സിഡ്നി: പന്തുചുരണ്ടൽ വിവാദം കാലാകാലങ്ങളോളം ഓസ്ട്രേലിയൻ ക്രിക്കറ്റിനെ വേട്ടയാടുമെന്ന് മുൻ ഓസ്ട്രേലിയൻ ബൗളിങ് കോച്ചായിരുന്ന ഡേവിഡ് സാകെർ. ഈ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തൽ നടത്തുന്ന അവസാനത്തെയാളായിരിക്കില്ല കാമറൂൺ ബാൻക്രോഫ്റ്റ് എന്നു പറഞ്ഞ സാകെർ ഇനിയും വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു.

ഓസ്ട്രേലിയൻ ക്രിക്കറ്റിലെ കറുത്ത അധ്യായമായിരുന്നു 2018-ലെ 'പന്തുചുരണ്ടൽ' വിവാദം. പന്തുചുരണ്ടലിനെപ്പറ്റി ടീമിലെ ബൗളർമാർക്കെല്ലാം അറിയാമായിരുന്നുവെന്ന കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തിൽ കാമറൂൺ ബാൻക്രോഫ്റ്റ് വെളിപ്പെടുത്തിയതോടെ വിവാദത്തിന് വീണ്ടും ചൂടുപിടിക്കുകയാണ്.

വെളിപ്പെടുത്തലിന് പിന്നാലെയാണ് പ്രതികരണവുമായി പന്തുചുരണ്ടൽ വിവാദത്തിന്റെ സമയത്ത് ഓസീസ് ടീമിനൊപ്പമുണ്ടായിരുന്ന ഡേവിഡ് സാകെർ രംഗത്തെത്തിയത്.

''അത് ('പന്തുചുരണ്ടൽ') തടയാൻ സാധിക്കുമായിരുന്നു. എന്നാൽ അതിന് കഴിഞ്ഞില്ല. നിർഭാഗ്യകരമായിരുന്നു അത്. കാമറൂൺ വളരെ നല്ലയാളാണ്. വെളിപ്പെടുത്തലിലൂടെ അവൻ ആശ്വാസം കണ്ടെത്തിയതാണ്. വെളിപ്പെടുത്തൽ നടത്തുന്ന അവസാനത്തെയാളായിരിക്കില്ല അവൻ.'' - ഡേവിഡ് സാകെറിനെ ഉദ്ധരിച്ച് സിഡ്നി മോണിങ് ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.

നിങ്ങൾക്ക് എന്റെ നേരെ വിരൽ ചൂണ്ടാം, നിങ്ങൾക്ക് ഡാരെൻ ലേമാനെതിരേ വിരൽ ചൂണ്ടാം. നിങ്ങൾക്ക് മറ്റ് ആളുകളേയും ചൂണ്ടിക്കാട്ടാം. എല്ലാവർക്കും അറിയാം ഞങ്ങൾ വലിയൊരു തെറ്റ് ചെയ്തുവെന്ന്. എല്ലാം പുറത്തുവരുന്നതുവരെ അതിന്റെ ആഴം മനസിലാകില്ല.'' - സാകെർ കൂട്ടിച്ചേർത്തു.

ഈ വിവാദം ഇനി കാലാകാലങ്ങളോളം ഓസ്ട്രേലിയൻ ക്രിക്കറ്റിനെ വേട്ടയാടുമെന്നും അദ്ദേഹം പറഞ്ഞു.

പന്തുചുരണ്ടുന്നതിനെപ്പറ്റി ടീമിലെ ബൗളർമാർക്കെല്ലാം അറിയാമായിരുന്നെന്നാണ് കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തിൽ ബാൻക്രോഫ്റ്റ് വെളിപ്പെടുത്തിയത്.

ഇതോടെ, സംഭവത്തെക്കുറിച്ച് പുനരന്വേഷണം നടത്താൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചു. ഇപ്പോഴിതാ 2018-ലെ പന്തുചുരണ്ടൽ സംഭവത്തെ കുറിച്ച് ആർക്കെങ്കിലും കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ അവർ മുന്നോട്ടുവരണമെന്നും ഭരണ സമിതിയെ ഇക്കാര്യം അറിയിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ.

2018-ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിനിടെയായിരുന്നു വിവാദ സംഭവം. ഓസ്ട്രേലിയൻ താരം ബാൻക്രോഫ്റ്റ് സാൻഡ് പേപ്പർ ഉപയോഗിച്ച് പന്തിന്റെ ഒരു ഭാഗം ചുരണ്ടുകയായിരുന്നു. സംഭവം ടി.വി. ക്യാമറയിൽ പതിഞ്ഞതിനാൽ കൈയോടെ പിടിക്കപ്പെട്ടു. പാന്റിനുള്ളിൽ ഒളിപ്പിച്ച സാൻഡ്‌പേപ്പർ കണ്ടെത്തി. സംഭവത്തിൽ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത്, വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ, ബാൻക്രോഫ്റ്റ് എന്നിവർക്ക് വിലക്കുകിട്ടി. കോച്ച് ഡാരൻ ലേമാനും സ്ഥാനം നഷ്ടമായിരുന്നു.

സ്മിത്തും വാർണറും ഒരു വർഷത്തിനുശേഷം ടീമിൽ തിരിച്ചെത്തി. ബാൻക്രോഫ്റ്റ് ഇപ്പോൾ ഇംഗ്ലീഷ് കൗണ്ടി ടീം ഡർഹാമിനായി കളിക്കുകയാണ്.