കോഴിക്കോട്: ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയതായിരുന്നു, ഡിവൈഎഫ്ഐ തൃക്കുറ്റശ്ശേരി യൂണിറ്റ് സെക്രട്ടറി ജിഷ്ണു രാജിനു നേരേ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണം. രാത്രി തടഞ്ഞുവെച്ച് ഒന്നര മണിക്കൂർ മർദിക്കുകയും, തോട്ടിൽ തല മുക്കിക്കുകയും, വടിവാൾ പിടിപ്പിച്ച് വീഡിയോ റെക്കോർഡ് ചെയ്യിക്കുകയും ചെയ്ത കേസിൽ ഇപ്പോൾ മുപ്പതോളം പേർ പ്രതികളാണ്. ഇതിൽ ആറുപേരെ പൊലീസ് അറസ്്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ രണ്ടുപേർ ലീഗ് പ്രവർത്തകരും, രണ്ടുപേർ വെൽഫെയർ പാർട്ടിക്കാരും, രണ്ടുപർ സിപിഎം അനുഭാവികളുമാണ്. പൊലീസ് തെരയുന്ന ബാക്കിയുള്ള 24 പേരിൽ ഏറെയും ലീഗ് പ്രവർത്തകർ ആണ്. ഇതിൽ ആകെ 4 പേർ മാത്രമാണ് എസ്ഡിപിഐ പ്രവർത്തകർ ആയി പറയുന്നത്. പക്ഷേ ഇവരാണ് ജിഷ്ണുവിനെ മാരകമായി മർദിച്ചത് എന്നാണ് അറിയുന്നത്.

അങ്ങനെ എസ്ഡിപിഐയുടെ താലിബാൻ മോഡൽ എന്ന പേരിൽ അറിയപ്പെട്ട ആക്രമണം ഇരുട്ടിവെളുത്തപ്പോഴേക്കും ആൾക്കുട്ട ആക്രമണമായി മാറി. ഈ മേഖലയിൽ സ്ഥിരമായി പോസ്റ്ററുകളും ബാനറുകളും കീറുന്നതുകൊണ്ട്, എല്ലാ പാർട്ടിയിലുമുള്ള നാട്ടുകാർ കാവൽ നിൽക്കുകയായിരുന്നെന്നാണ് ഇപ്പോൾ പറഞ്ഞു കേൾക്കുന്നത്. എന്നാൽ പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. ഈ ആക്രമണത്തിൽ എങ്ങനെ ഡിവൈഎഫ്ഐ പ്രവർത്തകർ വന്നു എന്ന് സംഘടനാ നേതാക്കൾക്ക് കൃത്യമായി വിശദീകരിക്കാൻ ആവുന്നില്ല. സംഘടനക്കുള്ളിൽ സുഡാപ്പികൾ നുഴഞ്ഞു കയറിയെന്നത് നേരത്തെ ഉയരുന്ന ആരോപണം ആണ്.

സംഭവത്തിൽ ഡിവൈഎഫ്ഐ അനുഭാവിയായ നജാഫ് ഹാരിസിനെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ നജാഫ് പാർട്ടിയുടെ സജീവ പ്രവർത്തകനല്ലെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. നജാഫ് ഉൾപ്പടെ 6 പേരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ലീഗ് പ്രവർത്തകരായ മുഹമ്മദ് സാലിഹ്, റിയാസ്, സുബൈർ കുരുമ്പടം, വെൽ ഫെയർ പാർട്ടി പ്രവർത്തകൻ ഇജാസ്, സി പി എം അനുഭാവി ഷാലിദ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ഫ്ളക്സുകൾ നശിപ്പിച്ചു എന്നാരോപിച്ച് നജാഫ് നേരത്തെ തന്നെ ജിഷ്ണുവിനെതിരേ പരാതി നൽകിയിരുന്നു. ജിഷ്ണു രാജിനെ പൊലീസിന് കൈമാറുന്ന സമയത്ത് മൊഴി നൽകിയതും നജാഫായിരുന്നു. പ്രദേശത്തുള്ള കൊടി തോരണങ്ങളും ഫ്ലക്സുകളും നശിപ്പിക്കുന്നത് ജിഷ്ണു രാജ് ആണെന്ന രീതിയിലായിരുന്നു മൊഴി നൽകിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് ജിഷ്ണു രാജിനെതിരെ കേസെടുത്തത്. പിന്നീട് ആൾക്കൂട്ട മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് 30 പേർക്കെതിരെ കേസെടുക്കുകയായിരുന്നു.

ഒന്നരമണിക്കൂറോളം മർദനത്തിനിരയായ ജിഷ്ണുരാജിനെ പൊലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. വധശ്രമം, പട്ടികജാതിക്കാർക്കെതിരായ അതിക്രമം, ജാതിപ്പേരുവിളിച്ച് അധിക്ഷേപം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ബാലുശ്ശേരി പൊലീസ് കേസെടുത്തത്. എസ്.ഡി.പി.ഐ, ലീഗ് പ്രവർത്തകരാണ് മർദനത്തിന് പിന്നിൽ എന്നായിരുന്നു ജിഷ്ണു രാജ് നേരത്തെ വ്യക്തമാക്കിയിരിക്കുന്നത്.

ജിഷ്ണുവിനെ ആക്രമിച്ചത് ലീഗ് - എസ്ഡിപിഐ പ്രവർത്തകരാണെന്ന ശക്തമായ പ്രചാരണം ഡിെൈവഎഫ്ഐ നടത്തുന്നതിനിടെയാണ് സ്വന്തം പ്രവർത്തകൻ അറസ്റ്റിലായത്. ഇതോടെ പ്രതിരോധത്തിലായ ഡിവൈഎഫ്ഐ അറസ്റ്റിലായ നജാഫ് ഫാരിസിന് സംഘടനയുമായി ഒരു ബന്ധവുമില്ലെന്ന് പരസ്യനിലപാട് എടുത്തു. നജാഫ് ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകൻ അല്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് വ്യക്തമാക്കി. മൊഴി കൊടുത്ത സാഹചര്യം പരിശോധിക്കും. ആൾക്കൂട്ട ആക്രമണമല്ല ബോധപൂർവം ആളുകളെ വിളിച്ചു കൂട്ടിയുള്ള കലാപം ആയിരുന്നു നടന്നതെന്നും വസീഫ് പ്രതികരിച്ചു.

രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിച്ചുവെന്നും എഫ്ഐആറിലുണ്ട്. ബാലുശ്ശേരിക്കടുത്ത് പാലൊളിമുക്കിലാണ് ആക്രമണം നടന്നത്. തന്റെ പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ സംഘം തടഞ്ഞു നിർത്തി. ഫ്ളക്സ് ബോർഡ് നശിപ്പിക്കാൻ വന്നതാണെന്നും പാർട്ടി നേതാക്കൾ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തിൽ കത്തിവച്ച് പറയിച്ച് വീഡിയോയും ചിത്രീകരിച്ചു. രണ്ട് മണിക്കൂർ നേരത്തെ ക്രൂരമർദ്ദനത്തിന് ശേഷമാണ് ആൾക്കൂട്ടം ജിഷ്ണുവിനെ പൊലീസിന് കൈമാറിയത്. രണ്ട് മണിക്കൂറോളമാണ് സംഘം ജിഷ്ണുവിനെ വളഞ്ഞിട്ട് മർദിച്ചവശനാക്കിയത്. മുഖത്തും കണ്ണിനും സാരമായി പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.