ബാലസോർ: നാലായിരം കിലോമീറ്റർ ദൂരംവരെ ആണവായുധം വഹിച്ചു പറക്കാൻ ശേഷിയുള്ള അഗ്നി 4 മിസൈൽ ഇന്ത്യ വീണ്ടും പരീക്ഷിച്ചു. ഒഡിഷ തീരത്തെ എ.പി.ജെ. അബ്ദുൾ കലാം ദ്വീപിൽ (വീൽസ് ഐലൻഡ്) നിന്നായിരുന്നു പരീക്ഷണ വിക്ഷേപണം.

അടുത്തവർഷം ജനുവരിയിൽ അഗ്‌നി 5ന്റെ പരീക്ഷണം നടത്താനിരിക്കെ അഗ്‌നി 4 ന്റെ വിജയം ശാസ്ത്രജ്ഞർക്ക് ഏറെ സന്തോഷം പകരുന്നതാണ്. ആണവായുധം വഹിച്ച് 5000 കിലോമീറ്റർ വരെ പറന്ന് ലക്ഷ്യത്തിലെത്തി കൃത്യം നടത്താൻ ശേഷിയുള്ളവയാണ് അഗ്‌നി 5.

അഞ്ച് പരീക്ഷണങ്ങളാണ് ഇതിനോടകം അഗ്‌നി 4 നേരിട്ടത്. അവയിൽ നാലും വിജയമായിരുന്നു. അഗ്‌നി 5 മൂന്നു പരീക്ഷണങ്ങളും അതിജീവിച്ചിരുന്നു. മൊബൈൽ ലോഞ്ചറുകളിൽ നിന്ന് വിക്ഷേപിക്കാവുന്നതാണ് ഇവ രണ്ടും.

ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിക്കാൻ കഴിയുന്ന തരത്തിലുള്ള ഐഎൻഎസ് അരിഹന്ത് പൂർണ്ണമായും ഉപയോഗക്ഷമമായാൽ വിക്ഷേപണത്തിന്റെ കാര്യത്തിലുള്ള പ്രതിസന്ധി പരിഹരിക്കാനാകുമെന്ന് അധികൃതർ അറിയിച്ചു.

ഉപരിതല- ഉപരിതല മിസൈലായ അഗ്‌നി 4ന് 20 മീറ്റർ നീളവും 17 ടൺ ഭാരവുമുണ്ട്. അഞ്ചാം തലമുറ കമ്പ്യൂട്ടറുകളാണ് ഇവയിലുള്ളത്. പാതയിൽ മാറ്റം വന്നാൽ അത് തിരുത്തി പറന്ന് മുന്നേറാനുള്ള കഴിവും ഇതിനുണ്ട്.

പ്രോജക്ട് ഡയറക്ടർ ടെസി തോമസിന്റെ നേതൃത്വത്തിലായിരുന്നു ഇന്ത്യ അഭിമാനനേട്ടം കൈവരിച്ചത്. ഇന്ത്യയുടെ ആയുധശേഖരത്തിൽ ഇപ്പോഴുള്ള അഗ്‌നി–ഒന്ന്, അഗ്‌നി–രണ്ട്, അഗ്‌നി– മൂന്ന്, പൃഥ്വി മിസൈലുകളുടെ പരമാവധി പ്രഹരപരിധി 3000 കിലോമീറ്ററാണ്. ലക്ഷ്യം ഉറപ്പാക്കാനുള്ള ആധുനിക സാങ്കേതിക മികവുകൾ മിസൈലിനുണ്ടെന്ന് പ്രതിരോധ വകുപ്പ് അറിയിച്ചു.