- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അലൈന്മെന്റ് മാറ്റിയത് പള്ളി പൊളിക്കാനെന്ന് സഭ കുറ്റപ്പെടുത്തിയിട്ടും ആരും അനങ്ങിയില്ല; ഒടുവിൽ ആർഎസ്എസ് സൈദ്ധാന്തികന്റെ ഇടപെടിലിൽ ഓർത്തഡോക്സ് സഭയെ തേടി ആശ്വാസ വാർത്ത; ചേപ്പാട് സെന്റ് ജോർജ് ചാപ്പൽ ഇനി ആരും പൊളിക്കില്ല; പുരാവസ്തു വകുപ്പിന്റെ സംരക്ഷിത കെട്ടിടമാകും; തുണയാകുന്നത് ബാലശങ്കറിന്റെ 'ചെങ്ങന്നൂർ രാഷ്ട്രീയം'
കോട്ടയം: ചരിത്ര പ്രസിദ്ധമായ ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സംരക്ഷിക്കണമെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു. ദേശീയപാത വികസനത്തിന്റെ പേരിൽ അതിപുരാതനവും നൂറ്റാണ്ടുകൾ പഴക്കമുള്ള ചുവർചിത്രങ്ങളാൽ അലങ്കരിക്കപ്പെട്ടതുമായ ഈ ദേവാലയം പൊളിക്കാനുള്ള ശ്രമത്തെ അവർ എതിർക്കുകയും ചെയ്തു. ഒടുവിൽ അതിന് പരിഹാരമുണ്ടാവുകയാണ്. ഈ പള്ളിയെ കേന്ദ്ര സർക്കാർ സംരക്ഷിക്കും. അതും ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെന്റ്. പള്ളിയിലെ പ്രാർത്ഥനകളും മറ്റും മുടക്കമില്ലാതെ നടത്തുകയും ചെയ്യാം. ഇതിന് പിന്നിൽ ആർ ബാലശങ്കറിന്റെ ഇടപെടലാണ്. ചെങ്ങന്നൂരിൽ ബിജെപിയുടെ സ്ഥാനാർത്ഥിയുമുഖമായ ബാലശങ്കർ. തെരഞ്ഞെടുപ്പിൽ നിർണ്ണായക സമുദായത്തിന്റെ പിന്തുണ നേടാനുള്ള നീക്കം.
നാടിന്റെ പൊതുവികസന ആവശ്യങ്ങൾക്കായി സഭാവക സ്ഥലങ്ങൾ വിട്ടുനൽകാൻ സഭ ഒരിക്കലും വൈമുഖ്യം കാട്ടിയിട്ടില്ല. ചരിത്ര പ്രാധാന്യമുള്ളതും സമുദായ സൗഹാർദത്തിന്റെ പ്രതീകവും സംരക്ഷിത മന്ദിരവുമെന്ന നിലയിലും, മലങ്കര സഭാ തലവനായിരുന്ന ചേപ്പാട് മാർ ദീവന്നാസിയോസിന്റെ ഖബറിടം സ്ഥിതി ചെയ്യുന്നതുമായ പള്ളി കേരള ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അവിഭാജ്യ ഘടകമായിത്തന്നെ പരിഗണിക്കപ്പെടേണ്ടതാണെന്നായിരുന്നു മലങ്കര സഭയുടെ നിലപാട്. എന്നാൽ ആർക്കും ഒന്നും ചെയ്യാനായില്ല. ഇതിനിടെയാണ് ബിജെപിയിലെ ആർഎസ്എസ് സൈദ്ധാന്തിക മുഖമായ ബാലശങ്കർ വിഷയത്തിൽ ഇടപെട്ടത്. ഇതോടെയാണ് കേന്ദ്ര സർക്കാർ ഇടപെടുന്നതും. ഇതോടെ ചെങ്ങന്നൂരിൽ ഓർത്തഡോക്സുകാരുടെ പിന്തുണ ഉറപ്പിച്ചെന്നാണ് ബിജെപിക്കാരുടെ വിലയിരുത്തൽ.
മുൻ നിശ്ചയിച്ചിരുന്ന പാതയുടെ അലൈന്മെന്റ് മാറ്റി പകരം പള്ളിയെ ഇല്ലാതാക്കാൻ നടന്നുവരുന്ന നടപടി ദുരുദ്ദേശ്യപരമാണെന്നായിരുന്നു ഓർത്തഡോക്സുകാരുടെ നിലപാട് ചേപ്പാട് ദേവാലയത്തിന് നാശനഷ്ടം ഉണ്ടാകാത്ത തരത്തിൽ തയാറാക്കിയിരുന്നതും അന്തിമമായി അംഗീകരിക്കപ്പെട്ടിരുന്നതുമായ അലൈന്മെന്റ് പ്ലാൻ അശാസ്ത്രിയമായും അകാരണമായും പെട്ടന്ന് മാറിയതിലെ സഭയുടെ ഉൽകണ്ഠ ബാവാ തിരുമേനി തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിരുന്നു. എന്നാൽ നടപടി ഒന്നും ഉണ്ടായില്ല. ഇതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ വിഷയം ബാലശങ്കർ കൊണ്ടു വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ വിഷയം ധരിപ്പിക്കുകയും ഇടപെടൽ നടത്തിക്കുകയും ചെയ്തു. അങ്ങനെയാണ് പുരാവസ്തു വകുപ്പ് ഇടപെടുന്നത്.
