കൊട്ടാരക്കര: മുന്മന്ത്രിയും കേരളകോൺഗ്രസ് (ബി) മുൻ ചെയർമാനുമായ അന്തരിച്ച ആർ ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വിൽപ്പത്രം അസാധുവാക്കണമെന്നാവശ്യപ്പെട്ട് മൂത്ത മകൾ ഉഷാ മോഹൻദാസ് കൊട്ടാരക്കര സബ് കോടതിയിൽ കേസ് ഫയൽ ചെയ്തതോടെ പിള്ളയുടെ കുടുംബം രണ്ടു തട്ടിലേക്ക്. ഇളയ മകളും മകൻ ഗണേശ് കുമാറും ഒരുമിച്ചാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ ഈ കേസിലെ വിധി ഏറെ നിർണ്ണായകമാകും. തെളിവുകളും സാക്ഷികളും ഈ കേസിൽ ഗണേശിന് അനുകൂലമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

വിൽപ്പത്രത്തിലെ വസ്തുക്കൾ പോക്കുവരവ് ചെയ്യുന്നത് തടയണമെന്നും ഹർജിയിൽ ആവശ്യപ്പടുന്നു. കേസിന്റെ രേഖകൾ ഹാജരാക്കാൻ ഉഷയ്ക്ക് പത്ത് ദിവസത്തെ സമയം കോടതി അനുവദിച്ചു.പോക്കുവരവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര ഭൂരേഖ തഹസിൽദാർ ബി. പത്മചന്ദ്രക്കുറുപ്പിന്റെ ഓഫീസിൽ നടന്ന ഹിയറിംഗിൽ,. പോക്കുവരവ് ചെയ്യുന്നതിനെ ഉഷയുടെ അഭിഭാഷകൻ എതിർത്തു. സ്വത്തുക്കൾ ഭാഗം ചെയ്തതിലും വിൽപ്പത്രം തയ്യാറാക്കിയതിലും കള്ളക്കളി നടന്നെന്നാണ് ഉഷ ആരോപിക്കുന്നത്.

സഹോദരൻ കെ.ബി. ഗണേശ് കുമാർ എംഎ‍ൽഎയ്‌ക്കെതിരെയാണ് പ്രധാന ആരോപണങ്ങൾ. പിള്ള തന്റെ മൂന്ന് മക്കൾക്കും രണ്ട് ചെറുമക്കൾക്കും തന്റെ പേരിലുള്ള ചാരിറ്റബിൾ ട്രസ്റ്റിനുമായി സ്വത്തുക്കൾ വീതം വച്ചാണ് വിൽപ്പത്രം തയ്യാറാക്കിയിരുന്നത്. 2020 ഓഗസ്റ്റ് 9ന് പിള്ള സ്വന്തം ഇഷ്ടപ്രകാരമാണ് വിൽപ്പത്രം രജിസ്റ്റർ ചെയ്തതെന്നും ,ഇക്കാര്യത്തിൽ ബാഹ്യ ഇടപെടലുണ്ടായിട്ടില്ലെന്നും പിള്ളയുടെ വിശ്വസ്തനായിരുന്ന കേരള കോൺഗ്രസ്(ബി) മണ്ഡലം പ്രസിഡന്റ് കെ. പ്രഭാകരൻ നായർ പരസ്യ പ്രസ്താവനയും നടത്തിയിരുന്നു.

അതോടെ അടങ്ങിയിരുന്ന വിൽപ്പത്ര വിവാദം , ഉഷ കോടതിയെ സമീപിച്ചതോടെയാണ് വീണ്ടും ഉയർന്നത്. പിതാവായ ആർ.ബാലകൃഷ്ണപിള്ളയുടെ കോടിക്കണക്കിനു സ്വത്തുക്കളിൽ 5 സെന്റ് പോലും തനിക്കു ലഭിച്ചിട്ടില്ലെന്നും വിൽപത്രത്തിനു പിന്നിൽ ക്രമക്കേട് സംശയിക്കുന്നതായും മകൾ ഉഷ മോഹൻദാസ് ആരോപിച്ചിരുന്നു. വിൽപത്രത്തിൽ ഒരുപേജ് മാത്രമാണ് തനിക്കായി മാറ്റിവച്ചിരിക്കുന്നത്. 8 പേജ് സഹോദരിക്കും 14 പേജ് ഗണേശിനുമാണ്. അച്ഛൻ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് ഉഷ പറയുന്നു.

പിണറായി മന്ത്രിസഭയിൽ ആദ്യഊഴത്തിൽ കെ.ബി ഗണേശ് കുമാറിന് മന്ത്രിസ്ഥാനം ലഭിക്കാത്തതിന് കാരണം സഹോദരി ഉഷ മോഹൻദാസിന്റെ ആരോപണങ്ങളാണെന്ന് വാർത്തകളുണ്ടായിരുന്നു. ഗണേശിന് പിന്തുണയുമായി മറ്റൊരു സഹോദരി ബിന്ദു ബാലകൃഷ്ണൻ രംഗത്ത് വന്നിട്ടുണ്ട്. ബാലകൃഷ്ണപ്പിള്ള 2020 ഓഗസ്റ്റിൽ സ്വന്തം ഇഷ്ടപ്രകാരമാണ് വിൽപ്പത്രം മാറ്റിയെഴുതിയതെന്നാണ് ബിന്ദു പറഞ്ഞിരിക്കുന്നത്. ഇപ്പോഴത്തെ വിൽപ്പത്രത്തിൽ സ്വത്ത് ഭാഗം വച്ചതിലെ വിശദാംശങ്ങളും പുറത്തുവന്നിരുന്നു.

സാക്ഷി എന്നു പറയുന്ന പ്രഭാകരൻപിള്ള പറയുന്ന കാര്യങ്ങളെല്ലാം കള്ളമാണ്. കുടുംബകാര്യങ്ങൾ പുറത്തു പറയരുതെന്നു കരുതിയാണ് ഇതുവരെ നിശബ്ദത പാലിച്ചതെന്ന് ഉഷ പറഞ്ഞു. അച്ഛന്റെ വിൽപത്രത്തിൽ നൽകിയതായി പറയുന്ന എസ്റ്റേറ്റ് തനിക്ക് അമ്മയുടെ ഷെയറായി വർഷങ്ങൾക്കു മുൻപേ ലഭിച്ചതാണ്. അനുജത്തിക്കു തന്നേക്കാൾ വലിയ സ്വത്ത് അമ്മയുടെ ഷെയറായി ലഭിച്ചിട്ടുണ്ട്. ഇതിനു പ്രത്യക വിൽപത്രവുമുണ്ട്. അമ്മയുടെ വിൽപത്രത്തിൽ ഷെയറായി ലഭിച്ച വസ്തുവിനെയാണ് അച്ഛൻ നൽകിയതായി തെറ്റായി കാണിച്ചിരിക്കുന്നത് എന്നും ഉഷ പറയുന്നു.

3 മക്കൾക്കും 2 ചെറുമക്കൾക്കും ബാലകൃഷ്ണപിള്ള ചാരിറ്റബിൾ ട്രസ്റ്റിനും സ്വത്തു വീതിച്ചു നൽകിയാണു വിൽപത്രം തയാറാക്കിയിട്ടുള്ളത്. 2020 ഓഗസ്റ്റ് 9 ന് സ്വന്തം ഇഷ്ടപ്രകാരമാണ് ബാലകൃഷ്ണപിള്ള ഇതു ചെയ്തതെന്നും പുറത്ത് നിന്നുമുള്ള യാതൊരു ഇടപെടൽ ഉണ്ടായിട്ടില്ലെന്നും വിൽപത്രത്തിലെ പ്രധാന സാക്ഷിയും കേരള കോൺഗ്രസ്(ബി) മണ്ഡലം പ്രസിഡന്റുമായ കെ.പ്രഭാകരൻ പിള്ള അറിയിച്ചു. എംസി റോഡിൽ ആയൂരിനു സമീപം 15 ഏക്കർ റബർത്തോട്ടം മൂത്തമകൾ ഉഷ മോഹൻദാസിന് അവകാശപ്പെട്ടതാണെന്നു വിൽപത്രത്തിലുണ്ട്.

