സൂറിച്: സ്വിസ് മലയാളികൾ അടുത്തകാലത്ത് ഏറ്റവും ആസ്വദിച്ച എന്റർടൈന്മെന്റ് ഷോ ഏതെന്നു ചോദിച്ചാൽ, ലൈറ്റ് ഇൻ ലൈഫ് ഒരുക്കിയ, ബാലഭാസ്‌കർ ബിഗ്‌ബാൻഡ് ഷോയെന്നു ഉറപ്പിച്ചു പറയാം. വയലിൻ, കി ബോർഡ്, ഗിറ്റാർ, ഡ്രംസ്, തബല, ജാസ് എന്നീ ഇൻസ്ട്ര മെന്റുകളുമായി ബാലഭാസ്‌കറും,സംഘവും സ്വിസ് മലയാളികൾക്ക് സമ്മാനിച്ചത്, മുന്ന് മണിക്കൂറിൽ ഒരു ഹൈവോൾട്ടേജ് ഷോയാണ്.

വയലിനിലൂടെ സദസ്സുമായി സംവാദിക്കുന്ന ബാലഭാസ്‌കറിന്റെ സോളോ നമ്പറുകൾക്കും, ഓരോ ബാൻഡ് അംഗവും, തങ്ങളുടെ ഇൻസ്റ്റ്മെന്റുമായി നടത്തിയ സോളോ പെർഫോമൻസിനും, സദസ്സ് നൽകിയ നീണ്ട കയ്യടി പ്രവാസി മലയാളിയുടെ മാറുന്ന ആസ്വാദനത്തിന്റെ നേർകാഴ്ചയായി.

മലയാളം,തമിഴ്,ഹിന്ദി ഹിറ്റ് സോങ്ങുകളുടെ ഒട്ടേറെ ഫ്യൂഷനുകൾ ബാൻഡ് അവതരിപ്പിച്ചു. ബാൻഡിന്റെ പ്രകടനം അതിന്റെ മികവിലെത്തിക്കാൻ മികച്ച ലൈറ്റ് ആൻഡ് സൗണ്ട് സജ്ജീകരണങ്ങളാണ്, സംഘാടകർ ഒരുക്കിയത്. ഇടവേളകളിൽ പിന്നണി ഗായിക ഡെൽസി നൈനാന്റെ ഗാനങ്ങളും, നച്ചാലെ ഡാൻസ് കമ്പനിയുടെ ഇന്ത്യൻ ക്ളാസിക്കൽ ഫ്യൂഷൺ ഡാൻസും കാണികൾക്കു വിരുന്നായി.

ലൈറ്റ് ഇൻ ലൈഫ് എന്ന ചാരിറ്റി സംഘടനയുടെ കരുണ്ണ്യ പ്രവർത്തനങ്ങൾക്കു ഫണ്ട് കടത്താൻ വേണ്ടിയായിരുന്നു, ബാൻഡ് ഷോ സൂറിക്കിൽ സംഘടിപ്പിച്ചത്. സ്വിറ്റസർലണ്ടിലെ 11 മലയാളി കുടുംബങ്ങൾ, മുന്ന് വര്ഷം മുമ്പ് രൂപം കൊടുത്ത സംഘടനയുടെ പ്രോഗ്രാം ആസ്വദിക്കാൻ 700 ഓളം പേര് എത്തിയത്, ലൈറ്റ് ഇൻ ലൈഫിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി.

ഒട്ടാകെ ഒന്നര കോടി രൂപയിൽ അധികം തുക പല പ്രൊജെക്ടുകളിലായി ചുരുങ്ങിയ കാലംകൊണ്ട് ലൈറ്റ് ഇൻ ലൈഫ് ഇതേവരെ നൽകി. ഇടുക്കിയിലും, മേഘാലയിലും ആണ് നിലവിൽ പ്രോജക്ടുകൾ ഏറ്റെടുത്തിട്ടുള്ളത്. മലയാളി സമൂഹത്തിനു പുറമെ, സ്വിറ്റസർലണ്ടിലെ തദ്ദേശീയരായ വ്യക്തികളും, സംഘടനകളും ഇവർക്ക് പിന്തുണയായി നിൽക്കുന്നു.

പ്രോഗ്രാമിന് ആമുഖമായി നടന്ന ചടങ്ങിൽ, സെക്രട്ടറി എബ്രഹാം മാത്യു പവർ പോയന്റ് പ്രസന്റേഷനിലൂടെ ലൈറ്റ് ഇൻ ലൈഫിന്റെ പ്രവർത്തനങ്ങളും, ഇതേവരെ ചെലവായ കണക്കുകളും വിശദീകരിച്ചു. അലിഷാ അടത്തലയും, ജോർജ് നടുവത്തേറ്റും ആയിരുന്നു കോംപിയർമാർ. ട്രഷറർ ജോർഡി മണപറമ്പിൽ മേഘാലയ പ്രോജെക്ടിനുള്ള ചെക്ക് കൈമാറി. പ്രസിഡന്റ് ഷാജി അടത്തല സ്വാഗതവും, മാത്യു തെക്കോട്ടിൽ നന്ദിയും പറഞ്ഞു. സൂരജ് കോച്ചേരിയുടെ നേതൃത്വത്തിൽ ഡിന്നറും ഒരുക്കിയിരുന്നു.