ടോക്യോ: സ്വന്തം രാജ്യത്തെ ഏകാധിപത്യ ഭരണത്തിനെതിരെ പ്രതിഷേധിച്ച ബലാറസ് കായികതാരം ക്രിസ്റ്റീന സിമാനൊസ്‌കയ ഇന്നലെ പോളണ്ടിൽ വിമാനമിറങ്ങി. ടോക്കിയോയിൽ നിന്നും വിയന്ന വഴിയുള്ള വിമാനത്തിലാണ് അവർ ഇന്നലെ പ്രാദേശിക സമയം രാത്രി 8:11 ന് വാഴ്സയിൽ എത്തിച്ചേർന്നത്. പരിശീലകരുമായി അഭിപ്രായവ്യത്യാസം ഉണ്ടായതിനെ തുടർന്ന് ക്രിസ്റ്റീനയെ നിർബന്ധപൂർവ്വം നാട്ടിലേക്ക് തിരിച്ചയയ്ക്കാനുള്ള ശ്രമം നടന്നിരുന്നു. എന്നാൽ, ക്രിസ്റ്റീനയുടെ പരാതി ലഭിച്ച ടോക്കിയോ പൊലീസ് ആ നീക്കം തടഞ്ഞു.

പിന്നീട് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഉൾപ്പടെ ഈ വിഷയത്തിൽ ഇടപെട്ടിരുന്നു. അതിന്റെ അവസാനത്തിലാണ് ക്രിസ്റ്റീനയ്ക്ക് രാഷ്ട്രീയ അഭയം നൽകാൻ പോളണ്ട് തീരുമാനിച്ചത്. ഇതിനെ തുടർന്ന് കൂടുതൽ സുരക്ഷയ്ക്കായി താൻ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും ക്രിസ്റ്റീന ടോക്കിയോയിലെ പോളിഷ് എമ്പസിയിലേക്ക് താമസം മാറ്റുകയും ചെയ്തിരുന്നു. രാവിലെയുള്ള വിമാനത്തിലായിരുന്നു അവർ യാത്ര തിരിച്ചത്.

നേരത്തേ റൈൻഎയറിന്റെ വിമാനം തടഞ്ഞ് നിർബന്ധപൂർവ്വം താഴെയിറക്കി ഒരു വിമത പത്രപ്രവർത്തകനെ ബെലാറസിലെ ഏകാധിപത്യ ഭരണകൂടം അറസ്റ്റ് ചെയ്തു. സമാനമായ പരിശ്രമങ്ങൾ ഉണ്ടായേക്കുമെന്ന് ഭയന്ന് ആസ്ട്രിയ വഴിയുള്ള വിമാനത്തിലായിരുന്നു ക്രിസ്റ്റീനയുടെ യാത്ര. രണ്ട് പോളിഷ് ഉദ്യോഗസ്ഥരും ഈ വിമാനത്തിൽ ക്രിസ്റ്റിനയ്ക്ക് ഒപ്പമുണ്ടായിരുന്നു. വിയന്നയിൽ വിമാനമിറങ്ങിയ ക്രിസ്റ്റിനയെ കൂട്ടിക്കൊണ്ടുപോകാൻ രണ്ട് പൊലീസ് വാഹനങ്ങൾ വിമാനത്തിനടുത്തെത്തി. അവർ തീരെ ക്ഷീണതയാണെങ്കിലും തികച്ചും സുരക്ഷിതയാണെന്ന് ക്രിസ്റ്റീനയുമായി വിമാനത്താവളത്തിൽ വെച്ചു സംസാരിച്ചതിനുശേഷം ആസ്ട്രിയൻ വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു.

ടോക്കിയോയിൽ നിന്നും വാഴ്സായിലെക്ക് നേരിട്ടുള്ള വിമാനത്തിലായിരുന്നു ക്രിസ്റ്റീന നേരത്തേ യാത്ര ചെയ്യാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ, ബെലാറസ് അധികാരികളുടെ നടപടി ഭയന്ന് അവസാന നിമിഷം പരിപാടിയിൽ മാറ്റം വരുത്തുകയായിരുന്നു. അതേസമയം മറ്റൊരു ബെലാറസ് കായികതാരം കൂടി നാട്ടിലെക്ക് മടങ്ങാൻ വിസമ്മതിച്ച് ടോക്കിയോയിൽ തുടരുകയാണ്. ഹെപ്താത്തലൺ താരം യാന മാക്സിമോവ എന്ന 32 കാരിയാണ് നാട്ടിൽ തിരിച്ചെത്തിയാൽ തന്റെ ജീവൻ അപകടത്തിലാകുമെന്ന് ഭയന്ന് തിരികെ പോകാൻ വിസമ്മതിക്കുന്നത്.

നിലവിൽ ഭർത്താവും മകളുമൊത്ത് ജർമ്മനിയിൽ താമസിക്കുന്ന അവർ ജർമ്മനിയിലേക്ക് തന്നെ തിരികെ പോകാനാണ് ആഗ്രഹിക്കുന്നത്. ബെലാറസിലെ ഏകാധിപത്യത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ അടിച്ചമർത്താൻ ഭരണകൂടം ഭീകര നടപടികളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം. പ്രസിഡണ്ട് അലക്സാണ്ടർ ലുക്കഷെൻകോവിന്റെ ഭരണത്തിൻ കീഴിൽ സ്വാതന്ത്ര്യം മാത്രമല്ല, ജീവനും നഷ്ടപ്പെട്ടേക്കാമെന്നാണ് ഇവർ പറയുന്നത്. മാക്സിമോവയുടെ ഭർത്താവ് ആൻഡ്രി ക്രൗചങ്ക ഡെക്കാത്തലൺ താരവും ഒളിംപിക്സിലെ വെള്ളി മെഡൽ ജേതാവും കൂടിയാണ്.