- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിജെ ജോസഫിനൊപ്പം നിന്ന് ജയിച്ചു; ജോസഫിന് ഇടതിലേക്ക് മാറാൻ മോഹം വന്നപ്പോഴും പിള്ള താൽപ്പര്യപ്പെട്ടത് യുഡിഎഫിനൊപ്പം നിൽക്കാൻ; പ്രതികാരത്തിൽ ഇടതുപക്ഷം പ്രയോഗിച്ചത് രാജീവ് ഗാന്ധി കൊണ്ടു വന്ന കൂറുമാറ്റ നിരോധന നിയമം; അയോഗ്യനാക്കിയത് വർക്കല രാധാകൃഷ്ണനും; പിളരും തോറും വളരുന്ന പാർട്ടിയിൽ പിള്ളയ്ക്ക് എംഎൽഎ സ്ഥാനം നഷ്ടമായത് 1990ൽ
തിരുവനന്തപുരം: രാഷ്ട്രീയ നിലപാടിന്റെ പേരിൽ എംഎൽഎ സ്ഥാനം നഷ്ടമായ നേതാവായിരുന്നു ആർ ബാലകൃഷ്ണ പിള്ള. ഇടതുപക്ഷമായിരുന്നു അന്ന് പിള്ളയ്ക്കെതിരെ വാളെടുത്തത്. ഇതേ ഇടതുപക്ഷത്തിന്റെ ഭാഗമായി പിന്നീട് പിള്ള മാറിയതും ചരിത്രം. അങ്ങനെ രാഷ്ട്രീയ അപൂർവ്വതകൾ ഏറെ സമ്മാനിച്ച വ്യക്തിയാണ് വിടവാങ്ങുന്നത്.
കുറുമാറ്റ നിരോധന നിയമ പ്രകാരം എംഎൽഎ സ്ഥാനം നഷ്ടമാകുന്ന ആദ്യ എംഎൽഎയാണ് പിള്ള. 1989ൽ പി ജെ ജോസഫിനോടൊപ്പം കേരള കോൺഗ്രസിൽനിന്ന് വിജയിച്ചശേഷം കൂറുമാറി കേരള കോൺഗ്രസ് ബി വീണ്ടും രൂപീകരിച്ചതായിരുന്നു പിള്ളയ്ക്കെതിരായ കുറ്റം. കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്നണി മാറി ഇടതുപക്ഷത്ത് എത്തിയപ്പോഴായിരുന്നു പിള്ളയുടെ രണ്ടാമത്തെ പാർട്ടി രൂപീകരണം. അന്ന് പിള്ള യുഡിഎഫിൽ തുടർന്നു. ഇത് പരാതിയായി എത്തിയപ്പോൾ സ്പീക്കർ വർക്കല രാധാകൃഷ്ണൻ 1990ൽ കൂറുമാറ്റ നിരോധന നിയമപ്രകാരം പിള്ളയെ അയോഗ്യനാക്കി. അങ്ങനെ എംഎൽഎ സ്ഥാനം നഷ്ടമായി. എന്നാൽ പിന്നീട് കൊട്ടാരക്കരയിൽനിന്ന് വിജയിച്ച് ബാലകൃഷ്ണപിള്ള വീണ്ടും നിയമസഭയിലെത്തിയെന്നതും ചരിത്രം.
1985ൽ രാജീവ് ഗാന്ധി സർക്കാർ കൊണ്ടു വന്ന കൂറുമാറ്റ നിരോധന നിയമം 2003ൽ ഭേദഗതി ചെയ്തു ശക്തിപ്പെടുത്തിയെങ്കിലും അതൊന്നും ജനപ്രതിനിധികൾ കൂറുമാറുന്നതിനു തടസ്സമാകുന്നില്ല. 1985-ൽ 52-ആം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഈ നിയമം പാസാക്കിയത്. ഇതിനു വേണ്ടി ഭരണഘടനയുടെ 102-ആം വകുപ്പിൽ ഭേദഗതി വരുത്തുകയും, 10-ആം പട്ടിക കൂടിച്ചേർക്കുകയും ചെയ്തു. ഈ നിയമമാണ് ബാലകൃഷ്ണ പിള്ളയ്ക്ക് 1990ൽ വിനയായത്. കൂറുമാറ്റ നിരോധന നിയമം വഴി പാർലമെന്റിൽ നിന്നും ആദ്യമായി പുറത്താക്കപ്പെട്ടത് ലാൽ ദുഹോമയും, കേരള നിയമസഭയിൽ നിന്നും പുറത്താക്കപ്പെട്ടത് ആർ ബാലകൃഷ്ണപിള്ളയും ആണ്.
