കൊച്ചി: താരത്തിളക്കങ്ങൾ ഏറെയുള്ള തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. മത്സര രംഗത്തുള്ള സിനിമാ താരങ്ങളുടെ എണ്ണം തന്നെ ചരിത്രത്തിൽ ഏറ്റവും അധികമാണ്. കോൺഗ്രസ് പക്ഷത്ത് ജഗദീഷ് നിലയുറപ്പിച്ചപ്പോൾ ഇടതു പക്ഷത്താണ് കൂടുതൽ സിനിമാ താരങ്ങളുള്ളത്. രണ്ട് മുന്നണികളെയും കൂടാതെ ബിജെപിയോടും അനുഭാവമുള്ള മലയാള താരങ്ങളും രംഗത്തുണ്ട്. താൻ ബിജെപി പക്ഷത്താണെന്ന് പരസ്യമായി വ്യക്തമാക്കി രംഗത്തുവന്നത് നടൻ സുരേഷ് ഗോപിയായിരുന്നു. പിന്നാലെ മറ്റു ചില താരങ്ങളും രംഗത്തെത്തി. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി നടനും സംവിധായകനുമായ ബാലചന്ദ്രമേനോനും രംഗത്തെത്തി.

മുകേഷും, ജഗദീഷും, ഭീമൻ രഘുവും, സംവിധായകൻ രാജസേനനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തുമ്പോൾ രാഷ്ട്രീയം വ്യക്തമാക്കിയ സിനിമാക്കാരനെന്നു പറഞ്ഞു സോഷ്യൽ മീഡിയയിൽ ഉയർന്നുകേട്ട പുതിയ പേരാണ് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്റേത്.
'ബാലചന്ദ്രമേനോൻ പറയുന്നു, ബിജെപിയാണ് ഏക മാർഗ്ഗം' എന്ന പ്രചരണ പോസ്റ്ററുകൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ ഇതിനോടകം വൈറലായ സാഹചര്യത്തിലാണ് തന്റെ നയം വ്യക്തമാക്കി ബാലചന്ദ്രമേനോൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്.

ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും കുറിച്ച് ഒരു സ്വകാര്യ ചാനലിൽ താൻ പറഞ്ഞ കാര്യങ്ങളെ വളച്ചൊടിച്ചാണ് സോഷ്യൽ മീഡിയയിൽ താൻ ഒരു ബിജെപിക്കാരൻ ആണെന്നുള്ള വാർത്തകൾ വന്നതെന്ന് ബാലചന്ദ്ര മേനോൻ പ്രതികരിച്ചു. ഇപ്പോൾ സമൂഹത്തിൽ ശബ്ദമുണ്ടാക്കുന്ന ന്യൂനപക്ഷത്തെ മറന്ന്, ശബ്ദമുണ്ടാക്കാത്ത ഭൂരിപക്ഷത്തെ തിരഞ്ഞെടുപ്പിൽ ശ്രദ്ധിക്കണമെന്നും, ഇതാണ് ഇപ്പോൾ രാഷ്ട്രീയത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നുമാണ് താൻ പറഞ്ഞത്. പക്ഷേ, ഇതോടെ സോഷ്യൽ മീഡിയ തന്നെ ഒരു ബിജെപി വക്താവാക്കി. ഇതു തെറ്റാണെന്നു പറയുന്ന മേനോൻ തന്റെ രാഷ്ട്രീയം ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നു പറയുന്നു.

സോഷ്യൽ മീഡിയ ബാലചന്ദ്രമേനോനെ ബിജെപിക്കാരനായി കാണുമ്പോഴും താൻ പറഞ്ഞത് സത്യമാണെന്ന് വിശ്വസിക്കുന്നതായും മേനോൻ പറയുന്നു. ന്യൂനപക്ഷങ്ങൾ പറയുന്നതു മാത്രം കേട്ട് രാജ്യത്തിന്റെ ഭരണം പോകരുതെന്നു പറയാൻ ആളുകളില്ലാത്തതാണ് ഭൂരിപക്ഷ സമൂഹത്തിന്റെ വാക്കുകൾക്കു വില ലഭിക്കാത്തത്. മിണ്ടാതിരിക്കുന്ന ഭൂരിപക്ഷത്തെ മറന്ന്, കരയുന്ന കുഞ്ഞിനേ പാലൂള്ളുവെന്നു പറയുന്നതുപോലെയാണ് ഇവിടത്തെ അവസ്ഥ. മറ്റേ കുഞ്ഞിന് വിശക്കുന്നുണ്ട,് പക്ഷേ കരയാത്തതു കൊണ്ടു കൊടുക്കുന്നില്ല. ഇങ്ങനെയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് ഇലക്ഷനിൽ പ്രതിഫലിക്കുമെന്നാണു ബാലചന്ദ്രമേനോന്റെ അഭിപ്രായം. ഇതു സാമുദായികമായി മാത്രമല്ല എല്ലാ നിലയിലും സമൂഹത്തിൽ നിലനിൽക്കുന്ന സ്ഥിതി ഇതുതന്നെയാണെന്ന് മേനോൻ പറയുന്നു.