പുരാവസ്തു സ്മാരകമായി പള്ളി സംരക്ഷിക്കണമെന്ന് സംസ്ഥാന സർക്കാരിനേയും കേന്ദ്ര വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതോടെ ഈ പള്ളി പൊളിക്കാൻ കഴിയാത്ത സാഹചര്യം വരും. ചെങ്ങന്നൂർ മണ്ഡലത്തിന് പുറത്താണ് ചേപ്പാട് പള്ളി. എന്നാൽ ചെങ്ങന്നൂരിൽ നിർണ്ണായക സ്വാധീനം ഓർത്തഡോക്സ് സഭയ്ക്കുണ്ട്. അതുകൊണ്ട് തന്നെ ഈ ഇടപെടൽ വോട്ടായി മാറുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ബിജെപി സ്ഥാനാർത്ഥികളുടെ പട്ടിക ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ചെങ്ങന്നൂരിലേക്ക് ബിജെപിയുടെ കേന്ദ്ര നേതൃത്വം പരിഗണിക്കുന്നത് ബാലശങ്കറിന്റെ മാത്രം പേരാണ്. മണ്ഡലത്തിൽ പ്രാഥമിക പ്രചരണം ബാലശങ്കർ തുടങ്ങിയിട്ടുമുണ്ട്.
സംഘപരിവാർ-ബിജെപി സംസ്ഥാന സംഘടനാ സംവിധാനങ്ങളോടൊപ്പം തന്നെ സംസ്ഥാനത്തെ വിവിധ സാമുദായിക -സാമൂഹിക വിഭാഗങ്ങളുടെ താല്പര്യങ്ങൾകൂടി കണക്കിലെടുത്തുകൊണ്ടുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ് ബിജെപി േേക്രന്ദ നതൃത്വം. വിവിധ ക്രൈസ്തവസഭാനേതൃത്വം, എസ്. എൻ.ഡി.പി, എൻ.എസ്. എസ്, പട്ടികജാതി-പട്ടികവർഗ്ഗ ഉൾപ്പെടെ സാമൂഹിക മായിപിന്നോക്കാവസ്ഥയിലുള്ള വിഭാഗങ്ങൾ,കൂടാതെ മാധ്യമപ്രവർത്തകർ ഉൾപ്പെടെ സാമൂഹിക- സാംസ്കാരികമണ്ഡലങ്ങളിൽ നിഷ്പക്ഷമതികളായ വ്യക്തിത്വങ്ങളുടെ അഭിപ്രായങ്ങൾ സ്വരുപിക്കുവാനും ഡോ. ആർ.ബാലശങ്കറിനെയാണ് നദ്ദ ചുമതലപ്പെടുത്തിയത്.
ബിജെപി ബൗദ്ധിക വിഭാഗം തലവനായ ബാലശങ്കറിന് എസ്. എൻ.ഡി.പി ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനും എൻ.എസ്. എസ്.ജനറൽസെക്രട്ടറി സുകുമാരൻ നായരുമായും ക്രിസ്ത്യൻ മതമേലദ്ധ്യക്ഷന്മാരുമായി ഒരേസമയം അടുത്ത ബന്ധം വെച്ചുപുലർത്തുന്ന വ്യക്തിത്വമാണ്. ഡൽഹി ബിജെപി ആസ്ഥാനം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബാലശങ്കർ കേരളത്തിലെ ബിജെപി രാഷ്ട്രീയത്തിൽ ഇതുവരെ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ആർഎസ്എസ്. മുഖപത്രമായ ഓർഗനൈസറിന്റെ മുൻ പത്രാധിപർകൂടിയായ ബാലശങ്കർ മത്സരരംഗത്തുണ്ടാവണമെന്ന് ചില ആർ.എസ്. എസ്. കേന്ദ്ര നേതാക്കളും താല്പര്യപ്പെടുന്നുണ്ട്.
ചെങ്ങന്നൂർ ആലാ സ്വദേശിയാണ് ഡോ.ബാലശങ്കർ. ബാലശങ്കറിന് മണ്ഡലത്തിൽ ശക്തമായ ബന്ധുബലമാണുള്ളത്. ആലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹത്തിന്റെ പിതാവിന്റെ പഴയകാല രാഷ്ട്രീയ ബന്ധങ്ങളും ബാലശങ്കറിനു ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. എല്ലാത്തിനും ഉപരി എൻ.എസ് .എസ്., എസ്.എൻ.ഡി.പി.സമുദായങ്ങൾക്ക് ഒരുപോലെ താല്പര്യമുള്ളയാളെന്ന നിലയിലും ഗുണം ചെയ്യും. ചെങ്ങന്നൂർ മണ്ഡലത്തിൽ സ്വാധീന ശക്തികളായ ഓർത്തോഡോക്സ്, മാർത്തോമ്മാ തുടങ്ങിയ സാമുദായിക നേതാക്കളുമായി നല്ല ബന്ധം ബാലശങ്കറിനുണ്ട്.
മറുനാടന് മലയാളി ബ്യൂറോ