ന്യൂഡൽഹി: അണ്വായുധ പോർമുന വഹിക്കാവുന്നതും 4000 കിലോമീറ്റർ പരിധിയുള്ളതുമായ അഗ്‌നി4 ബാലിസ്റ്റിക് മിസൈലിന്റെ വിക്ഷേപണം വിജയം. പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈൽ കരസേനയുടെ കീഴിലുള്ള തന്ത്രപ്രധാന സേനാ കമാൻഡ് ആണ് പരീക്ഷിച്ചത്.

ഒഡിഷാ തീരത്തെ ഡോ. അബ്ദുൽ കലാം ദ്വീപിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് വൈകിട്ട് 7.30 ഓടെയായിരുന്നു വിക്ഷേപണം. സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ നേതൃത്വത്തിൽ നടത്തുന്ന പതിവ് പരിശീലനത്തിന്റെ ഭാഗമായാണ് പരീക്ഷണമെന്നും പരീക്ഷണം പൂർണവിജയമായിരുന്നെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പതിവ് പരിശോധനകളുടെ ഭാഗമായാണ് വിക്ഷേപണം നടത്തിയത്. സ്വയം ഗതി നിർണയിക്കാവുന്നതും കൃത്യതയോടെ ലക്ഷ്യം ഭേദിക്കാവുന്നതുമായ അതിസങ്കീർണ, അത്യാധുനിക സംവിധാനങ്ങളുള്ള ഭൂതലഭൂതല മിസൈലാണ് അഗ്‌നി4.

രണ്ട് ഘട്ടമുള്ള ഉപരിതല-ഉപരിതല ബാലിസ്റ്റിക് മിസൈലാണ് അഗ്‌നി-4. 20 മീറ്റർ നീളമുള്ള മിസൈലിന് 17 ടൺ ഭാരമുണ്ട്. 4000 കിലോമീറ്റർ ദൂരത്തേക്ക് ഒരു ടൺ ആണവ യുദ്ധ സാമഗ്രികൾ എത്തിക്കാൻ ശേഷിയുള്ള മിസൈലാണിത്. ഇതിനോടകം തന്നെ സൈന്യത്തിന്റെ ഭാഗമായ അഗ്‌നി-4 പാക്കിസ്ഥാനെ ലക്ഷ്യമിട്ടാണ് നിർമ്മിച്ചത്. ഡി.ആർഡിഒ നിർമ്മിച്ച അഗ്‌നി-4 2011, 2012, 2014, 2015, 2017, 2018 വർഷങ്ങളിലും വിക്ഷേപിച്ച് വിജയം കണ്ടിരുന്നു.

കഴിഞ്ഞ വർഷം, അഗ്‌നി പ്രൈം ബാലിസ്റ്റിക് മിസൈൽ ഇന്ത്യ പരീക്ഷിച്ചിരുന്നു. ആണവായുധം വഹിക്കാൻ ശേഷിയുള്ള അഗ്‌നി പ്രൈം കംപോസിറ്റ് മെറ്റീരിയൽ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. 1000-2000 കിലോമീറ്റർ പരിധിയുള്ള മിസൈലാണ് അഗ്‌നി പ്രൈം. ഡോ.എ.പി.ജെ.അബ്ദുൾ കലാം ഐലൻഡിലെ ടെസ്റ്റിങ് ഫെസിലിറ്റിയിൽ നിന്നാണ് മിസൈൽ പരീക്ഷണം നടത്തിയത്.

അഗ്‌നി-IVന്റെ സവിശേഷതകൾ

സ്വയം ഗതി നിർണയിക്കാൻ ശേഷി
കൃത്യതയോടെ ലക്ഷ്യം ഭേദിക്കാനുള്ള കഴിവ്
ഭൂതല-ഭൂതല മിസൈൽ
പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്
20 മീറ്റർ നീളം, 17 ടൺ ഭാരം
4,000 കിലോമീറ്റർ ദൂരത്തേക്ക് ഒരു ടൺ ആണവായുധം എത്തിക്കാനാകും
നിലവിൽ സേനയുടെ ഭാഗം