പെരുംമ്പാവൂർ: വ്യാപാരി ഷിജു കല്ലറയ്ക്കനും സുഹൃത്തും ചേർന്ന് മർദ്ദിച്ചവശനാക്കിയ നെല്ലാട് കിഴക്കുംകര ബാലകൃഷ്ണൻ(54) മരിച്ച സംഭവത്തിൽ പൊലീസ് നടപടി ശക്തമാവുന്നു. സംഭവത്തിന്റെ പേരിൽ മനഃപ്പൂർവ്വമല്ലാത്ത നരഹത്യക്ക് കുന്നത്തുനാട് പൊലീസ് കേസെടുത്ത് കോടതിക്ക് റിപ്പോർട്ട് നൽകുമെന്നാണ് അറിയുന്നത്. ഇതോടെ ഷിജുവും സുഹൃത്തും കേസിലെ ഒന്നും രണ്ടും പ്രതികളാവുമെന്നാണ് സൂചന.ഈ സംഭവത്തിൽ അസ്വഭാവിക മരണത്തിനാണ് നേരത്തെ കുന്നത്തുനാട് പൊലീസ് കേസെടുത്തിരുന്നത്.

ഇന്നലെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലാണ് മൃതദ്ദേഹം പോസ്റ്റുമോർട്ടം ചെയ്തത്. തലയ്ക്കേറ്റ ക്ഷതമാണ് മരണത്തിന് കാരണമായതെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ്സിൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ നിർബന്ധിതമായത്. വഴിവാണിഭക്കാരന് അനുകൂലമായി സംസാരിച്ചതിന്റെ പേരിലാണ് ഡി വൈ എഫ് ഐ നേതാവിന്റെ സഹോദരനായ ഷിജുവും സഹൃത്തും ചേർന്ന് രോഗിയായ ബാലകൃഷ്ണനെ പരസ്യമായി മർദ്ദിച്ചവശനാക്കിയത്. ഡി വൈ എഫ് ഐ ജില്ലാസെക്രട്ടറി കെ എസ് അരുൺകുമാറിന്റെ സഹോദരനാണ് ഷിജു.

വ്യാഴാഴ്ച ഉച്ചയോടെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികത്സയിലിരിക്കെയാണ് ബാലകൃഷ്ണൻ മരണമടഞ്ഞത്. ചൊവ്വാഴ്ച രാത്രി 8.30 തോടടുത്ത് നെല്ലാട് ബാറിന് മുന്നിൽ വച്ചാണ് കല്ലറയ്ക്കൽ സ്റ്റോഴ്സ് എന്നപേരിൽ ഇവിടെ വ്യാപാരസ്ഥാപനം നടത്തിവരുന്ന ഷിജുവും സുഹൃത്തും ചേർന്ന് ബാലകൃഷ്ണനെ അടിച്ചുവീഴ്തിയതെന്നാണ് നാട്ടുകാരുടെ വിവരണം. ആക്രമണത്തിന്റെ സി സി ടി വി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ആപേയിൽ പച്ചക്കറികൾ കൊണ്ടുനടന്ന് വിൽക്കുന്നവരിൽ ഒരാൾ ബാറിന് മുമ്പിലിട്ട് പച്ചക്കറി വിറ്റിരുന്നു.

ഇയാളോട് മർച്ചന്റ്സ് അസോസിയേഷന്റെ പിരിവെന്ന പേരിൽ ഷിജു 100 രുപ വാങ്ങിച്ചെന്നും ഇയാളുടെ കച്ചവടം തന്റെ സ്ഥാപനത്തിലെ പച്ചക്കറി വ്യാപാരത്തെ ബാധിക്കുമെന്ന് മനസ്സിലാക്കിയ ഷിജു അൽപനേരത്തിന് ശേഷം സുഹൃത്തുമായി എത്തി ഇയാളെ വിരട്ടി ഓടിക്കാൻ ശ്രമിച്ചുവെന്നുമാണ് ദൃക്‌സാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം. പച്ചക്കറി വാങ്ങാനെത്തിയവരിൽ ചിലർ ഷിജുവിന്റെ നീക്കം എതിർത്തെന്നും ഇവരെ ഇയാൾ മർദ്ദിച്ചെന്നും മറ്റുമുള്ള വിവരങ്ങളും നാട്ടിൽ പ്രചരിച്ചിട്ടുണ്ട്.

കശപിശ കേട്ട് ആപെയുടെ അടുത്തെത്തിയ ബാലകൃഷ്ണൻ വണ്ടിക്കാരന് അനുകൂലമായി സംസാരിച്ചതാണ് ഷിജുവിനെ പ്രകോപിപ്പിച്ചത്.ഏതാണ്ട് രാത്രി 7.30 മുതൽ ഷിജുവും സുഹൃത്തും കവലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന തരത്തിലായിരുന്നു പെരുമാറിയിരുന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഇതിനിടയിൽ രണ്ട് തവണ ഷിജുവും സുഹൃത്തും ചേർന്ന് ബാലകൃഷ്ണനെ തല്ലിച്ചതച്ചു. തുടർന്ന് അവശനായ ഇയാളെ മകനെത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.

തന്നേ രണ്ടുപേർ തല്ലിയെന്നും അവശനാണെന്നും പിതാവ് മൊബൈലിൽ വിളിച്ചറിയിച്ചെന്നും ഉടൻ താൻ സ്ഥലത്തെത്തി പിതാവിനെ വീട്ടിലെത്തിച്ചെന്നും ദേഹാസ്വാസ്ഥ്യമുണ്ടെന്ന് അറിയിച്ചതോടെ ഉടൻ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു എന്നും ചികത്സയിലിരിക്കെ മരണപ്പെട്ടു എന്നുമാണ് മകൻ അനന്ദു കുന്നത്തുനാട് പൊലീസിനെ അറിയിച്ചിട്ടുള്ളത്. നേരത്തെ ടൈൽസ് പണിയിൽ ഏർപ്പെട്ടിരുന്ന ബാലകൃഷ്ണൻ അടുത്തകാലത്ത് രോഗാവസ്ഥയെത്തുടർന്ന് ജോലിയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.നാട്ടുകാർ ഒന്നടങ്കം നോക്കിനിൽക്കെ നടന്ന സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടും പൊലീസ് കേസെടുക്കാതിരുന്നത് രാഷ്ട്രീയ സ്വാധീനത്താലാണെന്ന ആരോപണം ശക്തിപ്പെട്ടിട്ടുണ്ട്.