തിരുവനന്തപുരം: ആർ ബാലകൃഷ്ണ പിള്ളയുടെ വിൽപത്രം കോടതി കയറി കഴിഞ്ഞു. ഒപ്പം ബാലകൃഷ്ണ പിള്ളയുടെ പാർട്ടിയും പിളർന്നു. പിതാവായ ആർ.ബാലകൃഷ്ണപിള്ളയുടെ കോടിക്കണക്കിനു സ്വത്തുക്കളിൽ 5 സെന്റ് പോലും തനിക്കു ലഭിച്ചിട്ടില്ലെന്നും വിൽപത്രത്തിനു പിന്നിൽ ക്രമക്കേട് സംശയിക്കുന്നതായും മകൾ ഉഷ മോഹൻദാസ് നേരത്തെ ആരോപിച്ചിരുന്നു. വിൽപത്രത്തിൽ ഒരുപേജ് മാത്രമാണ് തനിക്കായി മാറ്റിവച്ചിരിക്കുന്നത്. 8 പേജ് സഹോദരിക്കും 14 പേജ് ഗണേശിനുമാണ്. അച്ഛൻ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് ഉഷ പറഞ്ഞിരുന്നു. ഈ വിവാദ വിൽപത്രത്തിലെ കുടുംബ തർക്കമാണ് കൊച്ചിയിലെ പാർട്ടി യോഗത്തിലേക്ക് കാര്യങ്ങളെത്തിയത്.

പിണറായി മന്ത്രിസഭയിൽ ആദ്യഊഴത്തിൽ കെ.ബി ഗണേശ് കുമാറിന് മന്ത്രിസ്ഥാനം ലഭിക്കാത്തതിന് കാരണം സഹോദരി ഉഷ മോഹൻദാസിന്റെ ആരോപണങ്ങളാണെന്ന് വാർത്തകളുണ്ടായിരുന്നു. ഗണേശിന് പിന്തുണയുമായി മറ്റൊരു സഹോദരി ബിന്ദു ബാലകൃഷ്ണൻ രംഗത്ത് വന്നു. ബാലകൃഷ്ണപ്പിള്ള 2020 ഓഗസ്റ്റിൽ സ്വന്തം ഇഷ്ടപ്രകാരമാണ് വിൽപ്പത്രം മാറ്റിയെഴുതിയതെന്നാണ് ബിന്ദു പറഞ്ഞിരിക്കുന്നത്. ഇപ്പോഴത്തെ വിൽപ്പത്രത്തിൽ സ്വത്ത് ഭാഗം വച്ചതിലെ വിശദാംശങ്ങളും പുറത്തുവന്നു. ഇതിനെതിരെ കോടതിയിൽ കേസും നടക്കുന്നു. ഈ കുടുംബ പ്രശ്‌നത്തിൽ പാർട്ടിക്കാരിൽ ഒരു വിഭാഗം ഉഷാ മോഹൻദാസിനൊപ്പം നിന്നു. അങ്ങനെ ആ പാർട്ടി പിളർന്നു. പിളരും തോറും വളരുന്ന പാർട്ടിയാണ് കേരളാ കോൺഗ്രസ് എന്ന് പറയുന്ന ആ പഴയ മാണി മോഡൽ കേരളാ കോൺഗ്രസ് ബിക്ക് പുതു വളർച്ച നൽകുമോ എന്നതാണ് ഇനി അറിയേണ്ടത്.

സാക്ഷി എന്നു പറയുന്ന പ്രഭാകരൻപിള്ള പറയുന്ന കാര്യങ്ങളെല്ലാം കള്ളമാണ്. കുടുംബകാര്യങ്ങൾ പുറത്തു പറയരുതെന്നു കരുതിയാണ് ഇതുവരെ നിശബ്ദത പാലിച്ചതെന്ന് ഉഷ മുമ്പ് പറഞ്ഞിരുന്നു. അച്ഛന്റെ വിൽപത്രത്തിൽ നൽകിയതായി പറയുന്ന എസ്റ്റേറ്റ് തനിക്ക് അമ്മയുടെ ഷെയറായി വർഷങ്ങൾക്കു മുൻപേ ലഭിച്ചതാണ്. അനുജത്തിക്കു തന്നേക്കാൾ വലിയ സ്വത്ത് അമ്മയുടെ ഷെയറായി ലഭിച്ചിട്ടുണ്ട്. ഇതിനു പ്രത്യക വിൽപത്രവുമുണ്ട്. അമ്മയുടെ വിൽപത്രത്തിൽ ഷെയറായി ലഭിച്ച വസ്തുവിനെയാണ് അച്ഛൻ നൽകിയതായി തെറ്റായി കാണിച്ചിരിക്കുന്നത് എന്നും ഉഷ ആരോപിച്ചിരുന്നു.

