന്നു. മാധ്യമങ്ങളും ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങളാണിതെന്ന സൂചനയാണ് ബന്ധുക്കൾക്കുള്ളത്. അതുകൊണ്ട് കൂടിയാണ് ബാലുവിന്റെ മരണത്തിലെ പൊരുൾ തേടി ബന്ധുക്കൾ ഇറങ്ങുന്നത്. ജീവിതത്തിൽ എല്ലാവർക്കും മനസാക്ഷി സൂക്ഷിപ്പുകാർ ഉണ്ടായിരിക്കും. എനിക്കും ഉണ്ടായിരുന്നു. എന്റെ എല്ലാ കാര്യങ്ങളും അറിയുന്നവർ. എന്റെ ബലഹീനതകളെ മനസ്സിലാക്കുന്നവർ. എന്റെ സ്വപ്നങ്ങൾ ഞാൻ അവരുമായി പങ്കുവയ്ച്ചു. എന്റെ എല്ലാകാര്യങ്ങളും അവരിലൂടെയായിരുന്നു ചെയ്തു കൊണ്ടിരുന്നത്. എന്റെ ജീവിതത്തിലെ ചില പ്രധാന തീരുമാനങ്ങളും എടുത്തത് അവരായിരുന്നു. അവർക്ക് ഞാൻ എല്ലാം വിട്ടു നൽകിയെന്നും ബാലു വിശദീകരിച്ചിട്ടുണ്ട്.
പക്ഷേ ഒരു ഘട്ടത്തിൽ എന്റെ അടുത്ത ഒരാളിൽ നിന്ന് വിശ്വാസ വഞ്ചന നേരിട്ടപ്പോൾ തകർന്നുപോയി. വളരെ പെട്ടന്ന് പ്രതികരിക്കുന്ന സ്വഭാവമാണ് എന്റേത്. ഞാൻ ഒരുപാട് കരഞ്ഞു. പിന്നീട് എനിക്ക് സ്റ്റേജിൽ നിൽക്കാൻ തോന്നിയില്ല. സത്യസന്ധമായി സംഗീതം എന്നിൽ നിന്ന് പുറത്ത് വന്നില്ല. ചിരിക്കാൻ പോലും ഞാൻ പ്രയാസപ്പെട്ടു. അത് എന്നോടും ഞാൻ സ്നേഹിക്കുന്ന സംഗീതത്തോടും ചെയ്യുന്ന ചതിയാണെന്ന് തോന്നി. ഇതെക്കുറിച്ച് ലക്ഷ്മിയോട് ഞാൻ സംസാരിച്ചു. അങ്ങനെയാണ് സംഗീതത്തിൽ നിന്ന് ഒരു ഇടവേള എടുക്കാൻ തീരുമാനിച്ചത്. അങ്ങനെ ഞാനൊരു ഫേസ്‌ബുക്ക് പോസ്റ്റിട്ടു. അതിനു ശേഷമാണ് ആളുകൾ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന കാര്യം തിരിച്ചറിഞ്ഞത്. പിന്നീട് എന്റെ സുഹൃത്തുക്കൾ ഇടപ്പെട്ട് ആ പോസ്റ്റ് പിൻവലിച്ചു.-ഇതായിരുന്നു ബാലുവിന്റെ പഴയ വെളിപ്പെടുത്തൽ. ബാലുവിനെ കരയിക്കാൻ മാത്രം ചതിച്ച സുഹൃത്ത് ആരെന്നതാണ് ഉയരുന്ന ചോദ്യം. തൃശൂരിലെ യാത്രയ്ക്കിടെ ഇയാൾ ഇടപെടലുകൾ നടത്തിയോ എന്ന സംശയവും കുടുംബത്തിനുണ്ട്.