ചെന്നൈ: പാട്യാലയിൽ നടന്ന ദേശീയ കാമ്പിൽ പങ്കെടുക്കാതിരുന്നതിനെ തുടർന്ന് മൂന്ന് മലയാളി താരങ്ങളെ വിലക്കാൻ ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ തീരുമാനിച്ചു. ദേശീയ ഗെയിംസ് സ്വർണ മെഡൽ ജേതാക്കളായ അനിൽഡ തോമസ്, അനു രാഘവൻ എന്നിവരേയും കേരളാ പൊലീസിന്റെ താരമായ അഞ്ജു തോമസിനുമാണ് വിലക്കേർപ്പെടുത്തുക.

ക്യാമ്പിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കുന്നതെന്ന് കായികതാരങ്ങളെ അത്‌ലറ്റിക് ഫെഡറേഷൻ അറിയിച്ചിട്ടുണ്ട്. അതേസമയം, പഠന തടസപ്പെടുമെന്നതിനാൽ ക്യാമ്പിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി താരങ്ങൾ ഫെഡറേഷന് കത്തു നൽകിയിരുന്നു എന്നാണ് സായി അധികൃതരുടെ വിശദീകരണം. അനു ബിരുദാനന്തര ബിരുദ വിദ്യാർത്ഥനിയും അനിൽഡ അവസാന സെമസ്റ്റർ ബിരുദ വിദ്യാർത്ഥിനിയുമാണ്. എന്നാൽ ഇത് മുഖവിലയ്ക്ക് എടുക്കാൻ അസോസിയേൻ തയ്യാറായിട്ടില്ല

ദേശീയ ക്യാമ്പിൽ പങ്കെടുക്കാത്തതിനെ തുടർന്ന് വിശദീകരണം ആരാഞ്ഞ് മൂന്നു പേർക്കും പെഡറേഷൻ ഈ മാസം 24ന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മൂന്ന് ദിവസത്തിനകം ക്യാമ്പിൽ പങ്കെടുക്കാൻ എത്താനും നിർദ്ദേശിച്ചിരുന്നു. എന്നാൽ മൂവരും എത്തിയില്ല. തുടർന്ന് ദേശീയ ക്യാമ്പിനുള്ള പട്ടികയിൽ നിന്ന് മൂവരേയും ഒഴിവാക്കിയതെന്നാണ് അവരുടെ വിശദീകരണം.

ദേശീയ ഗെയിംസിൽ വനിതകളുടെ 400 മീറ്ററിൽ ജേതാവാണ് അനിൽഡ തോമസ്. 400 മീറ്റർ ഹർഡിൽസിൽ നിലവിലെ ദേശീയ ചാന്പ്യനാണ് അനു രാഘവൻ. കേരളാ സർക്കാരിന്റെ എലൈറ്റ് സ്‌കീമിനു കീഴിൽ തിരുവനന്തപുരം സായിയിൽ പരിശീലനം നടത്തി വരികയാണ് ഇരുവരും. പാട്യാല ക്യാന്പിലെ പരിശീലനത്തിൽ മൂവരും തൃപ്തരല്ലെന്നും റിപ്പോർട്ടുണ്ട്. കാലാവസ്ഥയാണ് പ്രധാന പ്രശ്‌നം.

പാട്യാലയിലെ വിദേശ കോച്ച് യുറി ഒഗൊറോഡ്‌നികിന് കീഴിൽ പരിശീലനം നടത്താൻ ഇവർക്ക് ആഗ്രഹമില്ല. കേരളത്തിലെ കോച്ചിന് കീഴിലാണ് മൂവരും നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുള്ളതെന്നും കേരള അത്‌ലറ്റിക് അസോസിയേഷൻ പറയുന്നു.