തിരുവനന്തപുരം: ആലപ്പുഴ വള്ളികുന്നത്ത് പതിനഞ്ചുകാരനായ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയ സംഭവം കേരളീയ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ബാലസംഘം. കുട്ടികളെ പോലും കൊന്നൊടുക്കുന്ന ആർ.എസ്.എസ് വേട്ട അവസാനിപ്പിക്കണമെന്നും ബാലസംഘം സംസ്ഥാന പ്രസിഡണ്ട് എസ്. ആര്യ രാജേന്ദ്രനും സെക്രട്ടറി സരോദ് ചങ്ങാടത്തും വാർത്താക്കുറിപ്പിൽ അറിയിച്ചു.

'എസ്.എഫ്.ഐ പ്രവർത്തകനായ സഹോദരനോടുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ അഭിമന്യുവിനെ ആർ.എസ്.എസ് ക്രിമിനൽ സംഘം മൃഗീയമായി കുത്തിക്കൊലപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ പക തീർക്കാൻ കുട്ടികളെപ്പോലും വേട്ടയാടാൻ മടിക്കാത്ത സംഘപരിവാർ കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് ബാലസംഘം സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.