തിരുവനന്തപുരം: ഇടമലയാർ കേസിൽ പിള്ളയ്‌ക്കെതിരെ കേസ് നടത്തി ജയിലിലാക്കിയ വി എസ് അച്യുതാനന്ദന്റെ ഔദ്യോഗിക പദവിക്കു തുല്യമാണു ഇനി ബാലകൃഷ്ണ പിള്ളയുടെയും സ്ഥാനം. എന്നാൽ ശമ്പളം കിട്ടിയില്ലെന്ന് പരാതി പറയാൻ പിള്ളയില്ല. മുന്നാക്ക സമുദായ കോർപറേഷൻ ചെയർമാനായ പിള്ള എല്ലാ അർത്ഥത്തിലും മന്ത്രിമാർക്ക് മാതൃകയാണ് ഇനി.

ശമ്പളം വാങ്ങാതെ താൻ ചെയർമാന്റെ ജോലി ചെയ്യും. ഔദ്യോഗിക കാർ ഉപയോഗിക്കും. ചുവപ്പ് ലൈറ്റ് ഇല്ലാത്തതു നല്ലതുതന്നെ. മന്ത്രിയായിരുന്നപ്പോഴും അതുപയോഗിച്ചിട്ടില്ല. മൂന്നു പേരാണു സ്റ്റാഫിലുള്ളത്. അതിൽ രണ്ടു പേരും സർക്കാർ ജീവനക്കാർ. കാറിൽ ഔദ്യോഗിക സ്ഥാനം കാണിച്ച് ബോർഡ് വയ്ക്കും. അങ്ങനെ ഖജനാവിന് ചെലവുണ്ടാകാതെയാകും പിള്ളയുടെ മുമ്പോട്ട് പോക്ക്. ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനായ വിഎസിന് ശമ്പളമൊന്നും നൽകാത്തത് വലിയ വിവാദമായിരുന്നു. മാധ്യമ ഇടപെടലിന് ഒടുവിലാണ് ഇതെല്ലാം ശരിയായത്. വി എസ് സർക്കാരിനോട് പലവട്ടം പരിഭവം പറയുകയും ചെയ്തു. ഇതിനിടെയാണ് ശമ്പളം വേണ്ടെന്ന് പ്രഖ്യാപിച്ചുള്ള പിള്ളയുടെ ചുമതലയേൽക്കൽ.

സമയത്തിന്റെ വില ശരിക്കും അറിയാവുന്ന പിള്ള ചുമതലയേറ്റത് സമയം നോക്കിയാണ്. മുന്നാക്ക സമുദായ കോർപറേഷൻ എംഡി: കെ.അമ്പാടിയോടു ചോദിച്ചു, 'സമയം എത്രയായി?' അമ്പാടി തന്റെ വാച്ചു നോക്കിയപ്പോൾ പിള്ളയും അതിലേക്കു ശ്രദ്ധിച്ചു. അമ്പാടി പറഞ്ഞു, 'സാർ, സമയം 11.51'. പിള്ളയ്ക്കു തൃപ്തിയായി. അങ്ങനെ പിള്ള ലഡ്ജറിൽ ഒപ്പിട്ടു വീണ്ടും മുന്നാക്ക സമുദായ കോർപറേഷൻ ചെയർമാനായി. കോർപറേഷൻ ചെയർമാനായി ചുമതലയേൽക്കാൻ 11.45ന് അദ്ദേഹം ജവാഹർനഗറിലെ ഓഫിസിൽ എത്തി. സമയമാകാത്തതിനാൽ കാത്തിരിക്കുകയും ചെയ്തു. മുന്നാക്ക വിഭാഗങ്ങളിൽപെട്ടവരിൽ പാവങ്ങൾക്കു വേണ്ടി ക്ഷേമ പദ്ധതികൾ നടപ്പാക്കുമെന്ന് ചുമതലയേറ്റ ശേഷം പിള്ള പറഞ്ഞു.

ഭരണ പരിഷ്‌കാര കമ്മിഷൻ ചെയർമാൻ വി എസ്.അച്യുതാനന്ദനും മുന്നാക്ക സമുദായ വികസന കോർപറേഷൻ ചെയർമാനും കാബിനറ്റ് റാങ്കിൽ എത്തുമ്പോൾ മറ്റൊരു പ്രത്യേകതയുമുണ്ട്. പിള്ളയ്ക്കു ജയിൽ വിധിച്ച അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പി.സദാശിവമാണ് ഇപ്പോൾ കേരള ഗവർണർ.