ഏറെ കരുതലോടെയാണ് പിള്ള ഈ വിൽപത്രം തയ്യാറാക്കിരിക്കുന്നത്. വസ്തു കൈമാറ്റത്തിൽ അടക്കം വ്യവസ്ഥകളുണ്ട്. ചെറുമകന് ഒന്നും കൊടുക്കരുതെന്ന വിചിത്ര വ്യവസ്ഥയും. വാളകം പാനൂർകോണത്ത് 5 ഏക്കർ സ്ഥലം ഉഷയുടെ മക്കളായ ദേവിക്കും കാർത്തികയ്ക്കുമാണ്. കൊട്ടാരക്കര കീഴൂട്ട് വീട് ഉൾപ്പെട്ട 15 സെന്റും പൊലിക്കോട്ടെ രണ്ടര ഏക്കറും രണ്ടാമത്തെ മകൾ ബിന്ദുവിനും വാളകത്തെ വീടും സ്‌കൂളുകളും ഉൾപ്പെടുന്ന 5 ഏക്കർ ഗണേശ്കുമാറിനും അവകാശപ്പെട്ടതാണ്.

ഇടമുളയ്ക്കൽ മാർത്താണ്ടംകര സ്‌കൂളും കൊട്ടാരക്കര കീഴൂട്ട് വീട്ടിലെ 12 സെന്റും ആനയും കൊടൈക്കനാലിലെ ഫ്ളാറ്റും ഗണേശിനാണെന്നുമുണ്ട്. ബാലകൃഷ്ണ പിള്ളയുടെ മരണശേഷം ഗണേശാണു സ്‌കൂൾ മാനേജരെന്നും വിൽപത്രത്തിൽ പറയുന്നു. വാളകം ബി.എഡ് സെന്റർ, കൊട്ടാരക്കരയിലെയും തിരുവനന്തപുരത്തെയും പാർട്ടി ഓഫിസുകൾ എന്നിവ ട്രസ്റ്റിന്റെ പേരിലാണ്. പാർട്ടി ചെയർമാനാണു ട്രസ്റ്റിന്റെയും ചെയർമാൻ. വിൽപത്രമെഴുതുന്ന നാൾ മുതൽ 10 വർഷത്തേക്ക് രക്തബന്ധത്തിലുള്ളവർക്കല്ലാതെ പുറത്തുള്ള ആർക്കും തന്നെ വസ്തുവകകൾ വിൽക്കാൻ പാടില്ല എന്നും വിൽപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ ഇളയ മകൾ ബിന്ദു ബാലകൃഷ്ണന്റെ മൂത്ത മകൻ വിഷ്ണു സായിക്ക് ഈ വസ്തുവകകളിൽ യാതൊരു അവകാശവും ഉണ്ടായിരിക്കില്ലെന്നും ഈ വ്യവസ്ഥ ലംഘിച്ച് ബിന്ദു മകന് വസ്തുവകകൾ കൈമാറിയാൽ അതിന് യാതൊരു നിയമ സാധുതയും ഇല്ലെന്നും വ്യവസ്ഥ ലംഘിച്ചാൽ ബിന്ദു ബാലകൃഷ്ണന് നൽകിയ മുഴുവൻ സ്വത്തുക്കളും എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയനിലേക്ക് സ്വമേധയാ ലഭിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. മക്കൾക്ക് നൽകിയിരിക്കുന്ന സ്വത്തു വകകൾ തന്റെ കാലശേഷം മക്കൾക്കും അവരുടെ മക്കൾക്കും മാത്രം അവകാശപ്പെട്ടതാണെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്തേയും കൊട്ടാരക്കരയിലേയും പാർട്ടീ ഓഫീസുകൾ കേരളാ കോൺഗ്രസ്(ബി) നിലനിൽക്കുന്നിടത്തോളം കാലം അതേ നിലയിൽ തുടരണമെന്നും ഭരണ സംബന്ധമായ കാര്യങ്ങളിൽ കാലാകാലങ്ങളിൽ തെരഞ്ഞെടുക്കുന്ന പാർട്ടീ ചെയർമാന്മാർ ഭരണസാരഥ്യം വഹിക്കണമെന്നും പറയുന്നു. മറ്റേതെങ്കിലും പാർട്ടിയിലേക്ക് ലയിക്കുകയാണെങ്കിൽ ലയിക്കുന്ന പാർട്ടിക്കായിരിക്കും ഈ ഓഫീസുകളുടെ അവകാശം. ഏതെങ്കിലും തരത്തിൽ പാർട്ടി നിലനിൽക്കാതെയോ ലയിക്കാതെയോ വന്നാൽ പാർട്ടീ ഓഫീസുകൾ കേരളാ സർക്കാരിന് അവകാശപ്പെട്ടതാണെന്നും വിൽപ്പത്രത്തിൽ ബാലകൃഷ്ണപിള്ള പറയുന്നു. ഈ വിൽപത്രമാണ് വിവാദമാകുന്നത്.