തിരുവനന്തപുരം: എൻഎസ്എസ് കരയോഗത്തിന്റെ മീറ്റിംഗിൽ നടത്തിയ പ്രസംഗമുയർത്തിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആർ ബാലകൃഷ്ണ പിള്ളയ്ക്ക് മുന്നോക്ക വിഭാഗ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം എൽഡിഎഫ് നൽകിയേക്കില്ലെന്ന് റിപ്പോർട്ടുകൾ. മുസഌംസമുദായത്തെ അപകീർത്തിപ്പെടുത്തുംവിധം പ്രസംഗിച്ചുവെന്ന ആക്ഷേപത്തിൽ പിള്ളയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് ഇത്തരമൊരു ആലോചന.

എൽഡിഎഫ് ഈ നിലപാടെടുക്കുന്നതോടെ യുഡിഎഫ് വിട്ട് കഴിഞ്ഞ പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് പിന്തുണയുമായി എത്തിയ പിള്ളയുടെ കേരളാ കോൺഗ്രസിന് എൽഡിഎഫ് പ്രവേശനത്തിനുള്ള സാധ്യതകളും മങ്ങുകയാണ്. ഇടതുപിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ട ഗണേശ്‌കുമാറും ഇതോടെ വിഷമവൃത്തത്തിലാകും

അച്ഛൻ അത്തരമൊരു പ്രസ്താവന നടത്തില്ലെന്നും ആരെയെങ്കിലും പ്രസംഗം വേദനിപ്പിച്ചെങ്കിൽ മാപ്പുപറയുന്നുവെന്നും വ്യക്തമാക്കി പിള്ളയുടെ പ്രസംഗം വിവാദമായതിനു പിന്നാലെ ഗണേശൻ രംഗത്തുവന്നത് വിവാദങ്ങൾ ഒഴിവാക്കാൻ വേണ്ടിയായിരുന്നുവെങ്കിലും സ്ഥിതി കൈവിട്ടുപോയി കേസിലെത്തി നിൽക്കുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ വർഷങ്ങൾക്കു ശേഷം എൽഡിഎഫിന് ലഭിച്ച സ്വീകാര്യത പിള്ളയെ അനുകൂലിച്ചാൽ പഴയ നിലയിലേക്ക് മാറുമെന്നത് മുന്നിൽക്കണ്ടാണ് പിള്ളയുമായുള്ള ബന്ധം മുറിക്കാൻ എൽഡിഎഫ് ഒരുങ്ങുന്നത്. കാലാകാലങ്ങളായി തങ്ങളിൽ നിന്നും അകന്നുനിൽക്കുന്ന ന്യൂനപക്ഷങ്ങളെ ഒപ്പം കൊണ്ടുവരുന്നതിനുള്ള കഠിനപ്രയത്‌നത്തിലാണ് സിപിഐ(എം). 2004ന് ശേഷം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് വിജയിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഇടതുനീക്കങ്ങൾ ക്ഷീണിപ്പിക്കുന്ന തരത്തിൽ പിള്ളയുടെ പ്രസംഗം വിവാദമാകുന്നത്. അതോടെ കേസെടുക്കാൻ അവർ നിർബന്ധിതമാകുകയും ചെയ്തു.

അതേസമയം, പിള്ളയുടെ പ്രസംഗം ലീഗും കോൺഗ്രസും ഇടതുപക്ഷത്തിനെതിരെ ആയുധമാക്കുന്ന സാഹചര്യവുമുണ്ട്. നേരത്തെ ലീഗിൽ നിന്നും മറ്റും നല്ലൊരു ഒഴുക്ക് സിപിഎമ്മിലേക്ക് ഉണ്ടായിരുന്നു. ഇതിനെ പ്രതിരോധിക്കാൻ ഇടതുപാളയത്തിൽ നിന്നുകൊണ്ടുള്ള പിള്ളയുടെ പ്രസംഗം ലീഗ് ഫലപ്രദമായി ഉപയോഗിക്കാൻ തുടങ്ങിക്കഴിഞ്ഞു. കോൺഗ്രസും ന്യൂനപക്ഷത്തെ തങ്ങൾക്കൊപ്പം നിർത്താൻ ഇതേ നീക്കത്തിലാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം കൊടിക്കുന്നിൽ സുരേഷ് ഒരു പ്രസ്താവനയുമായി രംഗത്തുവരികയും ചെയ്തു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ മലബാറിൽ കൈയയച്ചു സഹായിച്ച കാന്തപുരം വിഭാഗം, ജമാഅത്തെ ഇസ്ലാമി പോലുള്ള മുസ്ലിംസംഘടനകൾ ഈ പ്രസംഗത്തിന്റെപേരിൽ ശക്തമായ പ്രതിഷേധത്തിലാണ്. ഇതിനെതിരെ മലബാറിലും മറ്റും പ്രതിഷേധ ജാഥകളും നടന്നു. തങ്ങളോടൊപ്പം നിൽക്കുന്ന ജനസമുഹം നിലപാട് കടുപ്പിക്കുന്നത് സിപിഎമ്മിന് വല്ലാത്ത അലോസരമുണ്ടാക്കുന്നുണ്ട്. ഇ സാഹചര്യത്തിലാണ് കേസെടുത്ത് അന്വേഷണത്തിന് ഇടതുപക്ഷം തയ്യാറായത്. ഇനി പിള്ളയ്ക്ക് എന്തെങ്കിലും സ്ഥാനം നൽകിയാൽ വിഷയം വീണ്ടും ഉയർന്നുവരുമെന്നും എൽഡിഎഫ് ഭയക്കുന്നുണ്ട്.

