തിരുവനന്തപുരം: സംഗീത സംവിധായകൻ ബാലഭാസ്‌കറിന്റെയും, മകളുടെയും മരണത്തിൽ കലാശിച്ച വാഹനാപകടം ഇപ്പോഴും തലസ്ഥാനവാസികളുടെ ഓർമകളിൽ നിന്ന് മാഞ്ഞിട്ടില്ല. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെ കുറിച്ച് ബോധവൽകരിക്കാൻ ചാനലുകളിലും ഓൺലൈൻ മാധ്യമങ്ങളിലും സംവാദങ്ങളും അരങ്ങേറുന്നുണ്ട്. മാതൃഭൂമി ന്യൂസ് ചാനലിൽ, ഞങ്ങൾക്കും പറയാനുണ്ട് എന്ന പരിപാടിയിൽ 'ഒഴിവാക്കിക്കൂടേ ദുരന്തങ്ങൾ' എന്ന വിഷയത്തിൽ നടന്ന സംവാദം ശ്രദ്ധേയമായത് വ്യത്യസ്തമായ കാരണത്താലാണ്. അപകടം നടന്നയുടൻ എത്രയും വേഗം രക്ഷയ്ക്കായി ആംബുലൻസ് അവിടെ എത്തിക്കുന്നതിന്റെയും വിദഗ്ധരുടെ സാന്നിധ്യത്തിൽ അപകടത്തിൽ പെട്ടവരെ കൈകാര്യം ചെയ്യുന്നതിന്റെയും വിവിധ വശങ്ങളാണ് ചർച്ചയായത്.

ആംബുലൻസ് ഡ്രൈവർമാരെ പ്രതിനിധീകരിച്ച് എസ്‌കെഎസ്എസ്എഫിന്റെ സൽമാൻ എന്ന ആംബുലൻസ് ഡ്രൈവറാണ് ചർച്ചയിൽ സംസാരിച്ചത്. താനും എസ്‌കെഎസ്എസ്എഫിന്റെ ഡ്രൈവർമാരായ അഖിൽ, അൽത്താഫ് എന്നിവരാുമാണ് അപകടം നടന്ന സ്ഥലത്തെത്തിയതെന്ന് സൽമാൻ അവകാശപ്പെട്ടു. തങ്ങൾ ചെല്ലുന്ന സമയത്ത് അപകടത്തിൽ പെട്ട ബാലഭാസ്‌കറിനും, മകൾ തേജസ്വിനിക്കും, ഭാര്യ ലക്ഷ്മിക്കും ബോധമുണ്ടായിരുന്നില്ലെന്നും അദ്ദേഹം ചർച്ചയിൽ പറഞ്ഞു. എന്നാൽ, ചാനൽ സംവാദം കണ്ട മംഗലപുരം 108 ആംബുലൻസ് ഡ്രൈവറായ രഞ്ജിത് സൽമാന്റെ വാദങ്ങളെ പൊളിച്ച് രംഗത്തെത്തി. അപകടസ്ഥലത്ത് ചെല്ലുമ്പോൾ, ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നുവെന്നും, അദ്ദേഹം പേര് അടക്കം പറഞ്ഞുവെന്നുമാണ് രഞ്ജിത്തിന്റെ സാക്ഷ്യം. ചാനലിൽ സൽമാൻ വീരവാദം മുഴക്കുന്നത് കേട്ട് രഞ്ജിത് തന്നെയാണ് സത്യാവസ്ഥ മറിച്ചാണെന്ന് എസ്‌കെഎസ്എസ്എഫ് ഓഫീസിൽ വിളിച്ച് അറിയിച്ചത്. താനാണ് ബാലഭാസ്‌കറെ ആശുപത്രിയിൽ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സൽമാന്റെ അവകാശവാദം ഇങ്ങനെ:

എനിക്കും എസ്‌കെഎസ്എസ്എഫിന്റെ ഡ്രൈവറായ അഖിലിനും ഡ്രെവറായ അൽത്താഫിനുമാണ് കോൾ വന്നത്.

