തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവിട്ടിട്ടും ടി.പി. സെൻകുമാറിനെ ഡിജിപി സ്ഥാനത്തു പുനഃസ്ഥാപിക്കുന്നതിൽ തീരുമാനം നീട്ടിക്കൊണ്ടുപോകുന്ന പിണറായി സർക്കാരിനെ വിമർശിച്ച് വി.ടി. ബൽറാം എംൽഎ. സെൻകുമാറിന് പുനർനിയമനം നല്കാത്തത് നിയമവാഴ്ചയോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം തന്റെ ഫേസ്‌ബുക് പേജിൽ കുറിച്ചു. ചീഫ് മിനിസ്റ്ററുടെയും ചീഫ് സെക്രട്ടറിയുടേയും വ്യക്തിവിരോധത്തിനും ദുരഭിമാനത്തിനുമല്ല, പരമോന്നത നീതിപീഠത്തിന്റെ വിധിതീർപ്പിന് തന്നെയാണ് ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യത്തിൽ വിലയുണ്ടാകേണ്ടതെന്നും ബൽറാം ചൂണ്ടിക്കാട്ടി.

 

തിങ്കളാഴ്ചയാണ് സെൻകുമാറിന് അനുകൂലമായ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. വിധി ആറു ദിവസമായിട്ടും പിണറായി സർക്കാർ ഇക്കാര്യത്തിൽ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. വിധിക്കെതിരേ റിവിഷൻ ഹർജി നല്‌കേണ്ടെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ സെൻകുമാറിനെ ഡിജിപി സ്ഥാനത്ത് പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ ഇതുവരെ പ്രഖ്യാപനം ഉണ്ടായിട്ടില്ല.

കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പി സെൻകുമാർ സുപ്രീംകോടതിയിൽ ഇന്ന് കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തു. ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് എതിരാണ് നടപടി. നഷ്ടപ്പെട്ട കാലാവധി നീട്ടി നൽകണമെന്നും സെൻകുമാർ കോടതിയിൽ നൽകിയ പരാതിയിൽ പറുന്നുണ്ട്. കർണ്ണാടക ചീഫ് സെക്രട്ടറിക്ക് തടവ് ശിക്ഷ ലഭിച്ചത് ഓർമ്മിപ്പിച്ചാണ് സെൻകുമാറിന്റെ പരാതി. സ്ഥാനം തിരിച്ച് തരാതിരിക്കാൻ നളിനി നെറ്റോ കഴിയുന്നതെല്ലാം ചെയ്യുമെന്നും സെൻകുമാറിന്റെ ഹർജിയിൽ പറഞ്ഞിരുന്നു.

സെൻകുമാർ നൽകിയ ഹർജിയിൽ തിങ്കളാഴ്ചയായിരുന്നു സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നത്. സംസ്ഥാന പൊലീസ് മേധാവിയായി സെൻകുമാറിനെ ഉടൻ നിയമിക്കണമെന്നായിരുന്നു കോടതി വിധി. വിധി വന്നതിന് പിന്നാലെ തന്നെ ഡി.ജി.പിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വിധി പകർപ്പ് സഹിതം ചീഫ് സെക്രട്ടറിക്ക് സെൻകുമാർ കത്ത് നൽകിയിരുന്നു. തന്നെ പൊലീസ് മേധാവി ആയി നിയമിക്കണം എന്ന ഒറ്റവരി കത്താണ് അദ്ദേഹം നൽകിയത്. എന്നാൽ ഇതിൽ സർക്കാർ നടപടി കൈക്കൊണ്ടിരുന്നില്ല.