- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെപിസിസി പട്ടികയുടെ ചർച്ചയായിട്ടും ആരവങ്ങളില്ലാത്ത കേരള ഹൗസ്; സെമി കേഡർ ആയാൽ എന്താകുമോ എന്തോ അവസ്ഥ:? കോൺഗ്രസിന് ഉണ്ടായ ഈ മാറ്റം വിശ്വസിക്കാനേ സാധിക്കുന്നില്ല എന്ന് ഡൽഹിയിലെ മാധ്യമ പ്രവർത്തകൻ ബാലഗോപാൽ ബി നായർ
ന്യൂഡൽഹി: കോൺഗ്രസിനെ അടിമുടി മാറ്റുകയാണ് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരന്റെ ലക്ഷ്യം. ഹൈക്കമാൻഡിന്റെ പൂർണ പിന്തുണയോടെ, സെമി കേഡർ പാർട്ടിയാക്കാനുള്ള പരിശ്രമം തകൃതിയായി മുന്നേറുന്നു. പാർട്ടി സമ്മേളനങ്ങളിലെ വേദികളിൽ പഴയതുപോലെ ആൾക്കൂട്ടമില്ല. നേതാക്കളുടെ പേരെഴുതിയ കസേരകൾ. ആകെ ഒരു അച്ചടക്കത്തിന്റെ അന്തീക്ഷം. ഇതിന് പുറമേ തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ ഒരു എംപിയടക്കം 97 നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കുകയാണ്, പരാജയത്തെക്കുറിച്ച് പഠിച്ച സമിതികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വലുപ്പച്ചെറുപ്പം നോക്കാതെ നോട്ടീസ് നൽകും. അങ്ങനെയിരിക്കെയാണ് കെപിസിസി പട്ടികയുടെ ചർച്ചയ്ക്കായി കെ.സുധാകരനും വി.ഡി.സതീശനും ഡൽഹിയിൽ ചർച്ചകൾക്കായി എത്തിയത്. അവിടെ കണ്ടത് അമ്പരിപ്പിക്കുന്ന കാഴ്ചയെന്ന് മാധ്യമപ്രവർത്തകൻ ബാലഗോപാൽ ബി നായർ.
കെപിസിസി പട്ടികയുടെ ചർച്ചയായിട്ടും കേരള ഹൗസിൽ ആളും ആരവവുമില്ല. കോൺഗ്രസിന് ഉണ്ടായ ഈ മാറ്റം വിശ്വസിക്കാനേ കഴിയുന്നില്ല എന്ന് കുറിക്കുന്നു ബാലഗോപാൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ.
കെപിസിസി പട്ടികയുടെ ചർച്ചയായിട്ടും ആരവങ്ങളില്ലാത്ത കേരള ഹൗസ്.
മാധ്യമ പ്രവർത്തകനായി ഡൽഹിയിൽ ഞാൻ എത്തിയിട്ട് പതിനേഴ് വർഷമായി. പക്ഷേ കെപിസിസി പ്രസിഡന്റും, കോൺഗ്രസിന്റെ നിയമസഭാ കക്ഷി നേതാവും ഡൽഹിയിൽ ഉള്ളപ്പോൾ ഒരിക്കൽ പോലും കേരള ഹൗസ് ഇത്ര ആളൊഴിഞ്ഞ് കണ്ടിട്ടില്ല. അതും കേരളത്തിലെ കോൺഗ്രസ് പുനഃസംഘടനയും ആയി ബന്ധപ്പെട്ട ചർച്ച നടക്കുന്ന ദിവസം. എഐസിസി യിൽ ഇന്ന് സുധാകരനും, സതീശനും പുറമെ കണ്ട ഏക മലയാളി കെ സി വേണുഗോപാലാണ്.
കോൺഗ്രസിന് ഉണ്ടായ ഈ മാറ്റം വിശ്വസിക്കാനേ സാധിക്കുന്നില്ല. പല കോൺഗ്രസ് സുഹൃത്തുക്കളെയും കാണുന്നത് ഡൽഹിയിൽ പുനഃസംഘടന ചർച്ചകളും സീറ്റ് ചർച്ചകളും നടക്കുമ്പോഴായിരുന്നു. എല്ലാ പുനഃസംഘടന / സീറ്റ് ചർച്ച സമയത്തും ഡൽഹിയിൽ വരുമായിരുന്ന അവരിൽ പലരെയും മിസ് ചെയ്യുന്നു. സെമി കേഡർ ആകും ആകും എന്ന് പറയുമ്പോൾ തന്നെ ഇതാണ് അവസ്ഥ എങ്കിൽ സെമി കേഡർ ആയാൽ എന്താകുമോ എന്തോ അവസ്ഥ.
പക്ഷെ ഇതിൽ ഒരു പോസറ്റീവ് വശം ഉണ്ട്. സാധാരണ ഡൽഹിയിൽ കോൺഗ്രസ്സുമായി ബന്ധപ്പെട്ട ചർച്ച ആരംഭിക്കുന്നു എന്ന വാർത്ത വന്നാൽ തന്നെ വിമാന കമ്പനികൾ ടികെറ്റ് നിരക്ക് കുത്തനെ കൂട്ടും. അത്രയ്ക്കാണ് ഡിമാൻഡ്. വല്ല അത്യാവശ്യത്തിനും നാട്ടിലോട്ട് പോകാൻ ഇരിക്കുമ്പോഴാണ് ഈ ചർച്ച എങ്കിൽ കുടുംബ ബഡ്ജറ്റ് തകർന്ന് പോകും. അനുഭവിച്ചവർക്കേ അതിന്റെ ബുദ്ധിമുട്ട് അറിയൂ. ഇനി അത് ഉണ്ടാകില്ലല്ലോ എന്നത് ആശ്വാസകരമാണ്.
സംസ്ഥാന പ്രതിപക്ഷ നേതാവ് മാത്രമല്ല ഇന്ന് കേരള ഹൗസിൽ ഉള്ളത്. ഗവർണറും, മുഖ്യമന്ത്രിയും ഉണ്ട്. ഒപ്പം കോടിയേരിയും.
ആരവങ്ങൾ ഇല്ലാത്ത കേരള ഹൗസിന്റെ മനോഹരമായ ചിത്രം പടമാക്കിയ Steephan Mathew ന് നന്ദി
മറുനാടന് മലയാളി ബ്യൂറോ