- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരേ ബാലാ.. കിതാബ് നഹിം മിലേയാ.....; പിന്നെ ചെവിക്ക് പിടിച്ച് കിഴുക്കലും... സ്നേഹത്തോടെ തോളിൽ തല്ലും! കൂട്ടുകാരനോട് പ്രധാനമന്ത്രി കാണിച്ച സ്നേഹലാളനം ഏവരേയും ഞെട്ടിച്ചു; ബാലശങ്കറും മോദിയും തമ്മിലെ ആത്മബന്ധത്തിൽ ചർച്ച തുടരുന്നു; ചെങ്ങന്നൂരിലെ സീറ്റ് നിഷേധം വൈറലാക്കിയ വീഡിയോയ്ക്ക് പിന്നിലെ കഥ
ന്യൂഡൽഹി: ആരാണ് ബാലശങ്കർ? ആർഎസ്എസ് അല്ലെന്ന് പോലും പറഞ്ഞവരുണ്ട്. പ്രധാനമന്ത്രി മോദിയുമായി അടുപ്പമുണ്ടെങ്കിൽ ചെങ്ങന്നൂരിലെ സീറ്റ് നിഷേധിക്കാൻ കഴിയുമോ എന്ന് കേരളത്തിലെ ബിജെപി നേതൃത്വവും ചോദിച്ചു. എന്നാൽ ഇതിന് മറുപടിയായി ബാലശങ്കറിന്റെ അനുകൂലികൾ പഴയ ആ വീഡിയോ പ്രചരിപ്പിക്കുകയാണ് സോഷ്യൽ മീഡിയയിൽ. മോദിയുടെ ആരും കാണാത്ത മുഖമാണ് കൂട്ടുകാരന് മുന്നിൽ തെളിയുന്നത്. രണ്ട് കൊല്ലമുമ്പത്തെ ആ സംഭവം വീണ്ടും ചർച്ചയാക്കുന്നത് ടിപിആർ ചെങ്ങന്നൂർ എന്ന ഫെയ്സ് ബുക്ക് പ്രൊഫൈലാണ്.
അകമേ ഒളിപ്പിച്ച ആത്മബന്ധം . കളിക്കൂട്ടുകാരെ കയ്യരികെ കിട്ടുമ്പോൾ ആത്മസൗഹൃദം പങ്കിടുന്നത് എങ്ങനെയെന്നു മുൻകൂട്ടി പറയാനാവില്ല. കണ്ടമാത്രയിൽ ചെവിക്കുപിടിച്ചു 'കിഴുക്കി' പിന്നെ ഒരടി. അടികൊടുത്ത സംതൃപ്തി. സ്നേഹം പങ്കിട്ട ആത്മനിർവൃതി ആ മുഖത്തുവ്യക്തം. പരിഭവം പ്രകടിപ്പിക്കുവാൻ ഒരു കാരണവും കിട്ടി. തന്നെക്കുറിച്ച് തന്റെ ആത്മസുഹൃത്ത് പുസ്തകമെഴുതി പ്രസാധനവും കഴിഞ്ഞു മാസങ്ങൾ പിന്നീട്ടീട്ടും തനിക്കൊരു പുസ്തകം തന്നില്ല. അതിനുശേഷം മുഖാമുഖം കണ്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രിയപ്പെട്ട 'ബാല' യെ വെറുതെ വിട്ടില്ല. അതേ, ഇതേ ബാലശങ്കറിനെക്കുറിച്ച് ഈയിടെ കേരളത്തിൽ ചില അഴകിയ രാവണന്മാർ പറയുന്നത് കേട്ടു ' അങ്ങനെ അടുപ്പമുണ്ടായിരുന്നെങ്കിൽ.......' ഇന്നലെ അരങ്ങത്തെത്തിയ അഴകിയരാവണന്മാർ അറിയുക.... ഇങ്ങനെയുള്ള അടുപ്പമാണ് ഡോ.ആർ.ബാലശങ്കറിനുള്ളത്. ആത്മബന്ധം. അത് എന്തെങ്കിലും 'ചോദിച്ചു വാങ്ങാനോ, വാങ്ങിക്കൂട്ടാനോ ഉള്ളതല്ല' -എന്നും ഫേസ്ബുക്കിൽ ടി.പി.ആർ എഴുതുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയുടെ കേരള നേതൃത്വത്തിനെതിരെ നിശിത വിമർശവുമായി ആർഎസ്എസ്. സൈദ്ധാന്തികനും ഓർഗനൈസർ മുൻ പത്രാധിപരുമായ ആർ ബാലശങ്കർ രംഗത്ത് വന്നിരുന്നു. ചെങ്ങന്നൂരിൽ തനിക്ക് സീറ്റ് നിഷേധിച്ചത് സിപിഎമ്മുമായിട്ടുള്ള ഡീലിന്റെ ഭാഗമായിട്ടാണെന്ന് ബാലശങ്കർ ആരോപിച്ചു. ചെങ്ങന്നൂരും ആറന്മുളയിലും സിപിഎമ്മിന്റെ വിജയം ഉറപ്പാക്കുന്നതിന് പ്രത്യുപകാരം കോന്നിയിൽ എന്നതായിരിക്കാം ഡീൽ എന്നും ബാലശങ്കർ തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരാണ് ബാലശങ്കർ എന്ന സംശവുമായി ബിജെപി ഔദ്യോഗിക നേതൃത്വം രംഗത്ത് വന്നത്. ബാലശങ്കർ ആർ എസ് എസുകാരനല്ലെന്ന് പോലും ആർ എസ് എസിന്റെ മുൻ കാര്യവാഹ് ഗോപാലൻകുട്ടി പറഞ്ഞു. ഇതെല്ലാം വലിയ ചർച്ചകൾക്ക വിധേയമായി.
ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ രണ്ടു കൊല്ലം മുമ്പുള്ള ആ രസകരമായ വീഡിയോ എത്തുന്നത്. ഒരു പൊതുപരിപാടിക്ക് എത്തിയതായിരുന്നു മോദി. സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ തന്റെ സുഹൃത്തിനെ ദൂരെ നിന്ന് പ്രധാനമന്ത്രി കണ്ടു. സുരക്ഷാ ഭടന്മാർ ഒരുക്കിയ വഴി മാറി മോദി നടന്നു. കൂട്ടുകാരന്റെ അടുത്ത് എത്തി ബാലാ എന്ന് ഉറക്കെ വിളിച്ചു. ഇതോടെ ചുറ്റും കൂടി നിന്നവർ അത്ഭുതപ്പെട്ടു. പുസ്തകത്തിന്റെ കോപ്പി കിട്ടാത്തതിന്റെ പരിഭവം പറഞ്ഞ് ചെവിക്ക് പിടിത്തവും ചെറിയ തട്ടും. ബാലശങ്കറുമായുള്ള ആത്മബന്ധം ഇതിൽ നിന്ന് തന്നെ വ്യക്തം.
ബിജെപിയുടെ ദേശീയ നേതൃത്വത്തിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന പാർട്ടി ബൗദ്ധിക വിഭാഗം തലവനാണ് ഡോ.ആർ ബാലശങ്കർ. നിയമസഭാ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ മത്സരിക്കാൻ സാധ്യത മുന്നിൽ കണ്ടുള്ള പ്രവർത്തനവും നടത്തി. ബാലശങ്കർ കേരളത്തിൽ പ്രവർത്തിക്കണമെന്ന താൽപര്യം മോദി ഉൾപ്പെടെ ദേശീയ നേതൃത്വം അറിയിച്ചതിനെ തുടർന്നാണ് ജന്മനാട്ടിലേക്കു വന്നതെന്നും റിപ്പോർട്ടുണ്ടായിരുന്നു. ചെങ്ങന്നൂർ മണ്ഡലത്തിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 38,666 വോട്ട് ലഭിച്ചു. ഇത് ഉയർത്താനും ചെങ്ങന്നൂരിൽ ജയിക്കാനും ബാലശങ്കറിന് കരുതുമെന്ന് പൊതു വിലയിരുത്തലുമുണ്ടായി. എന്നാൽ അന്തിമ സ്ഥാനാർത്ഥി ലിസ്റ്റിൽ ബാലശങ്കർ ഉൾപ്പെട്ടില്ല.