കേരളാ കോൺഗ്രസ്സ്(ബി) ചെയർമാനുമായിരുന്ന ആർ ബാലകൃഷ്ണപിള്ള മക്കൾക്ക് വീതിച്ചു നൽകിയ സ്വത്തുക്കളുടെ വിവരങ്ങൾ പുറത്തു വന്നിരുന്നു. 3 മക്കൾക്കും 2 ചെറുമക്കൾക്കും ബാലകൃഷ്ണപിള്ള ചാരിറ്റബിൾ ട്രസ്റ്റിനും സ്വത്തു വീതിച്ചു നൽകിയാണു വിൽപത്രം തയാറാക്കിയിട്ടുള്ളത്. 2020 ഓഗസ്റ്റ് 9 ന് സ്വന്തം ഇഷ്ടപ്രകാരമാണ് ബാലകൃഷ്ണപിള്ള ഇതു ചെയ്തതെന്നും പുറത്ത് നിന്നുമുള്ള യാതൊരു ഇടപെടൽ ഉണ്ടായിട്ടില്ലെന്നും വിൽപത്രത്തിലെ പ്രധാന സാക്ഷിയും കേരള കോൺഗ്രസ്(ബി) മണ്ഡലം പ്രസിഡന്റുമായ കെ.പ്രഭാകരൻ പിള്ള അറിയിച്ചു. എംസി റോഡിൽ ആയൂരിനു സമീപം 15 ഏക്കർ റബർത്തോട്ടം മൂത്തമകൾ ഉഷ മോഹൻദാസിന് അവകാശപ്പെട്ടതാണെന്നു വിൽപത്രത്തിലുണ്ട്.

ഏറെ കരുതലോടെയാണ് പിള്ള ഈ വിൽപത്രം തയ്യാറാക്കിരിക്കുന്നത്. വസ്തു കൈമാറ്റത്തിൽ അടക്കം വ്യവസ്ഥകളുണ്ട്. ചെറുമകന് ഒന്നും കൊടുക്കരുതെന്ന വിചിത്ര വ്യവസ്ഥയും. വാളകം പാനൂർകോണത്ത് 5 ഏക്കർ സ്ഥലം ഉഷയുടെ മക്കളായ ദേവിക്കും കാർത്തികയ്ക്കുമാണ്. കൊട്ടാരക്കര കീഴൂട്ട് വീട് ഉൾപ്പെട്ട 15 സെന്റും പൊലിക്കോട്ടെ രണ്ടര ഏക്കറും രണ്ടാമത്തെ മകൾ ബിന്ദുവിനും വാളകത്തെ വീടും സ്‌കൂളുകളും ഉൾപ്പെടുന്ന 5 ഏക്കർ ഗണേശ്കുമാറിനും അവകാശപ്പെട്ടതാണ്.

ഇടമുളയ്ക്കൽ മാർത്താണ്ടംകര സ്‌കൂളും കൊട്ടാരക്കര കീഴൂട്ട് വീട്ടിലെ 12 സെന്റും ആനയും കൊടൈക്കനാലിലെ ഫ്‌ളാറ്റും ഗണേശിനാണെന്നുമുണ്ട്. ബാലകൃഷ്ണ പിള്ളയുടെ മരണശേഷം ഗണേശാണു സ്‌കൂൾ മാനേജരെന്നും വിൽപത്രത്തിൽ പറയുന്നു. വാളകം ബി.എഡ് സെന്റർ, കൊട്ടാരക്കരയിലെയും തിരുവനന്തപുരത്തെയും പാർട്ടി ഓഫിസുകൾ എന്നിവ ട്രസ്റ്റിന്റെ പേരിലാണ്. പാർട്ടി ചെയർമാനാണു ട്രസ്റ്റിന്റെയും ചെയർമാൻ. വിൽപത്രമെഴുതുന്ന നാൾ മുതൽ 10 വർഷത്തേക്ക് രക്തബന്ധത്തിലുള്ളവർക്കല്ലാതെ പുറത്തുള്ള ആർക്കും തന്നെ വസ്തുവകകൾ വിൽക്കാൻ പാടില്ല എന്നും വിൽപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ ഇളയ മകൾ ബിന്ദു ബാലകൃഷ്ണന്റെ മൂത്ത മകൻ വിഷ്ണു സായിക്ക് ഈ വസ്തുവകകളിൽ യാതൊരു അവകാശവും ഉണ്ടായിരിക്കില്ലെന്നും ഈ വ്യവസ്ഥ ലംഘിച്ച് ബിന്ദു മകന് വസ്തുവകകൾ കൈമാറിയാൽ അതിന് യാതൊരു നിയമ സാധുതയും ഇല്ലെന്നും വ്യവസ്ഥ ലംഘിച്ചാൽ ബിന്ദു ബാലകൃഷ്ണന് നൽകിയ മുഴുവൻ സ്വത്തുക്കളും എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയനിലേക്ക് സ്വമേധയാ ലഭിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. മക്കൾക്ക് നൽകിയിരിക്കുന്ന സ്വത്തു വകകൾ തന്റെ കാലശേഷം മക്കൾക്കും അവരുടെ മക്കൾക്കും മാത്രം അവകാശപ്പെട്ടതാണെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്തേയും കൊട്ടാരക്കരയിലേയും പാർട്ടീ ഓഫീസുകൾ കേരളാ കോൺഗ്രസ്(ബി) നിലനിൽക്കുന്നിടത്തോളം കാലം അതേ നിലയിൽ തുടരണമെന്നും ഭരണ സംബന്ധമായ കാര്യങ്ങളിൽ കാലാകാലങ്ങളിൽ തെരഞ്ഞെടുക്കുന്ന പാർട്ടീ ചെയർമാന്മാർ ഭരണസാരഥ്യം വഹിക്കണമെന്നും പറയുന്നു. മറ്റേതെങ്കിലും പാർട്ടിയിലേക്ക് ലയിക്കുകയാണെങ്കിൽ ലയിക്കുന്ന പാർട്ടിക്കായിരിക്കും ഈ ഓഫീസുകളുടെ അവകാശം. ഏതെങ്കിലും തരത്തിൽ പാർട്ടി നിലനിൽക്കാതെയോ ലയിക്കാതെയോ വന്നാൽ പാർട്ടീ ഓഫീസുകൾ കേരളാ സർക്കാരിന് അവകാശപ്പെട്ടതാണെന്നും വിൽപ്പത്രത്തിൽ ബാലകൃഷ്ണപിള്ള പറയുന്നു. അതുകൊണ്ടു തന്നെ കേരളാ കോൺഗ്രസ് ബിയിലെ പ്രശ്‌നങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനിലെത്തിയാൽ അവിടെ നിന്നുണ്ടാകുന്ന തീരുമാനം നിർണ്ണായകമാകും.

