പാലക്കാട്: സോഷ്യൽ മീഡിയയിൽ പഞ്ച് കമന്റുകളിലൂടെ എന്നും ചർച്ചയിൽ ഇടംപിടിക്കുന്ന തൃത്താല എംഎൽഎയുടെ പുതിയ പോസ്റ്റും ചർച്ചയാകുന്നു. കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ നിഷ്ഠൂര കൊലപാതകത്തിലും കൊച്ചിയിൽ ഗർഭിണിയെ തൊഴിച്ച് പിഞ്ചുകുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയ സംഭവത്തിലും ഇവിടെ മാധ്യമ, സാംസ്‌കാരിക 'സിംഗങ്ങൾ' പ്രതികരിച്ചു കണ്ടില്ലെന്ന് വ്യക്തമാക്കിയാണ് ഇപ്പോൾ തരംഗമായ ഒരു അഡാർ ലൗ ചിത്രത്തിലെ പാട്ടിന്റെ ഭാഷകൂടി കടമെടുത്ത് വി. ടി ബൽറാമിന്റെ ചോദ്യം.

കണ്ണൂർ മട്ടന്നൂരിൽ ഷുഹൈബിനെ കൊലപ്പെടുത്തിയതിലും ഗർഭിണിയെ വയറ്റത്ത് തൊഴിച്ച് പിറക്കാനിരിക്കുന്ന കുഞ്ഞിനെപ്പോലും കൊന്നുകളഞ്ഞതിനേക്കുറിച്ചും ഒരു സാംസ്‌കാരിക നായകനും പ്രതികരിക്കാൻ ധൈര്യപ്പെടുന്നില്ല. കേരളത്തിന്റെ മനസ്സാക്ഷിയെ നടുക്കിയ സംഭവങ്ങളിൽ പ്രതികരണം ഇല്ലെങ്കിലും പലരും മാണിക്യമലരായ പൂവി എന്ന ഗാനത്തിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ചൊല്ലി വാചാലരുമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ആക്ഷേപഹാസ്യ രൂപേണ ബൽറാമിന്റെ കമന്റ്. നിരവധി പേരാണ് ഇത്തരമൊരു പോസ്റ്റ് നൽകിയ എംഎൽഎയ്ക്ക് പിന്തുണയുമായി എത്തുന്നത്.

എംഎൽഎയുടെ പോസ്റ്റ് ഇങ്ങനെ:

സ്വന്തം ജില്ലയിൽ സ്വന്തം പാർട്ടിക്കാർ ഒരു പാവം യുവാവിനെ തുണ്ടം തുണ്ടമാക്കി വെട്ടിനുറുക്കിയതിനേക്കുറിച്ചും ഒരു ഗർഭിണിയെ വയറ്റത്ത് തൊഴിച്ച് പിറക്കാനിരിക്കുന്ന കുഞ്ഞിനെപ്പോലും കൊന്നുകളഞ്ഞതിനേക്കുറിച്ചും ഒരക്ഷരം മിണ്ടാതെ മാണിക്യമലരായ പൂവിയേക്കുറിച്ച് ആവിഷ്‌ക്കാര സ്വാതന്ത്ര്യ ഗീർവാണം മുഴക്കുന്ന അഡാറ് കാപട്യക്കാരനോട് താൻ ആദ്യം ഇതിനേക്കുറിച്ച് പറഞ്ഞിട്ട്‌പോയാൽമതി എന്ന് മുഖത്തുനോക്കി ചോദിക്കാൻ കെൽപ്പുള്ള ഏതെങ്കിലും മാധ്യമ, സാംസ്കാരിക മാണിക്യങ്ങൾ ഇവിടെ ജീവിച്ചിരിപ്പുണ്ടോ?