തിരുവനന്തപുരം: കോവിഡാനനന്തര ലോകത്തിനനുസരിച്ച് കേരളത്തെ മാറ്റിയെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. മുൻ ധനമന്ത്രി തോമസ് ഐസകിന്റെ സമഗ്ര ബജറ്റിന്റെ തുടർച്ചയാണിത്. പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങൾ നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ബാലഗോപാൽ പറഞ്ഞു. ആരോഗ്യത്തിനൊപ്പം കാർഷിക മേഖലയ്ക്ക് സഹായം എത്തിക്കാനാണ് ബാലഗോപാലിന്റെ ശ്രമം. റബ്ബർ സബ്സിഡി കൊടുത്തുതീർക്കുന്നതിന് 50 കോടിയും ബജറ്റിൽ വകയിരുത്തി.

കാർഷിക മേഖലയ്ക്കായി നിരവധി പ്രഖ്യാപനങ്ങൾ നടത്തി ധനമന്ത്രി. 4% പലിശ നിരക്കിൽ 2000 കോടിയുടെ വായ്പ പ്രാഥമിക സഹകരണ സംഘങ്ങൾ വഴി നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപനം. വാണിജ്യാടിസ്ഥാനത്തിലും വായ്പ നൽകും. കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് പത്ത് കോടി വായ്പയും പ്രഖ്യാപിച്ചു. അഞ്ച് അഗ്രോ പാർക്കുകൾ തുടങ്ങാൻ പത്ത് കോടി രൂപയാണ് വകയിരുത്തിയത്. ഉൽപന്നങ്ങളുടെ ശേഖരണത്തിനും സംഭരണത്തിനും അഞ്ച് അഗ്രോ പാർക്കുകൾ സ്ഥാപിക്കും. ദീർഘകാല അടിസ്ഥാനത്തിൽ തീരസംരക്ഷണ നടപടിയുണ്ടാകുമെന്നും ധനമന്ത്രി അറിയിച്ചു.

തോട്ടം മേഖലയുടെ വികസനത്തിന് 2 കോടി രൂപ വകയിരുത്തി. പാൽ മൂല്യവർധന ഉൽപന്നങ്ങൾക്കായി ഫാക്ടറി സ്ഥാപിക്കും. കൃഷിഭവനുകളെ സ്മാർട് ആക്കാനുള്ള പദ്ധതിക്ക് ആദ്യഘട്ടമെന്ന നിലയിൽ 10 കോടി രൂപ വകയിരുത്തി. കടലാക്രമണം ചെറുക്കാൻ ശാസ്ത്രീയ രീതികൾ നടപ്പാക്കും. കടൽഭിത്തികൾ ട്രൈപോഡ് ഉപയോഗിച്ച് നേരെയാക്കും. മത്സ്യ സംസ്‌കരണത്തിന് 5 കോടി രൂപ. ജലായശങ്ങളുടെ ജലവാഹന ശേഷി വർധിപ്പിക്കുന്നതിന് 50 കോടിയുടെ പാക്കേജും പ്രഖ്യാപിച്ചു. കടൽഭിത്തി നിർമ്മാണത്തിന് കിഫ്ബി 2300 കോടി നൽകും. കുടുംബശ്രീ അയൽക്കൂട്ടത്തിന് 1000 കോടിയുടെ വായ്പ നൽകുന്നതും 4% പലിശ നിരക്കിലായിരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുകയാണ് സർക്കാർ നയമെന്ന് ധനമന്ത്രി ബഡ്ജറ്റ് അവതരണത്തിന്റെ തുടക്കത്തിൽ പറഞ്ഞിരുന്നു . തോമസ് ഐസക്കിന്റെ ബഡ്ജറ്റ് സമഗ്രമായിരുന്നുവെന്നും അഭിമാനകരമായ വളർച്ചയാണ് കേരളത്തിൽ നടക്കുന്നതെന്നും ബാലഗോപാൽ വ്യക്തമാക്കി.ദുരന്തങ്ങളെ കേരളം ഒറ്റക്കെട്ടായാണ് നേരിട്ടത്. ഭരണ തുടർച്ച കേവലമൊരു വിജയമല്ല. തുടർഭരണം ജനാധിപത്യത്തിന്റെ വിജയം. ആരോഗ്യരക്ഷയ്ക്കാണ് സർക്കാർ മുന്തിയ പരിഗണന നൽകുന്നത്.

ആരോഗ്യ അടിയന്തരാവസ്ഥ വികസനത്തിന് വെല്ലുവിളിയാണ്. ചരിത്ര വിജയം നൽകിയ കേരളത്തിലെ ജനങ്ങളെ അഭിനന്ദിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു. ദയയില്ലാത്ത ആക്രമണമാണ് ഒന്നാം പിണറായി സർക്കാർ നേരിട്ടത്. ഐസക്കിന്റെ ബഡ്ജറ്റിലെ എല്ലാം നിർദേശങ്ങളും നടപ്പാക്കും. പ്രകടനപത്രികയിലെ വാഗ്ദ്ധാനം സർക്കാർ കൃത്യമായി നടപ്പാക്കും.

ആഭ്യന്തര ഉത്പാദനത്തിൽ 3.8 ശതമാനം ഇടിവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ജി എസ് ടി നഷ്ടപരിഹാരം വൈകുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും ബാലഗോപാൽ പറഞ്ഞു.