ചേച്ചിയുടെ നേതൃത്വത്തെ ഗണേശ് കുമാർ ചോദ്യം ചെയ്താൽ പാർട്ടി ഓഫീസുകളുടെ ഉടമസ്ഥൻ ആരെന്നതും നിയമ പ്രശ്‌നമാകും. കേരളാ കോൺഗ്രസ് ബി എന്ന പാർട്ടി പേരും ചിഹ്നവും ആർക്കാണോ ലഭിക്കുന്നത് അവർക്കാകും ബാലകൃഷ്ണ പിള്ളയുടെ പാർട്ടി ഓഫീസുകളുടെ അർഹത. പാർട്ടിയെ കമ്മീഷൻ അയോഗ്യരാക്കിയാൽ എല്ലാ സ്വത്തും സർക്കാരിനും കിട്ടും.

പിതാവ് ബാലകൃഷ്ണ പിള്ളയുടെ വിൽപത്രവുമായി ബന്ധപ്പെട്ട് ഗണേശിന്റെ സഹോദരി ഉഷ മോഹൻദാസ് ആണ് ആദ്യം പരാതി ഉന്നയിച്ചത്. വിൽപത്രത്തിൽ സഹോദരി ഉഷയ്ക്ക് വേണ്ടി സ്വത്ത് ഭാഗം വെക്കുന്ന കാര്യങ്ങൾ വിശദീകരിച്ചിട്ടില്ല. ഇതിൽ ഗണേശ് കുമാറിന്റെ ഇടപെടലുണ്ടെന്നാണ് ഉഷ സംശയിക്കുന്നത്. ഇക്കാര്യം അവർ മുഖ്യമന്ത്രി പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും നേരിട്ട് കണ്ട് പരാതി ഉന്നയിച്ചിരുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. വിൽപത്രത്തിൽ ക്രമക്കേട് നടന്നെന്നാണ് ആരോപണം.

ഇക്കാര്യം കോടിയേരി ബാലകൃഷ്ണനെ നേരിൽ കണ്ട് ഉഷ മോഹൻ ദാസ് വിശദീകരിച്ചിരുന്നു. കേരളാ കോൺഗ്രസ് ബിയുടെ ഏക എംഎൽഎ ആയ ഗണേശ് കുമാറിനെ സജീവമായി മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. വിവാദങ്ങളെ തുടർന്നാണ് ഗണേശ് കുമാറിനെ ആദ്യ ടേം മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് സൂചന. വിഷയത്തിൽ ഒത്തുതീർപ്പ് തീരുമാനം ഉണ്ടാകുന്നതിന് മുമ്പ് മന്ത്രിയാക്കിയാൽ ഗണേശ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഉൾപ്പെടുമെന്ന് കണ്ടാണ് തീരുമാനം.