1976ൽ കെ എം ജോർജ്ജിന്റെ മരണത്തെ തുടർന്ന് പാർട്ടിക്കുള്ളിൽ ബാലകൃഷ്ണ പിള്ളയും കെ എം മാണിയും തമ്മിലുണ്ടായ അധികാര തർക്കമാണ് ആദ്യ പിളർപ്പിന് കാരണമായത്. മുതിർന്ന നേതാവ് എന്ന നിലയിലും സ്ഥാപക നേതാക്കന്മാരിൽ ഒരാൾ എന്ന നിലയിലും പാർട്ടിയുടെ നേതൃത്വത്തിലേക്ക് വരേണ്ടത് പിള്ളയായിരുന്നെങ്കിലും കെ എം മാണിക്കും പി ജെ ജോസഫിനുമായിരുന്നു അനുയായികൾ അധികവും. അങ്ങനെ 1977ൽ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പിള്ള പുതിയ പാർട്ടി പ്രഖ്യാപിക്കുകയും കോൺഗ്രസ്മുന്നണി വിടുകയും ചെയ്തു.
കേരള കോൺഗ്രസ് (ബാലകൃഷ്ണ പിള്ള). രാഷ്ട്രീയ പാർട്ടികൾ നേതാക്കന്മാരുടെ പേരിൽ തന്നെ അറിയപ്പെടുന്ന രീതി കേരളത്തിൽ ആരംഭിച്ചത് ഇതോടെയാണ്. കൂടാതെ മാതൃസംഘടനയായ കോൺഗ്രസിൽ നിന്നും വിട്ട് കേരള കോൺഗ്രസ് പാർട്ടികൾ ഇടതു മുന്നണിയിലും അഭയം കണ്ടെത്തി തുടങ്ങിയതും ഇത് മുതലാണ്. 77ലെ തെരഞ്ഞെടുപ്പിൽ ഐക്യ മുന്നണിക്കൊപ്പം നിന്ന കേരള കോൺഗ്രസ് 20 സീറ്റുകളും ഇടതു മുന്നണിക്കൊപ്പം നിന്ന കേരള കോൺഗ്രസ് (ബി) രണ്ട് സീറ്റുകളും നേടി.
മാണിയുടെ വിശ്വസ്തനായിരുന്ന പി ജെ ജോസഫുമായുള്ള അഭിപ്രായ ഭിന്നതകളാണ് പിന്നീട് പാർട്ടിയുടെ പിളർപ്പിന് കാരണമായത്. 1979ൽ അന്നത്തെ യുഡിഎഫ് സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്ന മാണിയാണ് പിളർപ്പ് പ്രഖ്യാപിച്ചത്. അദ്ദേഹം കേരള കോൺഗ്രസ്(മാണി) എന്ന സ്വന്തം പാർട്ടി രൂപീകരിക്കുകയും ചെയ്തു. 1980ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് പാർട്ടികളും മുന്നണി മാറി. മാണി വിഭാഗം കോൺഗ്രസ് നേതാവ് എ കെ ആന്റണിക്കൊപ്പം എൽഡിഎഫിലും ജോസഫ് വിഭാഗം യുഡിഎഫിലും എത്തിച്ചേർന്നു. പിള്ള വിഭാഗം യുഡിഎഫിനൊപ്പം ചേർന്നു. എന്നാൽ 1982ൽ മാണി കോൺഗ്രസ് യുഡിഎഫിൽ തിരിച്ചെത്തിയതോടെ കേരള കോൺഗ്രസിന്റെ മൂന്ന് വിഭാഗങ്ങളും ആദ്യമായി യുഡിഎഫിൽ ഒന്നിച്ചു.
82ലെ യുഡിഎഫ് സർക്കാരിൽ മൂന്ന് കേരള കോൺഗ്രസുകളിലെയും നേതാക്കളായ കെ എം മാണി(ധനകാര്യം), ടി എം ജേക്കബ്(വിദ്യാഭ്യാസം), പി ജെ ജോസഫ്(റെവന്യൂ), ആർ ബാലകൃഷ്ണ പിള്ള(ഗതാഗതം) എന്നിവരെ മന്ത്രിമാരും ആക്കി. പാർട്ടിയുടെ പിളർപ്പ് തങ്ങളെ ദുർബലപ്പെടുത്തുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞ നേതാക്കൾ മൂന്ന് പേരും താൽപര്യമെടുത്ത് 1985ൽ മൂന്ന് കേരള കോൺഗ്രസും ജോസഫിന് കീഴിലുള്ള ഔദ്യോഗിക കേരള കോൺഗ്രസിൽ ലയിച്ചു. ഇതോടെ പാർട്ടിക്ക് 25 എംഎൽഎമാരും നാല് മന്ത്രിമാരുമായി. പിന്നീട് വിവാദ പഞ്ചാബ് മോഡൽ പ്രസംഗം. ഇതിനിടെയാണ് ജോസഫ് ഇടതുപക്ഷത്തേക്ക് പോയത്. അന്ന് പിള്ള യുഡിഎഫിൽ ഉറച്ചു നിന്നു. ഇതിനെതിരെയായിരുന്നു ആയോഗ്യതാ പ്രശ്നം വന്നത്.
മറുനാടന് മലയാളി ബ്യൂറോ