ഡബ്ലിൻ: ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറായ യുപിസി ചൈൽഡ് സെക്‌സ് അബ്യൂസ് മെറ്റീരിയലുകൾ അടങ്ങിയ വെബ്‌സൈറ്റുകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നു. രാജ്യത്ത് ഈ നടപടി സ്വീകരിക്കുന്ന ആദ്യ ബ്രോഡ്ബാന്റ് കമ്പനിയാണ് യുപിസി. യുപിസിയും ഗാർഡ സിയോചനയും ഇത് സംബന്ധിച്ച കരാറിലെത്തിക്കഴിഞ്ഞു.  ഇതുപ്രകാരം ഗാർഡ നൽകിയ ഒരു ലിസ്റ്റ് അടിസ്ഥാനമാക്കിയുള്ള ചൈൽഡ് അബ്യൂസ് മെറ്റീരിയലുകൾ അടങ്ങിയ ഡൊമൈനുകളോ യുആർഎല്ലുകളോ ആക്‌സസ് ചെയ്യുന്നതിനാണ് നിരോധനമേർപ്പെടുത്തുന്നത്.

മനപ്പൂർവമോ അല്ലാതെയോ ഇത്തരം വെബ്‌സൈറ്റുകൾ യൂസർമാർ സന്ദർശിക്കാനൊരുങ്ങുമ്പോൾ  അവരുടെ ഇന്റർനെറ്റ് ആക്‌സസ് ഇതിനെ വിലക്കുകയും ഒരു അഡൈ്വസർ മെസേജ് പ്രത്യക്ഷപ്പെടുകയുമാണ് ചെയ്യുന്നത്. എന്തു കൊണ്ടാണ് ഈ വെബ്‌സൈറ്റ് കാണുന്നത് വിലക്കിയിരിക്കുന്നതെന്ന് ഈ അഡൈ്വസർ മെസേജിൽ വ്യക്തമാക്കിയിരിക്കും. യുകെ, ഓസ്‌ട്രേലിയ, നോർവേ, സ്വീഡൻ, ഡെന്മാർക്ക്, സ്വിറ്റ്‌സർലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരം നിയന്ത്രണങ്ങൾ നിലവിലുണ്ട്.

ഇത്തരം സൈറ്റുകൾ വിലക്കുന്നതുമായി ബന്ധപ്പെട്ട് അയർലണ്ടിലെ മറ്റ് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരുമായി ചർച്ചകൾ നടത്തുകയാണെന്നാണ് ഇടക്കാല ഗാർഡ കമ്മീഷണറായ നോയിറിൻ ഓ സുള്ളിവൻ പറയുന്നു. യുപിസിയുമായി ഇപ്പോഴുണ്ടാക്കിയ കരാർ പ്രകാരം നിലവിൽ വരുന്ന വിലക്കിലൂടെ ചൈൽഡ് സെക്‌സുമായി ബന്ധപ്പെട്ട  സൈറ്റുകൾ ലഭ്യമാക്കുന്നതിനെ പ്രതിരോധിക്കാനാകുമെന്നും അവർ പറയുന്നു. മാസങ്ങൾ നീണ്ട ചർച്ചകളിലൂടെയാണ് ഈ നടപടി ഇപ്പോൾ യാഥാർത്ഥ്യമാക്കാനായാതെന്നും അവർ കൂട്ടിച്ചേർത്തു.
ഇതൊരു ശ്രദ്ധേയമായ നേട്ടമാണെന്നാണ്  മിനിസ്റ്റർ ഫോർ ജസ്റ്റിസായ ഫ്രാൻസെസ് ഫിറ്റ്‌സ്‌ഗെറാൾഡ് പറഞ്ഞത്. ഇത് യാഥാർത്ഥ്യമാക്കിയ ഗാർഡ, യുപിസി എന്നിവയെ മിനിസ്റ്റർ  അഭിനന്ദിക്കുകയും ചെയ്തു. ലോ എൻഫോഴ്‌സ്‌മെന്റിന്റെ  സഹകരണത്തോടെ നടപ്പാക്കുകയും ഇന്ന് നിലവിൽ വരികയും ചെയ്യുന്ന ഈ പരിഷ്‌കാരം ചൈൽഡ് സെക്‌സുമായി ബന്ധപ്പെട്ടുള്ള മെറ്റീരിയലുകൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നത് കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു.