ദുബായ്: ഇന്ത്യക്കാരനായ ബൽവിന്ദർ സാഹ്നിയെന്ന പ്രവാസി വ്യവസായിക്ക് നമ്പരുകൾ ഒരു വീക്ക്‌നെസാണ്. മുമ്പ് തന്റെ തന്റെ റോൾസ് റോയ്‌സ് കാറിനു ഇഷ്ട നമ്പർ കരസ്ഥമാക്കാൻ 60 കോടി വാരിയെറിഞ്ഞ ദുബായിലെ ഇന്ത്യൻ വംശജനായ ബിസിനസ്സുകാരനാണ് ഇപ്പോൾ ഫാൻസി മൊബൈൽ നമ്പർ സ്വന്തമാക്കാനും പണം നോക്കാതെ രംഗത്തിറങ്ങിയത്. അങ്ങനെ 058-8888888 എന്ന നമ്പർ എട്ടുകോടി പത്തുലക്ഷം രൂപയോളം ചെലവിട്ടാണ് നേടിയത്.

പക്ഷേ, ഈ നമ്പർ നേടി ഫോൺ കയ്യിലെടുത്തപ്പോഴേ കോളുകൾ വന്നുതുടങ്ങി. ഫാൻസി നമ്പർ നേടിയ ആളെ അഭിനന്ദിക്കാനാണ് വിളികളിൽ ഭൂരിഭാഗവും. മണിക്കൂറുകൾക്കകം ആയിരക്കണക്കിന് കോളുകൾ വന്നതോടെ കാര്യം പുലിവാലായെന്ന നിലയിലായി സാഹ്നി. ഇനി തന്റെ നമ്പർ ആരിൽ നിന്നും ഒളിച്ചുവയ്ക്കാനാവില്ലെന്നും ഇത് സ്വകാര്യ ആവശ്യത്തിന് പറ്റില്ലെന്നുമായി വ്യവസായി.

പക്ഷേ, അതുകൊണ്ടു നിരാശയൊന്നുമില്ല ഈ ഇന്ത്യൻ വ്യവസായിക്ക്. താൻ ഇങ്ങനെ ചെലവിടുന്ന പണം ദുബായ് സർക്കാർ ചാരിറ്റി പ്രവർത്തനങ്ങൾക്കായിയാണ് ഉപയോഗിക്കുന്നതെന്നും അതു വഴി തനിക്കും ചാരിറ്റിയിൽ പങ്കെടുക്കാൻ സാധിക്കുന്നു എന്നതുമാണ് അദ്ദേഹത്തിന് സന്തോഷം  പകരുന്നത്.

ഇത്തരത്തിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടാൻ പണം ചെലവഴിക്കാൻ ഒരു മടിയുമില്ലെന്നും സാഹ്നി പറഞ്ഞു. മുൻപ് റെക്കോർഡ് തുകയ്ക്ക് ഡി 5 എന്ന നമ്പർ പ്ലേറ്റ് സ്വന്തമാക്കിയത് ഏതാണ്ട് അറുപതു കോടിയിലേറെ രൂപയോളം ചെലവിട്ടായിരുന്നു. ദുബായ് റീജയണൽ ട്രാൻസ്‌പോർട്ട് തോറിറ്റി ഡി5 നമ്പർ ലേലത്തിന് വച്ചപ്പോഴായിരുന്നു ഇത്.

വൻ വ്യവസായ ശൃംഖലയായ ആർഎസ്ജി ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ഉടമയാണ് സാഹ്നി. അടുപ്പക്കാർക്കിടയിൽ അബു സബയെന്നാണ് വിളിപ്പേര്. യുഎഇയിലും കുവൈറ്റ്, ഇന്ത്യ എന്നിവിടങ്ങളിലുമായി ബിസിനസ് ഉള്ള വലിയൊരു പ്രോപ്പർട്ടി മാനേജ്‌മെന്റ് കമ്പനിയാണ് ആർഎസ്ജി. ഇതിന് മുമ്പ് 2015ലും 09 എന്ന നമ്പർ പ്‌ളേറ്റ് നാൽപതു കോടി മുടക്കി സാഹ്നി നേടിയിരുന്നു.

നമ്പർ പ്‌ളേറ്റുകളോട് വലിയ ക്രേസ് ഉള്ള സാഹ്നി ഇതുവരെ ഇത്തരത്തിൽ പത്ത് നമ്പർ പ്‌ളേറ്റുകൾ വൻ വിലകൊടുത്ത് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ.