- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോട്ടറി വിൽപനക്കാരന്റെ മരണം മദ്യപസംഘം തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന്; ബാലാജിയുടെ ഘാതകരെ പൊക്കി തലശ്ശേരി പൊലീസ്
തലശേരി: തലശേരിയിലെ ലോട്ടറി വിൽപ്പനക്കാരന്റെ കൊലപാതകം മദ്യപസംഘം തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന്. ഏറെക്കാലമായി തലശേരി നഗരത്തിൽ താമസിക്കുന്ന ലോട്ടറി വിൽപനക്കാരനാണ് ക്രൂര മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. വടക്കുമ്പാട് സ്വദേശി ബാലാജിയെന്നു അറിയപ്പെടുന്ന ബാലചന്ദ്രന്റെ ( 60 ) മരണമാണ് കൊലപാതകമെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്.
കേസിലെ പ്രതികളായ കൊടക്കളം ലക്ഷംവീട് കോളനിയിലെ നിധിൻ ബാബു (27) കാവുംഭാഗം കോമത്ത് പാറയിലെ നൂർ മഹലിൽ സി എ അഷ്മിൽ (27) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരുടെയും മർദ്ദനത്തിനിരയായാണ് ബാലാജി മരിച്ചതെന്നാണ് പൊലിസ് അന്വേഷണത്തിൽ വ്യക്തമായത്. തലശേരി ജനറൽ ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ബാലാജിയുടെ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് വ്യക്തമായത്.
ഇതു കൂടുതൽ പരിശോധനയ്ക്കായി കോഴിക്കോട്ടെ ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് ബാലാജിയെ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് മർദ്ദനമേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. സമീപത്തുള്ളവർ പൊലീസിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിങ്കളാഴ്ച തെരുവിൽ കഴിയുന്ന മദ്യപ സംഘം തമ്മിലുണ്ടായ സംഘർഷത്തിൽ ബാലാജിക്ക് മർദ്ദനമേറ്റിരുന്നു.പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇദ്ദേഹത്തിന്റെ വാരിയെല്ലുകളും തുടയെല്ലും തകർന്നിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.തുടർന്നാണ് ബാലാജിയുടെ മരണം കൊലപാതകമെന്ന് പൊലീസ് സംശയിച്ചത്. സിസിടിവി ദൃശ്യങ്ങളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിലാണ് പ്രതികളായ രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തത്.
നഗരത്തിൽ ലോട്ടറി വിറ്റ് ഉപജീവനം കഴിയുന്ന ബാലാജി പൊന്യം കക്കറ സ്വദേശിയാണ്. കുടുംബവുമായി ഏറെക്കാലമായി അകന്നു കഴിയുന്ന ഇയാൾ തലശേരി പുതിയ ബസ് സ്റ്റാൻഡിൽ തന്നെയാണ് ഏറെക്കാലമായി താമസം. ബാലാജിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കാൻ തയ്യാറാല്ലാത്തതിനാൽ ഇന്നലെ വൈകുന്നേരം തലശേരിയിലെ പൊതുശ്മാശനത്തിൽ സംസ്കരിച്ചു. തലശ്ശേരി എസ് ഐ ആർ മനുവിന്റെ നേതൃത്വത്തിലാണ് പ്രാഥമിക അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും'
യുവാക്കൾ ബാലചന്ദ്രനെ അടിച്ചുവീഴ്ത്തിയതിന് ശേഷം രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ മൂന്ന് വാരിയെല്ലുകൾ പൊട്ടിയതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. ചവിട്ടേറ്റു വയറിനും ഗുരുതരമായി പരുക്കേറ്റിരുന്നു.ഈ പരുക്കുകളാണ് മരണ കാരണമെന്ന് പൊലിസ് പറഞ്ഞു.