ഇഷ്ടപ്പെട്ടയാളെ ജീവിതത്തിലേക്ക് ക്ഷണിക്കും മുൻപ് ബാലഭാസ്‌ക്കർ അധികമൊന്നും ചിന്തിച്ചില്ല. പട്ടിണി കിടത്തില്ല വയലിൻ ട്യൂഷൻ എടുത്തായാലും നമുക്ക് ജീവിക്കാമെന്ന വാക്കുകൾ ബാലു ലക്ഷ്മിയോട് പറഞ്ഞപ്പോൾ സർവ്വ ലോകത്തിനും ഉടയവനായ ദൈവത്തിന് പോലും കണ്ണ് നിറഞ്ഞിരിക്കാം.

സംഗീതത്തിൽ  വിസ്മയം തീർക്കുന്ന ആ മാന്ത്രിക വിരലുകളിൽ കൈകൾ ചേർത്ത് ജീവിതം എന്ന നീണ്ട സംഗീത ലോകത്തേക്ക് കടന്നപ്പോൾ പാടി മുഴുമിപ്പിക്കാൻ സാധിക്കാത്ത ഒന്നായി അത് മാറുമെന്ന് സ്വപ്‌നത്തിൽ പോലും അവർ കരുതിയിരുന്നതുമില്ല. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ജീവിതത്തിലേക്ക് കടന്നു വന്ന കൺമണിയേ മരണം തട്ടിയെടുത്തന്ന വാർത്ത അറിയാതെ ആ മാലാഖയുടെ അടുത്തേക്ക് തന്നെ അച്ഛനും മടങ്ങി.

പ്രിയതമനും കുഞ്ഞും തന്നെ വിട്ടുപോയി എന്നതറിയാതെ ആശുപത്രിയിൽ കഴിയുന്ന ലക്ഷ്മിയുടെ സ്വപ്‌നങ്ങളിൽ ഇപ്പോൾ നിറയുന്നത് ബാലുവും തേജസ്വിനിയുമാവാം. അവരെ കാണാൻ ആ മനസ് വെമ്പുന്നുണ്ടാവാം. കേരളക്കര ഒരുപോലെ നെഞ്ചു പൊട്ടി കരയുന്ന അവസരത്തിൽ ബാലു ലക്ഷ്മിയെ സ്വന്തമാക്കിയ കഥ ഏവരും കണ്ണീരോടെ കാണുകയാണ്. പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബാലു ഇക്കാര്യം തുറന്ന് പറയുന്നത്.

 ലക്ഷ്മിയെ സ്വന്തമാക്കിയ അനുഭവം തുറന്ന് പറഞ്ഞ ബാലുവിന്റെ വാക്കുകൾ

'ആ ആഴ്ചയിൽ അവളുടെ കല്ല്യാണം നിശ്ചയിക്കാൻ പോകുകയാണ്. എനിക്കുവേറെ ഓപ്ഷനൊന്നുമില്ല. ഞാൻ അവളോടൊന്നും പറഞ്ഞില്ല. ഞാനും ഒരു ട്യൂഷൻ സാറും കൂടി അവളുടെ വീട്ടിൽ പോയി. പെണ്ണ് ചോദിക്കാൻ പോകുകയാ. ''ബാലഭാസ്‌കർ എന്നു പറഞ്ഞ ഏതോ ഒരു സിനിമാക്കാരൻ ഇവളുടെ പുറകേ നടപ്പുണ്ട് എന്നിങ്ങനെ അവർ കേട്ടിരുന്നു. താടിയൊക്കെ വളർത്തി ഏതോ വലിയൊരാള് എന്നൊക്കെയായിരിക്കും അവര് പ്രതീക്ഷിച്ചത്. ഞാനന്ന് ഇതിനേക്കാളും വൃത്തികെട്ട കോലമാണ്.'

'ട്യൂഷൻ സാറിന്റെയടുത്താണ് ഞാൻ ഹെൽപ്പ് ചോദിക്കുന്നത്. വിജയ മോഹൻ സാർ. സാറ് എന്റെ കൂടെ വരാമെന്നു പറയുന്നു. ഞാനും സാറും കൂടെ നേരെ അവളുടെ വീട്ടിലേക്ക് പോണു. പോയിട്ട് സംസാരിച്ചു തുടങ്ങുന്നു. അവളുടെ അച്ഛനുണ്ട്. അച്ഛനോട് സംസാരിക്കുന്നു.'
'സാറ് കാര്യങ്ങൾ സംസാരിച്ചു. കുറച്ചുനാള് കാത്തിരിക്കാം. ജോലിയൊക്കെയായിട്ട് പതുക്കെ മതിയെന്ന് സാറ് പറഞ്ഞു.'വേറെ കല്ല്യാണം തീരുമാനിച്ചു വെച്ചിരിക്കുകയാണ്, ഇതെങ്ങനെ നടത്തിക്കൊടുക്കാൻ പറ്റുമെന്നൊക്കെയായിരുന്നു അവരുടെ പ്രതികരണം.