ഫലത്തിൽ ഭൂരിപക്ഷ വാദം ഉന്നയിച്ച് ന്യൂനപക്ഷങ്ങൾക്കെതിരെ ശക്തമായ പ്രസംഗങ്ങളുമായി രംഗത്തെത്തിയ വെള്ളാപ്പള്ളിയുടെ അവസ്ഥയിലേക്കാണ് പിള്ളയും നീങ്ങുന്നത്. നായർ സമുദായത്തെ പ്രതിനിധീകരിച്ചായിരുന്നു പിള്ളയുടെ പ്രസംഗമെന്നതിനാൽ വെള്ളാപ്പള്ളിയുടെ ഹൈന്ദവ നിലപാടിന് സമാനമായ തലത്തിലാണ് പിള്ളയും പ്രസംഗിച്ചതെന്നാണ് വിമർശനം ഉയരുന്നത്. ബിജെപി ഭൂരിപക്ഷവിഭാഗങ്ങളിൽ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ പരമാവധി ന്യൂനപക്ഷങ്ങളുടെ വിശ്വാസ്യത നിലനിർത്താനും ഇതിനായി പിള്ളയെ തള്ളിപ്പറയാനും സിപിഐ(എം) തയ്യാറായേക്കുമെന്നാണ് സൂചനകൾ.

ഇതിന് ഇടതുപക്ഷത്തിന് ഇപ്പോൾ തടസ്സങ്ങളുമില്ല. ഇപ്പോഴും ബാലകൃഷ്ണപിള്ള സാങ്കേതികമായി ഇടതുമുന്നണിയുടെ ഭാഗമല്ല. കഴിഞ്ഞ രണ്ടു പൊതു തിരഞ്ഞെടുപ്പുകളിൽ പരസ്പര ധാരണയുണ്ടായിരുന്നു എന്നതൊഴിച്ചാൽ പരസ്യ വാഗ്ദാനങ്ങളൊന്നും ഇടതു നേതാക്കൾ നൽകിയിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഗണേശ്‌കുമാറിനെ പത്തനാപുരത്ത് പിന്തുണച്ചതല്ലാതെ ആ പാർട്ടിയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് പ്രാദേശിക സിപിഐ(എം) നേതാക്കൾ പറഞ്ഞു തുടങ്ങിയിട്ടുമുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ നിയമസഭയിൽ ഗണേശ്‌കുമാറിന്റെ പിന്തുണയില്ലെങ്കിലും ഇടതുമുന്നണിക്ക് ഭരണത്തിൽ ഒന്നും സംഭവിക്കാനുമില്ല.

ഇതൊക്കെ മുന്നിൽകണ്ട് പിള്ളയെ ഒഴിവാക്കി മുന്നോട്ടുപോകാനാണ് സിപിഎമ്മിന്റെ തീരുമാനം. അതേസമയം, ഗണേശ് കൂടെ നിൽക്കുന്നിടത്തോളം കൂടെ നിർത്തുകയെന്ന തീരുമാനമെടുക്കുന്നതോടെ അതുസംബന്ധിച്ചുള്ള വിവാദങ്ങളും ഒഴിവാകുമെന്ന് സിപിഐ(എം) വിലയിരുത്തുന്നു. എന്നാൽ യുഡിഎഫുമായി ഉടക്കിയ പിള്ള ഗണേശിനെ അന്ന് തള്ളിപ്പറയുകയും ഗണേശിനെ കൂടെ നിർത്താനുള്ള ഉമ്മൻ ചാണ്ടിയുടെ ശ്രമങ്ങൾ ഇതോടെ വിഫലമാകുകയും ചെയ്തിരുന്നു. മുന്നോക്ക കോർപ്പറേഷൻ അധ്യക്ഷ സ്ഥാനം നൽകിയില്ലെങ്കിൽ പിള്ള എൽഡിഎഫിനെതിരെ നീങ്ങുമോയെന്ന് കണ്ടറിയണം. അപ്പോൾ യുഡിഎഫിന്റെ കാലത്തെന്നപോലെ ഗണേശനും പിള്ളയും രണ്ടു ചേരികളിലേക്ക് മാറുമോ എന്ന ആശങ്കയും ശക്തമാണ്.