ബിജെപി ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ആർ ബാലശങ്കറിന്റെ പേര് വെട്ടിയ വിവാദം ഏറെ ചർച്ചായായിരുന്നു. ദേശീയ ജനറൽ സെക്രട്ടറിയാക്കാൻ നൽകിയ നിർദ്ദേശം നിരാകരിക്കപ്പെട്ടതിനെ തുടർന്ന് ബാലശങ്കറിനെ ബിജെപിയിൽ നിന്നും ആർഎസ്എസ് പിൻവലിക്കുമെന്നും സൂചനയുണ്ടായിരുന്നു. ആർഎസ്എസിന്റെ ഏറ്റവും ഉന്നത നേതാക്കളിൽ ഒരാളുടെ നിർദ്ദേശമാണ് ബിജെപി പുനഃസംഘടനയിൽ പൂർണമായും നിരാകരിക്കപ്പെട്ടത്. പ്രവർത്തനങ്ങളും അടിത്തറയും വിപുലമാക്കാൻ വേണ്ടി ആർഎസ്എസ് നേതൃത്വം ബിജെപിക്ക് വിട്ടു നൽകിയതാണ് ബാലശങ്കറിനെ. ആർഎസ്എസ് വിട്ടു നൽകിയതിനെ തുടർന്ന് ബിജെപിക്ക് ഒപ്പമാണ് കഴിഞ്ഞ കുറെ വർഷങ്ങളായി ബാലശങ്കറിന്റെ യാത്രകൾ. ബിജെപിയുടെ ഏറ്റവും വിശ്വസ്ത ഈ സഹയാത്രികനെയാണ് സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങളെ തുടർന്ന് ഭാരവാഹി ലിസ്റ്റിൽ നിന്നും വെട്ടിമാറ്റിയത്. ഇതു തന്നെയാണ് ഇപ്പോഴും സംഭവിച്ചത്.
ബിജെപിയുടെ സംഘടനാ ഭാരവാഹികളുടെ പട്ടികയിൽ നിന്നും വി.മുരളീധരൻ-ബി.എൽ.സന്തോഷ് ടീം ആണ് ബാലശങ്കറിനെ ഒഴിവാക്കിയത് എന്നാണ് പരിവാറിനുള്ളിൽ നിന്നും ഉയരുന്ന ആരോപണം. പ്രവർത്തനങ്ങൾക്കായി ബിജെപി ആസ്ഥാനത്ത് സ്വന്തമായി മുറി വരെ ദേശീയ ബിജെപി നേതൃത്വം ബാലശങ്കറിനു അനുവദിച്ച് നൽകിയിട്ടുണ്ട്. ബാലശങ്കറിന് ദേശീയ നേതൃത്വം നൽകുന്ന പരിഗണനയുടെ ഭാഗമായാണ് ആസ്ഥാനത്ത് മുറിപോലും വിട്ടു നൽകിയത്. ബാലശങ്കറിനെ ചെങ്ങന്നൂരിൽ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം രൂപപ്പെട്ടത് ആർഎസ്എസ് മൂശയിലാണ്.
ചെങ്ങന്നൂരിൽ എത്തി ബാലശങ്കർ പ്രചരണം തുടങ്ങിയിരുന്നു. എൻ എസ് എസുമായും ക്രൈസ്തവ സഭകളുമായി ബാലശങ്കറിന് അടുപ്പവും ഉണ്ടായിരുന്നു. ബാലശങ്കർ പോലെയുള്ള ഒരു നേതാവിന് ഈ രീതിയിലുള്ള അനുഭവം വന്നതിൽ ബിജെപിയിലെ ഒരു വിഭാഗം നേതാക്കളും അസ്വസ്ഥരാണ്. ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ പത്രാധിപർ, ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗം, പ്രസിദ്ധീകരണ വിഭാഗം സഹ കൺവീനർ എന്നീ പദവികൾ ബാലശങ്കർ വഹിച്ചിട്ടുണ്ട്. പതിനൊന്നു വർഷമാണ് ഓർഗനൈസർ പത്രാധിപരായി ബാലശങ്കർ തുടർന്നത്. ആർഎസ്എസ് ബുദ്ധികേന്ദ്രങ്ങളിൽ ഒന്നായും ബാലശങ്കർ പരിഗണിക്കപ്പെടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് എഴുതിയ യ ക്രിയേറ്റീവ് ഡിസ്റപ്റ്റർ എന്ന പുസ്തകം ശ്രദ്ധേയവുമായിരുന്നു. എട്ടു ഭാഷകളിലേക്കാണ് ഈ പുസ്തകം പരിഭാഷ ചെയ്യപ്പെട്ടത്. ബെസ്റ്റ് സെല്ലർ ആയിരുന്ന പുസ്തകം കൂടിയാണിത്. എൻഡിടിവി, ഔട്ട്ലുക്ക്, ഡിഎൻഎ എന്നീ മാധ്യമങ്ങളിൽ ബാലശങ്കർ ചെയ്യുന്ന കോളങ്ങളും ശ്രദ്ധേയമാണ്.
മറുനാടന് മലയാളി ബ്യൂറോ