'എന്റെടുത്ത് ചോദിച്ചു, ഇയാളുടെ പേരെന്താന്ന്. ഇതുതന്നെ ഒരു അവസരം ആക്കിയാലോയെന്ന് ഞാൻ ആലോചിച്ചു. എനിക്ക് ബാലഭാസ്‌കർ എന്നു പറയാൻ പെട്ടെന്നൊരു പേടി. ഞാൻ പറഞ്ഞു, കൃഷ്ണകുമാർ എന്നാണ് പേര്. മലയാളത്തിലാണ് പഠിക്കുന്നത്. ഈ രണ്ട് ആൾക്കാരും എന്റെ ഫ്രണ്ട്സാണ് എന്നും പറഞ്ഞു.'

സമയം കഴിയുന്തോറും പേടിയായിരുന്നു. അവളുടെ അനിയൻ ആ കോളജിലായിരുന്നു പഠിക്കുന്നത്. അവന് എന്നെ അറിയാം. അവൻ എത്തിക്കഴിഞ്ഞാൽ പിന്നെ കൂടുതൽ പ്രശ്നമാകുമോയെന്നായിരുന്നു പേടി.നടക്കില്ലെന്ന് ഏകദേശം മനസിലായപ്പോൾ സാറിനോട് ഞാൻ നമുക്ക് തിരിച്ചുപോകാമെന്ന് പറഞ്ഞു. പക്ഷേ സാറ് വീണ്ടും വീണ്ടും അവരെ നിർബന്ധിക്കുകയാണ്. അവസാനം എങ്ങനെയൊക്കെയോ സാറിനെ അവിടെ നിന്നും വലിച്ചിറക്കി കോളജിലേക്ക് തിരിച്ചെത്തുകയായിരുന്നു.

'ഞാൻ അവിടെയെത്തി ലക്ഷ്മിയെ കണ്ട് കാര്യങ്ങൾ പറഞ്ഞു. നീയിന്ന് തിരിച്ച് വീട്ടിൽ പോകുകയാണെന്നുണ്ടെങ്കിൽ തിരിച്ചിനി കോളജിലെത്താൻ പറ്റില്ല. അതുകൊണ്ട് രണ്ട് ചോയ്സ് ഉണ്ട്. ഒന്നുകിൽ നിനക്ക് വീട്ടിലേക്ക് പോകാം, അല്ലെങ്കിൽ എന്റെ കൂടെ വരാം. എന്റെ കൂടെ വരികയാണെന്നുണ്ടെങ്കിൽ നമുക്ക് ഒരുമിച്ച് ജീവിക്കാൻ ശ്രമിക്കാം. ' അദ്ദേഹം പറയുന്നു.

എല്ലാവരേയും എതിർത്ത് തന്റേടം കാണിക്കാൻ വേണ്ടിയെടുത്ത ഒരു തീരുമാനമായിരുന്നില്ല അതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 'എന്റെ എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കാൻ പറ്റിയ നല്ല ഫ്രണ്ടായിരുന്നു ലക്ഷ്മി.'തുടക്കത്തിൽ വിവാഹത്തിന് ലക്ഷ്മി തയ്യാറായിരുന്നില്ല. കാരണം എനിക്കും അവൾക്കും ജോലിയില്ല. ഡ്രസില്ല. കയ്യിൽ സർട്ടിഫിക്കറ്റൊന്നുമില്ല.

'ഒരുകാര്യം ഞാൻ ഉറപ്പു പറയാം. ഞാൻ പട്ടിണി കിടത്തില്ല. ഒരുപക്ഷേ എല്ലാ കാമുകൻ മാരും പറയുന്ന വാക്കായിരിക്കാം അത്. ഞാൻ ട്യൂഷനെടുത്തെങ്കിലും നമുക്ക് ജീവിക്കാം. ട്യൂഷൻ എന്നു പറഞ്ഞാൽ വയലിൻ.' ആ ഉറപ്പാണ് തങ്ങളുടെ വിവാഹത്തിലെത്തിയതെന്നാണ് ബാലഭാസ്‌കർ പറഞ്ഞത്.

കടപ്പാട് : കൗമുദി