തിരുവനന്തപുരം: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ആദ്യം സ്വാഗതം ചെയ്ത കോൺഗ്രസ് നേതാവ് വി ടി ബൽറാം എംഎൽഎയും നിലപാടു മാറ്റി. കറൻസി പിൻവലിക്കാനുള്ള കേന്ദ്ര തീരുമാനത്തെ പിന്തുണച്ചത് ഉദ്ദേശ്യശുദ്ധി ഉെണ്ടന്ന പ്രതീക്ഷയിലാണെന്നു ബൽറാം ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

ദിവസം ചെല്ലുന്തോറും സാധാരണക്കാരുടെ പ്രശ്‌നങ്ങൾ രൂക്ഷമാകുകയാണ്. സാധാരണക്കാരുടെ സാമ്പത്തിക വിനിമയങ്ങൾ ഏതാണ്ട് പൂർണ്ണമായി സ്തംഭിച്ചിരിക്കുകയാണെന്നും വി ടി ബൽറാം പറഞ്ഞു.

രാജ്യത്ത് ഒരു സാമ്പത്തിക കലാപമുണ്ടാവുന്ന നിലയിലേക്ക് കാര്യങ്ങൾ അതിവേഗം പരിണമിക്കുകയാണ്. ഇതൊക്കെ വരുത്തിവച്ചത് കേന്ദ്ര സർക്കാരിന്റെ അനവധാനതയോടെയുള്ള തീരുമാനങ്ങളുടെ ഭാഗമായാണെന്നത് കൂടുതൽക്കൂടുതൽ ബോധ്യമാവുന്നു. ആദ്യം പ്രതീക്ഷിച്ചതിൽ നിന്ന് വ്യത്യസ്തമായി ഇങ്ങനെ ഉയർന്നുവരുന്ന പ്രതിസന്ധിയെ മറികടക്കാനുള്ള യാതൊരു മുന്നൊരുക്കങ്ങളും കേന്ദ്ര സർക്കാർ സ്വീകരിച്ചിരുന്നില്ല എന്നതും ഇപ്പോഴാണ് വെളിച്ചത്തുവരുന്നത്. വൻകിടക്കാരെ തൊടാതെയുള്ള ഇപ്പോഴത്തെ നീക്കത്തിന്റെ ഉദ്ദേശ്യശുദ്ധിയും ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്നും ബൽറാം കുറിച്ചു.

നോട്ട് അസാധുവാക്കൽ തീരുമാനത്തിൽ കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയെയും അഭിനന്ദിച്ച വി ടി ബൽറാം എംഎൽഎ അഞ്ചാംനാളാണു തന്റെ അഭിപ്രായം തിരുത്തി രംഗത്തെത്തിയത്. മുൻവിധികളില്ലാതെ ശരിയെന്ന് തോന്നുന്നതിനെ അംഗീകരിക്കുക എന്നതാണ് എന്റെ പൊതുവിലെ രീതി. പല വിഷയങ്ങളിലേയും പ്രാഥമിക പ്രതികരണങ്ങൾ അങ്ങനെയാണുണ്ടാവുന്നതെന്നും ബൽറാം പറഞ്ഞു.

വിദേശ ബാങ്കുകളിലെ കള്ളപ്പണം ഇപ്പോഴും സുരക്ഷിതമാണ്. കേന്ദ്ര ഭരണകക്ഷിയുടെ ചില അടുപ്പക്കാർക്ക് ഈ വിവരങ്ങൾ നേരത്തെതന്നെ ചോർന്ന് കിട്ടി എന്നും അതിനനുസരിച്ചുള്ള ഉപായങ്ങൾ സ്വീകരിക്കാനവർക്ക് അവസരം കിട്ടിയെന്നുമുള്ള ഗുരുതരമായ ആരോപണവും ഉയർന്നുകഴിഞ്ഞു.