അഞ്ച് മിനിറ്റ് കൊണ്ട് പള്ളിമുക്കിലെത്തി. അപ്പോൾ ഹൈവേ പൊലീസ് ബാലഭാസ്‌കറിന്റെ കുഞ്ഞിനെയും കൊണ്ട് സ്വകാര്യ ആശുപത്രിയിൽ പോയിരുന്നു. ബാലഭാസ്‌കറിന്റെ മടിയിലിരുന്ന കുഞ്ഞിന്റെ തല ഗ്ലാസിൽ ഇടിച്ചിരുന്നു. ഹെഡ് ഇഞ്ചുറിയുള്ളതുകൊണ്ട ആംബുലൻസിന് കാത്തു നിൽക്കാതെ ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്നു. നമ്മൾ ചെല്ലുന്ന സമയത്ത് നമുക്ക് തൊടാൻ പറ്റില്ല. ആൾക്കാരെല്ലാം കൂടെ വലിച്ചെടുത്ത് വണ്ടിയിൽ കയറ്റുകയാണ് ചെയ്തത്. അദ്ദേഹത്തെ എടുത്ത് നമ്മൾ മെഡിക്കൽ കോളേജിൽ കൊണ്ടുവന്നു. അപ്പോൾ നമുക്കറിയില്ല, ബാലഭാസ്‌കർ സാറാണെന്ന്. ആ സമയത്ത് ആർക്കും മനസ്സിലായില്ല. ഒന്നാമത് ഇരുട്ട്. രണ്ടാമത്തെ കാര്യം നമുക്ക് പേഷ്യന്റിന്റെ മുഖം പോലും കാണാനുള്ള സാഹചര്യം ഉണ്ടായില്ല. വണ്ടി കൊണ്ട് നിർത്തിയ സമയത്ത് ആൾക്കാരെല്ലാം കൂടി എടുത്ത് കയറ്റുകയാണ് ഉണ്ടായത്. അവിടെ പറ്റിയ തെറ്റായിരിക്കാം. ഇപ്പോൾ ചെറിയ ഒടിവോ എന്തെങ്കിലുമുണ്ടെങ്കിൽ ടിആർഐയിൽ നിന്ന് നമുക്ക് പ്രത്യേക പരിശീലനം തന്നിട്ടുണ്ട്. എങ്ങനെയാണ് അപകടത്തിൽ പെട്ട ആളെ എടുക്കേണ്ടതെന്ന്.

കാണുമ്പോൾ ആർക്കെങ്കിലും ബോധമുണ്ടായിരുന്നോ?

ഇല്ല, എല്ലാവരും ബോധരഹിതരായിരുന്നു. നമ്മൾ ചെന്നപ്പോൾ കണ്ടത് ഡ്രൈവറാണ് വണ്ടി ഓടിച്ചിരുന്നത്. ബാലഭാസ്‌കർ സർ മുന്നിലാണ് ഇരുന്നത്.

കോൾ വന്ന് അഞ്ചുമിനിറ്റിനകം എത്തി ഉടൻ എത്തിയെങ്കിലും അപ്പോഴേക്കും അവിടെ കൂടിയ നാട്ടുകാർ അപകടത്തിൽ പെട്ടവരെ എടുത്തിരുന്നുവെന്നാണ് ഡ്രൈവർമാരുടെ അവകാശവാദം. ഇത് വളരെ പ്രധാനമാണെന്നും, വിദേശ രാജ്യങ്ങളിൽ ആരും ഇത്തരത്തിൽ രോഗികളെ തൊടാറില്ലെന്നും സെക്കൻഡറി ഇഞ്ചുറീസ് ഒഴിവാക്കാൻ വിഗദ്ധ പരിശീലനം ലഭിച്ചവർ മാത്രമാണ് കൈകാര്യം ചെയ്യുന്നതെന്നും ഐഎംഎയുടെ പ്രതിനിധി ഡോ.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

അതേസമയം സത്യാവസ്ഥ എന്തെന്ന് എസ്‌കെഎസ്എസ്എപിനോട് രഞ്ജിത് എന്ന ആംബുലൻസ് ഡ്രൈവർ ടെലിഫോണിൽ വിശദീകരിക്കുന്നത് ഇങ്ങനെ: ' ഞാൻ അപകടസ്ഥലത്തെത്തുമ്പോൾ അവിടെ വലിയ ഒരു ആംബുലൻസുണ്ട്. അതിലേക്ക് ബാലഭാസ്‌കറിന്റെ ഡ്രൈവറെ കയറ്റി. ബാലഭാസ്‌കറിനെ എന്റെ ആംബുലൻസിൽ കയറ്റി. കുട്ടിയെ നേരത്തെ ഹൈവേ പൊലീസ് ആശുപത്രിയിലാക്കിയിരുന്നു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയെ അടുത്ത ആംബുലൻസിലാണ് കയറ്റിയത്. ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നില്ല എന്നുപറയുന്നത് ശരിയല്ല. പുള്ളി നന്നായിട്ട് സംസാരിച്ചു പേരടക്കം പറഞ്ഞു. ചാനലിൽ കയറാനോ പ്രശസ്തിക്കുവേണ്ടിയോ അല്ല ഇതുപറയുന്നത്. സത്യാവസ്ഥ അറിയാൻ വേണ്ടിയാണ്. ബാലഭാസ്‌കറിനെ ഞാൻ മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ ആക്കി.' കാണാത്ത കാര്യം കണ്ടുവെന്ന് ചാനലിൽ പറയുന്നതിന്റെ ഔചിത്യമാണ് രഞ്ജിത് ചോദ്യം ചെയ്യുന്നത്. ചാനലിൽ വീരവാദം മുഴക്കുന്നത് കേട്ടാണ് താൻ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം എസ്‌കെഎസ്എസ്എഫിനോട് പറഞ്ഞു.