ചില ആശയങ്ങൾക്ക് വില കിട്ടാൻ കുറച്ചാളുകൾ സമരം ചെയ്യുന്നു, തെരുവിൽ ഇറങ്ങുന്നു. ഇതു ഭൂരിപക്ഷ സമൂഹത്തിന് ഒട്ടും താൽപര്യമില്ലാത്ത കാര്യമാകും. പക്ഷേ, ഇതു ശ്രദ്ധയിൽപ്പെടുന്നു. അനുകൂലമായ നടപടികളും മറ്റും അതിനായി വരുന്നു. എല്ലാം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്ന, എന്നാൽ ഇതിനെതിരെ പ്രതികരിക്കാത്ത ഭൂരിപക്ഷത്തിന്റെ പ്രതികരണം വോട്ടിൽ പ്രതിഫലിക്കുമെന്നും ഇതു രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കണമെന്നുമാണ് താൻ പറഞ്ഞതിന്റെ പൊരുളെന്നും ബാലചന്ദ്രമേനോൻ പറയുന്നു. ഇവിടെയും തോൽക്കുന്നത് മിണ്ടാതിരിക്കുന്ന ഭൂരിപക്ഷ സമൂഹമാണെന്നും ബാലചന്ദ്ര മേനോൻ വ്യക്തമാക്കി. ഇതിൽ ബിജെപിയെന്നോ എൽഡിഎഫ് എന്നോ യുഡിഎഫ് എന്നോ ഇല്ല. ഇത് ആരോഗ്യകരമായ ജനാധിപത്യത്തിനാവശ്യമായ നിയമങ്ങൾ പലപ്പോഴും മാറ്റി ശബ്ദമുണ്ടാകുന്ന ന്യൂനപക്ഷത്തിന്റെ പുറകെയാണ് എല്ലാ രാഷ്ട്രീയ കക്ഷികളുമെന്നും ഇതു മാറണമെന്ന തന്റെ അഭിപ്രായം മാത്രമാണ് ഇതെന്നും മേനോൻ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ഫേസ്‌ബുക്കിലും വാട്‌സ് ആപ്പിലും ബാലചന്ദ്രമേനോൻ ബിജെപിയുടെ വക്താവാണെന്നും മറ്റുമുള്ള പ്രസ്താവനകൾ വൈറലായിരുന്നു. ഈ വാർത്തകൾ തന്റെ ശ്രദ്ധയിൽപ്പെടുത്തിയത് ചില സുഹൃത്തുക്കളാണെന്നും ഇതറിഞ്ഞപ്പോൾ തന്നെ താൻ പ്രതികരിച്ചതായും മേനോൻ പറയുന്നു. തന്റെ രാഷ്ട്രീയം താൻ വ്യക്തമാക്കിയിട്ടില്ലെന്നും താൻ ബിജെപിക്കു വേണ്ടിയാണ് ഈ പ്രസ്താവന നടത്തിയതെന്നത് തെറ്റാണെന്നും, ഒപ്പം തന്റെ രാഷ്ട്രീയം തന്റെ മനസ്സിലുണ്ടെന്നും അത് താൻ വ്യക്തമായി ഇതുവരെ അറിയിച്ചിട്ടില്ലെന്നും തന്റെ ഓഫിഷ്യൻ ഫേസ്‌ബുക്ക് പേജിലൂടെ സെൽഫി വീഡിയോ വഴി താൻ അറിയിച്ചതായും ബാലചന്ദ്രമേനോൻ പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പിൽ സെലിബ്രിറ്റികൾ മത്സരിക്കുന്നതിൽ ബാലചന്ദ്രമേനോന് എതിർപ്പില്ല. ജനാധിപത്യത്തിൽ ആർക്കും അങ്ങനെയൊരു വ്യത്യാസമില്ല. കുബേരനും കുചേലനും ഒരുപോലെ തിരഞ്ഞെടുത്തു വരുന്ന അവസ്ഥയാണ് ജനാധിപത്യമെന്ന് വിശ്വസിക്കുന്നു. ആര് ഇലക്ഷന് ജയിക്കും എന്നുള്ളത് തീരുമാനിക്കുന്നത് ജനങ്ങൾ മാത്രമാണെന്നുമാണ് ബാലചന്ദ്രമേനോന്റെ അഭിപ്രായം.

മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടമെന്നു വിശ്വസിക്കുന്ന എൺപതുകളിലേയും, തൊണ്ണൂറുകളിലേയും കുടുംബ പ്രേക്ഷകർ തിയേറ്ററുകൾ ഇളക്കിമറിച്ച കഷണ്ടി മറച്ചു തലയിൽ തൂവാല ചുറ്റി പ്രേക്ഷകരെ കൈയിലെടുത്ത ബാലചന്ദ്രമേനോൻ ചിത്രങ്ങൾ ഇപ്പോൾ അത്ര ശ്രദ്ധ ലഭിക്കുന്നില്ല എന്ന ആരോപണത്തെക്കുറിച്ചും ബാലചന്ദ്രമേനോനു പറയാനുള്ളത് ഇത്രമാത്രം ഒന്നും എഴുതി തള്ളിയിട്ടില്ല, സിനിമകൾ ഇനിയും ഉണ്ടാകും വിജയ ചിത്രങ്ങൾ എന്ന് ആളുകൾ പറയുന്ന ആ കാലഘട്ടത്തിനു ശേഷം താൻ തലയിൽ കെട്ടില്ലാതെ അഭിനയിച്ച ചിത്രമായ സമാന്തരങ്ങളിൽ ആണ് തനിക്കു ബെസ്റ്റ് ആക്ട്ടർ പദവി ലഭിച്ചത്.

തലയിൽ തൂവാല കെട്ടി അഭിനയിച്ചിരുന്നുവെങ്കിൽ ചിലപ്പോൾ ഇന്ത്യയിലെ തന്നെ മികച്ച നടനാവാൻ അന്ന് തനിക്കു കഴിയുമായിരുന്നോ എന്നും ഇപ്പോൾ ആരോപിക്കുന്ന ഈ വീഴ്‌ച്ചകൾ വരുന്നത് സ്വഭാവികമായും സിനിമയിൽ സംഭവിക്കുന്ന കാര്യങ്ങളാണെന്നും പറയുന്ന മേനോൻ അവസാനം താൻ അഭിനയിച്ച് സംവിധാനം ചെയ്തു പുറത്തിറങ്ങി പരാജയപ്പെട്ട 'ഞാൻ സംവിധാനം ചെയ്യും' എന്ന ചിത്രം ശ്രദ്ധിക്കാതെ പോയെന്ന് സമ്മതിക്കുന്നു. പക്ഷേ, ടെലിവിഷനിൽ ആ സിനിമ വരുമ്പോൾ അത് കൂടുതൽ ശ്രദ്ധിക്കപ്പെടും എന്ന ഉറപ്പ് തനിക്കുണ്ടെന്നും ബാലചന്ദ്രമേനോൻ പറഞ്ഞു.

സംവിധാനങ്ങൾ പലപ്പോഴും പാളുമ്പോഴും അഭിനയത്തിൽ നല്ല കഥാപാത്രങ്ങൾ മാത്രം ചെയ്യുന്ന നടനെന്ന പേര് ബാലചന്ദ്രമേനോൻ എന്ന നടനോടൊപ്പം എന്നും ഉണ്ടായിട്ടുണ്ട്. 2013 ൽ മലയാളത്തിൽ പുറത്തിറങ്ങി സൂപ്പർഹിറ്റായശേഷം അന്യ ഭാഷകളിൽ മൊഴിമാറ്റം ചെയ്തു ശ്രദ്ധ പിടിച്ചുപറ്റിയ ദൃശ്യം എന്ന മോഹലാൽ ചിത്രം മലയാളിക്ക് സമ്മാനിച്ച സംവിധായകൻ ജിത്തു ജോസഫ് പുതുതായി സംവിധാനം ചെയ്യുന്ന കോയമ്പത്തൂരിൽ ചിത്രീകരണം പുരോഗമിക്കുന്ന വ്യൂഹം എന്ന ചിത്രത്തിന്റെ ലോക്കേഷനിലാണ് ബാലചന്ദ്രമേനോൻ. വലിയ പ്രതീക്ഷകൾ തരുന്ന നല്ലൊരു കഥാപാത്രത്തിനു മേനോൻ ജീവൻ നൽകുമ്പോഴും ഈ വർഷം തന്നെ തന്റെ സംവിധാനത്തിൽ ഒരു ചിത്രം ഉണ്ടാകുമെന്നും ഉറപ്പുനൽകി.