ഈ സാഹചര്യത്തിൽ ഇക്കാര്യത്തിലുള്ള എന്റെ ആദ്യ അഭിപ്രായം പുതുക്കേണ്ടി വരികയാണ്. കറൻസികൾ പിൻവലിച്ചതുമൂലം രാജ്യത്തെ സാധാരണ ജനങ്ങൾക്കുണ്ടായിരിക്കുന്ന വലിയ ബുദ്ധിമുട്ടുകൾ പരിഹരിക്കാനുള്ള സത്വര നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്ന് ആവശ്യപ്പെടുന്നു. കള്ളപ്പണത്തിനെതിരെ കൂടുതൽ ഫലപ്രദമായ നടപടികളാണ് സർക്കാർ ജാഗ്രതാപൂർവ്വം ആവിഷ്‌ക്കരിക്കേണ്ടതെന്നും വിശ്വസിക്കുന്നുവെന്നും ബൽറാം പറഞ്ഞു.

വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

"മുൻവിധികളില്ലാതെ ശരിയെന്ന് തോന്നുന്നതിനെ അംഗീകരിക്കുക എന്നതാണ് എന്റെ പൊതുവിലെ രീതി. പല വിഷയങ്ങളിലേയും പ്രാഥമിക പ്രതികരണങ്ങൾ അങ്ങനെയാണുണ്ടാവുന്നത്. രാഷ്ട്രശരീരത്തിൽ ഒരു അർബുദം പോലെ പടർന്നുകഴിഞ്ഞിരിക്കുന്ന അഴിമതിക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാവണമെന്ന ആഗ്രഹം എന്റേതുമാത്രമല്ല, ഈ നാട്ടിലെ ഓരോ സാധാരണക്കാരന്റേതുമാണ്. കള്ളപ്പണത്തിനും കള്ളനോട്ടുകൾക്കുമെതിരെ ഉത്തരവാദപ്പെട്ടവർ ചില നടപടികൾ സ്വീകരിക്കുമ്പോൾ അതിനെ സ്വാഗതം ചെയ്യുന്നതും ആ നിലയിലാണ്. ചില അഴിമതി വിഷയങ്ങളിലെങ്കിലും വിജിലൻസ് അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിക്കുമ്പോൾ അതിനെ പിന്തുണക്കുന്നതും കൂടുതൽ അന്വേഷണങ്ങൾ ആവശ്യപ്പെടുന്നതും ഇതേ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ്. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെ അഴിമതിക്കെതിരെയെന്ന പേരിൽ പ്രഖ്യാപിക്കുന്ന നടപടികളെ അവരുടെ ഇച്ഛാശക്തിയുടെ പ്രതിഫലനമായി കാണുന്നത് എല്ലാം ശരിയാവുമെന്നും നല്ല ദിനങ്ങൾ വരുമെന്നുമൊക്കെയുള്ള ഒരു പൗരന്റെ പ്രതീക്ഷയുടെ ഭാഗമായാണ്.
കറൻസി പിൻവലിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ പൊതുവിൽ പിന്തുണക്കാൻ തീരുമാനിച്ചതും അതിലൊരു ഉദ്ദേശ്യശുദ്ധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തികോപദേഷ്ടാവായ ഡോ. ഗീതാ ഗോപിനാഥടക്കമുള്ള നിരവധി സാമ്പത്തിക വിദഗ്ദർ ഒരു ക്യാഷ് ലെസ് ഇക്കോണമിയിലേക്കുള്ള മാറ്റത്തിന്റെ തുടക്കമായിക്കണ്ട് ഇതിനെ അഭിനന്ദിച്ചിരുന്നു. നമ്മുടെ സമ്പദ് രംഗത്തിന്റെ ആധുനീകരണത്തിന്റെ ഭാഗമായാണ് ഈ നീക്കത്തെ എന്നെപ്പോലെ അനേകായിരങ്ങൾ വീക്ഷിച്ചത്. കള്ളപ്പണത്തിനെതിരെ ഭാഗികമായി മാത്രമേ ഫലപ്രദമാവുകയുള്ളൂവെങ്കിലും കള്ളനോട്ടുകൾ ഇതോടെ പൂർണ്ണമായി ഇല്ലാതാകുമെന്നാണ് ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിയമസഭയിൽ നടത്തിയ പ്രസ്താവനയിലും പ്രതീക്ഷ പ്രകടിപ്പിച്ചത്.
അപ്പോഴും അത് സാധാരണക്കാർക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകളേക്കുറിച്ച് എന്റെ പ്രാഥമിക പ്രതികരണത്തിൽത്തന്നെ സൂചിപ്പിച്ചിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകളേയും കവച്ചുവെക്കുന്ന രൂക്ഷമായ പ്രശ്നങ്ങളാണ് ഇപ്പോൾ ഓരോ ദിവസം കഴിയുന്തോറും ജനങ്ങൾക്കുണ്ടാവുന്നത്. സാധാരണക്കാരുടെ സാമ്പത്തിക വിനിമയങ്ങൾ ഏതാണ്ട് പൂർണ്ണമായി സ്തംഭിച്ചിരിക്കുകയാണ്. രാജ്യത്ത് ഒരു സാമ്പത്തിക കലാപമുണ്ടാവുന്ന നിലയിലേക്ക് കാര്യങ്ങൾ അതിവേഗം പരിണമിക്കുകയാണ്. ഇതൊക്കെ വരുത്തിവച്ചത് കേന്ദ്ര സർക്കാരിന്റെ അനവധാനതയോടെയുള്ള തീരുമാനങ്ങളുടെ ഭാഗമായാണെന്നത് കൂടുതൽക്കൂടുതൽ ബോധ്യമാവുന്നു. ആദ്യം പ്രതീക്ഷിച്ചതിൽ നിന്ന് വ്യത്യസ്തമായി ഇങ്ങനെ ഉയർന്നുവരുന്ന പ്രതിസന്ധിയെ മറികടക്കാനുള്ള യാതൊരു മുന്നൊരുക്കങ്ങളും കേന്ദ്ര സർക്കാർ സ്വീകരിച്ചിരുന്നില്ല എന്നതും ഇപ്പോഴാണ് വെളിച്ചത്തുവരുന്നത്. വൻകിടക്കാരെ തൊടാതെയുള്ള ഇപ്പോഴത്തെ നീക്കത്തിന്റെ ഉദ്ദേശ്യശുദ്ധിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. വിദേശ ബാങ്കുകളിലെ കള്ളപ്പണം ഇപ്പോഴും സുരക്ഷിതമാണ്. കേന്ദ്ര ഭരണകക്ഷിയുടെ ചില അടുപ്പക്കാർക്ക് ഈ വിവരങ്ങൾ നേരത്തെതന്നെ ചോർന്ന് കിട്ടി എന്നും അതിനനുസരിച്ചുള്ള ഉപായങ്ങൾ സ്വീകരിക്കാനവർക്ക് അവസരം കിട്ടിയെന്നുമുള്ള ഗുരുതരമായ ആരോപണവും ഉയർന്നുകഴിഞ്ഞു.
ഈ സാഹചര്യത്തിൽ ഇക്കാര്യത്തിലുള്ള എന്റെ ആദ്യ അഭിപ്രായം പുതുക്കേണ്ടി വരികയാണ്. കറൻസികൾ പിൻവലിച്ചതുമൂലം രാജ്യത്തെ സാധാരണ ജനങ്ങൾക്കുണ്ടായിരിക്കുന്ന വലിയ ബുദ്ധിമുട്ടുകൾ പരിഹരിക്കാനുള്ള സത്വര നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്ന് ആവശ്യപ്പെടുന്നു. കള്ളപ്പണത്തിനെതിരെ കൂടുതൽ ഫലപ്രദമായ നടപടികളാണ് സർക്കാർ ജാഗ്രതാപൂർവ്വം ആവിഷ്‌ക്കരിക്കേണ്ടതെന്നും വിശ്വസിക്കുന്നു."